നാട്ടിൽ കുടുങ്ങിയ യു എ ഇ താമസ വിസക്കാർക്ക് വൻ ഇളവ്; വിസ കാലഹരണപ്പെട്ടവർക്കു പുതുക്കാൻ ഒരു മാസം സമയം

Posted on: July 11, 2020 2:43 pm | Last updated: July 11, 2020 at 2:43 pm

ദുബൈ | വിസ, ഐഡി കാർഡ് സംബന്ധിച്ച നിയമങ്ങൾ യു എ ഇ മന്ത്രിസഭ ഭേദഗതി ചെയ്തു. കൊവിഡ് കാരണം വിദേശത്തു കുടുങ്ങിയ യു എ ഇ താമസവിസക്കാർക്ക് നിശ്ചിത കാലത്തേക്ക് പിഴയില്ലാതെ തിരിച്ചെത്താൻ ഉതകുന്ന നിയമവും ഇതിൽ ഉൾപെടും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയാണ് നിയമങ്ങൾ ഭേദഗതി ചെയ്തത്.

അതേസമയം മറ്റെല്ലാ സേവനങ്ങൾക്കും ഇന്ന് (ശനി) മുതൽ സേവന ഫീസും പിഴയും പുനഃരാരംഭിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിക്ക് നിർദേശം നൽകി. ദേശീയതലത്തിൽ അടുത്തിടെ ഐ സി എ പുറപ്പെടുവിച്ച തീരുമാനങ്ങളിൽ നിരവധി ഭേദഗതികൾ മന്ത്രിസഭ വരുത്തിയിട്ടുണ്ട്. വിവിധ മേഖലകൾ സാധാരണ നിലയിലായതും ബിസിനസ് തുടർച്ച ഉണ്ടായതുമായ പശ്ചാതലത്തിലാണ് മാറ്റങ്ങൾ.

‘പ്രവാസികളുടെ താമസ വിസ, എൻട്രി പെർമിറ്റ്, ഐഡി കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പുതിയ തീരുമാനങ്ങളും ജൂലൈ 11ന് പ്രാബല്യത്തിൽ വരും. സേവനങ്ങൾ നൽകുന്നതിനുള്ള ഫീസ് ശേഖരിക്കാൻ ആരംഭിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിനെ (ഐ സി എ) ചുമതലപ്പെടുത്തി.

ഇതോടൊപ്പം, സ്വദേശികൾക്കും ജി സി സി പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും രേഖകൾ പുതുക്കുന്നതിന് മൂന്ന് മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
തിരിച്ചെത്തുന്നവർക്ക്, രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ ഒരു മാസത്തെ ഗ്രേസ് പിരീഡ് അനുവദിക്കും. രാജ്യത്തിന് പുറത്ത് ആറുമാസത്തിൽ കൂടുതൽ ചെലവഴിച്ചവർക്കും ഈ ആനുകൂല്യം ഉണ്ടാകും.

രാജ്യത്തിന് പുറത്ത് താമസിക്കുന്നവർ, 2020 മാർച്ച് ഒന്നിന് ശേഷം താമസ വിസ കാലഹരണപ്പെട്ടവരോ അല്ലെങ്കിൽ രാജ്യത്തിന് പുറത്ത് ആറുമാസം കവിയുന്നവരോ ആയ ആളുകൾക്ക് രാജ്യത്തേക്ക് മടങ്ങുന്നതിന് ഗ്രേസ്പിരീഡ് ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമാതിർത്തി തുറക്കുന്ന കാലയളവ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് കണക്കിലെടുക്കണം.

നിശ്ചിത സമയപരിധി അവസാനിച്ചതിന് ശേഷം ആണെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ഫീസോ പിഴയോ ശേഖരിക്കും. ഒഴിവാക്കൽ കാലയളവിൽ പിഴയൊന്നും ഈടാക്കില്ല. ജൂലൈ 12 മുതൽ അതോറിറ്റി നൽകുന്ന മറ്റെല്ലാ സേവനങ്ങളിലും അഡ്മിനിസ്‌ട്രേറ്റീവ് ഫീസും പിഴയും വീണ്ടും സജീവമാക്കും, മന്ത്രിസഭ അറിയിച്ചു.
(സ്വന്തം ലേഖകൻ)