National
വികാസ് ദുബെയുടെ സഹായി മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മുംബൈ | ഇന്നലെ കൊല്ലപ്പെട്ട കൊടുംകുറ്റവാളി വികാസ് ദുബെയുടെ സഹായി മഹാരാഷ്ട്രയിൽ അറസ്റ്റിൽ. എട്ട് പോലീസുകാർ ക്രൂരമായി കൊല്ലപ്പെട്ട കാൺപൂർ ഏറ്റുമുട്ടലിൽ പ്രധാന പങ്ക് വഹിച്ചയാളായ അരവിന്ദ് ഗുദ്ദാൻ ത്രിവേദിയാണ് അറസ്റ്റിലായത്.
സൂചന ലഭിച്ചതിനെ തുടർന്ന് ജുഹു എ ടി എസ് താനെ പ്രദേശത്തെ ഒളിത്താവളത്തിൽ നടത്തിയ തിരച്ചിലിലാണ് ത്രിവേദിയും ഡ്രൈവർ സോനു തിവാരിയും പിടിയിലാകുന്നത്. 2001ൽ യു പി മന്ത്രി സന്തോഷ് ശുക്ലെയെ പോലീസ് സ്‌റ്റേഷനിൽ വെച്ച് കൊലപ്പെടുത്തിയതുൾപ്പെടെ വികാസ് ദുബെക്കൊപ്പം നിരവധി ക്രിമിനൽ കേസുകളിൽ പങ്കാളിയാണ് ഇയാളെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നവർക്ക് യു പി സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഈ മാസം മൂന്നിന് കാൺപൂർ ഏറ്റുമുട്ടൽ നടന്ന് ഒരാഴ്ചക്കുള്ളിൽ വികാസ് ദുബെ ഉൾപ്പെടെ ആറ് ക്രിമിനലുകളാണ് യു പിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.