നേപ്പാളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: 60 മരണം; 41 പേരെ കാണാതായി

Posted on: July 13, 2020 4:14 pm | Last updated: July 13, 2020 at 4:14 pm

കാഠ്മണ്ഡു| നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 60 പേർ മരിച്ചു. 41പേരെ കാണാതായി. പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയിലാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇവിടെ മാത്രം 27 പേരാണ് മരിച്ചത്. പോലീസിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.

മണ്ണിടിച്ചിലിൽ വീടുകൾ നഷ്ടപ്പെട്ടവരെ പ്രാദേശിക സ്‌കൂളിലേക്കും കമ്മ്യൂണിറ്റി സെന്ററുകളിലേക്കും മാറ്റിപാർപ്പിച്ചിട്ടുണ്ട്. മണ്ണിടിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആയിരത്തോളം പേരെ മാറ്റിപാർപ്പിച്ചു. ആദ്യ ഘട്ടത്തിൽ 30-35 മണിക്കൂർ സമയമെടുത്താണ് പരുക്കേറ്റവരെ രക്ഷപ്പെടുത്തിയത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രദേശവാസി പറഞ്ഞു. മിയാഗ്ദിയിലെ രണ്ട് ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയിട്ടുണ്ട്.

ഹിമാലയൻ രാജ്യമായ നേപ്പാളിൽ മൺസൂൺ കാലത്ത് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. എന്നാൽ ആഗോള മഹാമാരിക്കിടെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ സ്ഥിതി രൂക്ഷമാക്കുകയാണ്.