Connect with us

Gulf

സഊദിയില്‍ ബി സി ഒന്നാം നൂറ്റാണ്ടിലെ ശിലാ രൂപം കണ്ടെത്തി

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ റിയാദ് നഗരത്തില്‍ നിന്നും 700 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അല്‍ ഫാവ് ഗ്രാമത്തില്‍ നിന്ന് ബി സി ഒന്നാം നൂറ്റാണ്ടില്‍ ചുണ്ണാമ്പുകല്ലില്‍ കൊത്തിയ ശിലാരൂപം കണ്ടെത്തി. ശിലാ രൂപത്തിന് 44 സെന്റി മീറ്റര്‍ ഉയരവും 67 സെന്റി മീറ്റര്‍ വീതിയുമുണ്ട്. സബിയന്‍ ഭാഷാ ലിഖിതങ്ങളാണ് ശിലാ ഫലകത്തില്‍ കൊത്തിവെച്ചിരിക്കുന്നത്.

അല്‍ ഫാവോ ആര്‍ക്കിയോളജിക്കല്‍ ഗ്രാമം രാജ്യത്തെ ഏറ്റവും വലുതും പ്രസിദ്ധവുമാണ്. പുരാതന കാലത്തെ പ്രധാന വാണിജ്യ കേന്ദ്രവുമായിരുന്നു ഈ പ്രദേശം. ഒന്നാം നൂറ്റാണ്ട് മുതല്‍ എ ഡി നാലാം നൂറ്റാണ്ട് വരെ അഞ്ച് നൂറ്റാണ്ടിലധികം അറേബ്യന്‍ ഉപദ്വീപിന്റെ ചരിത്രത്തില്‍ നിര്‍ണായക പങ്കുവഹിച്ച കിന്‍ഡാ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അല്‍ ഫാവ് ഗ്രാമം. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ജീവിത മാര്‍ഗം കൃഷിയും വ്യാപാരവുമായിരുന്നു. നേരത്തെ ഈ പ്രദേശങ്ങളില്‍ നിന്നും ഖനനം നടത്തിയ ശിലാവസ്തുക്കള്‍ കിംഗ് സഊദ് യൂനിവേഴ്‌സിറ്റിയിലെ മ്യൂസിയം ഓഫ് ആര്‍ക്കിയോളജിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

1972 മുതലാണ് ഈ പ്രദേശങ്ങളില്‍ ഉത്ഖനന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നിലവില്‍ ഈ പ്രദേശം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ചു വരികയാണ്. പ്രദേശത്തെ ചരിത്ര സ്മാരകമായി മാറ്റുന്നതിലൂടെ നിരവധി സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് പുനരധിവാസ പദ്ധതി ലക്ഷ്യമിടുന്നത്.