Covid19
സമരം നടത്തുന്നവര്‍ നാടിന്റെ അവസ്ഥ കാണണം: മുഖ്യമന്ത്രി

തിരുവനന്തപുരം | സമരങ്ങള്‍ നടത്തുന്നവര്‍ നമ്മുടെ നാടിന്റെ അവസ്ഥ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം ചെയ്യാനുള്ള ആരുടേയും അവകാശം നിഷേധിക്കുന്നില്ല. എന്നാല്‍ സുരക്ഷാ മുന്‍കരുതല്‍ ഇല്ലാത്ത സമരങ്ങള്‍ അനുവദിക്കാനാകില്ല. ഒരു മഹാമാരി നമ്മളെ ആക്രമിക്കാന്‍ നില്‍ക്കുകയാണ്. നമ്മളേക്കാള്‍ നല്ല ആരോഗ്യ സൗകര്യമുള്ള വികസിത രാജ്യങ്ങളില്‍ കൊവിഡ് മൂലം സംഭവിച്ചത് നാം കണ്ടതാണ്. സമൂഹ വ്യാപനം സംഭവിച്ചാല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ സ്ഥലം തികയാതെ വരും. ആര്‍ക്കാണ് വെന്റിലേറ്റര്‍ കൊടുക്കുക എന്നത് ഡോക്ടര്‍മാര്‍ക്ക് പോലും തീരുമാനിക്കാന്‍ പറ്റാതെ വരും. ആശുപത്രികള്‍ രോഗത്തിന്റെ ഭാഗമാകുന്നതോടെ ഡോക്ടര്‍മാര്‍ക്കും രോഗം ബാധിക്കും. മരണങ്ങള്‍ സംഭവിക്കും. ഡോക്ടര്‍മാര്‍ക്ക് ചികിത്സിക്കാന്‍ പറ്റാതെ വരും. മര്യാദക്ക് മൃതദേഹം മറവ് ചെയ്യാന്‍ പോലും കഴിയാതെ മറ്റ് വികസിത രാജ്യങ്ങളില്‍ വന്നത് നമ്മള്‍ കണ്ടതാണ്. നമ്മള്‍ക്ക് അവരേക്കാള്‍ പ്രത്യേകത ഒന്നുമില്ല. ഇത് ല്ലാവരും ഓര്‍ക്കണം.
നമ്മുടെ നാട്ടില്‍ മരണം വ്യാപിക്കണം എന്നാണ് ചിലര്‍ കരുതുന്നത്. സുനാമി വന്നപ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായാണ് നേരിട്ടത്. അന്നത്തെ പ്രതിപക്ഷം മനുഷിക മൂല്ല്യങ്ങള്‍ക്കാണ് വില കല്‍പ്പിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.