സിലബസില്‍ നിന്ന് ‘ഭാരം’ കുറക്കുമ്പോള്‍

Posted on: July 11, 2020 5:00 am | Last updated: July 11, 2020 at 11:26 am

‘‘ഇതുവരെ ഇന്ത്യ ഒരു മതേതര രാജ്യമാണ്. മതേതര രാജ്യമായി ഇതേ നിലയില്‍ എത്രനാള്‍ തുടരുമെന്ന് ഞങ്ങള്‍ക്ക് പറയാനാകില്ല. സിവില്‍ നിയമത്തില്‍ നിന്ന് മതത്തെ തൂത്തുവാരിയെറിയണം. അത്യാവശ്യമാണത്. ഇതിനകം നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.” ഒരു വിധിപ്രസ്താവത്തിനിടെ, സമീപ കാലത്ത് പരമോന്നത നീതിപീഠത്തിന് ഓര്‍മിപ്പിക്കാനുണ്ടായിരുന്നത് ഇതാണ്. “സെക്യുലറിസം’ എന്നത് വര്‍ത്തമാനകാല രാഷ്ട്രീയാന്തരീക്ഷത്തില്‍ അശ്ലീലകരമായ ഒരു പദമായി മാറിയിട്ടുണ്ട്. 2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെ, മതേതരത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. കുറച്ചുകാലം മുമ്പുവരെ സെക്യുലറിസം പുനര്‍ നിര്‍വചിക്കേണ്ടതുണ്ടെന്ന് ചിലരൊക്കെ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആരുടെ നാവില്‍ നിന്നും മതേതരത്വത്തെ കുറിച്ച് കേള്‍ക്കാറില്ല. ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന, വി ഡി സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും സ്വപ്‌നം കണ്ട, ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ദ്രുതഗതിയിലുള്ള പ്രയാണത്തിനിടയില്‍ മതേതരത്വ മൂല്യശോഷണത്തെ കുറിച്ചുള്ള ഏത് ഉത്കണ്ഠയും ന്യൂനപക്ഷത്തിന്റെയോ ഇടതു ചിന്താഗതിക്കാരുടെയോ വര്‍ഗീയവിരുദ്ധരുടെയോ “അനാവശ്യമായ ആകുലതയായി’ മാധ്യമങ്ങള്‍ക്ക് പോലും തോന്നിത്തുടങ്ങിയതാണ് കാരണം. രാജ്യത്തിന്റെ ജനാധിപത്യ, മതേതരത്വ അടിത്തറയെ കുറിച്ച് സംസാരിക്കുന്നത് പോലും കാലഹരണപ്പെട്ട വിചാരഗതിയുടെ ഭാഗമായി വിലയിരുത്തപ്പെടുന്ന ഈ ദശാസന്ധിയില്‍, സെക്യുലറിസത്തെ കുറിച്ച് വരും തലമുറയെ പഠിപ്പിക്കേണ്ടത് പോലുമില്ല എന്ന് ഭരണകൂടം തീരുമാനിക്കുമ്പോള്‍ അത് നിരുപദ്രവകരമായ ഒരു നീക്കമായി വിലയിരുത്തുന്നത് ആത്മവഞ്ചനയായേ കാണാനാകൂ. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി ബി എസ് ഇ) പാഠ്യപദ്ധതിയില്‍ നിന്ന് ഈ അക്കാദമിക വര്‍ഷം 30 ശതമാനം ഭാരം കുറക്കാന്‍ സെക്യുലറിസം, നാഷനലിസം, ഫെഡറലിസം, പൗരത്വം തുടങ്ങിയവ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ വെട്ടിമാറ്റാന്‍ കേന്ദ്ര മാനവ വിഭവ മന്ത്രാലയം എടുത്ത തീരുമാനം സദുദ്ദേശ്യത്തോടെയാണെന്ന് കരുതുന്നത് രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള മതിയായ ധാരണ ഇല്ലാത്തത് കൊണ്ട് മാത്രമായിരിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍, അധ്യയന ദിനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ ഇന്ത്യ എന്ന ആശയത്തെ തന്നെ പ്രഫുല്ലമാക്കുന്ന ചിന്താപദ്ധതികളെ ചവറ്റുകൊട്ടയിലേക്ക് തള്ളുന്നത് കൃത്യമായ രാഷ്ട്രീയ അജന്‍ഡ മുന്നില്‍ വെച്ചാണെന്ന് കാണാന്‍ ഭരണവര്‍ഗത്തിന്റെ പ്രത്യയശാസ്ത്ര ഭൂമികയെ കുറിച്ചുള്ള കേവല ധാരണ ധാരാളം. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നത് വരെ 2020-21 അക്കാദമിക വര്‍ഷത്തേക്ക് മാത്രമുള്ള ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന് മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാംഗ് പറയുമ്പോള്‍ നമ്മള്‍ അതപ്പടി വിഴുങ്ങണമത്രെ. സിലബസ് വെട്ടിച്ചുരുക്കുന്നതിനെ കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ 1,500ലേറെ വിദ്യാഭ്യാസ വിചക്ഷണന്മാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അവരോട് കൃതജ്ഞതയുണ്ടെന്നുമാണ് മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍, സംഘ്പരിവാര്‍ വിചാരധാരയുടെ വ്യക്തമായ മിന്നലാട്ടം ഈ പാഠ്യപദ്ധതി അട്ടിമറിയിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്താനാകും.

ആര്‍ എസ് എസിന് അങ്ങേയറ്റത്തെ ചതുര്‍ഥിയുള്ള പദമാണ് സെക്യുലറിസം എന്നത്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പ്പത്തെ നിരാകരിക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സെക്യുലറിസം. രാജ്യത്തിന് പ്രത്യേകിച്ച് ഒരു മതത്തോടും വിധേയത്വമോ ആഭിമുഖ്യമോ ഇല്ലാതെ, എല്ലാ ജാതി, മത വിഭാഗങ്ങളെയും ഒരേ കണ്ണോടെ നോക്കിക്കാണുകയും പൗരസമത്വത്തിന്റെ ഉദാത്ത സങ്കല്‍പ്പങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പാരസ്പര്യത്തിന്റെ സംസ്‌കൃതിയെയാണ് ആധുനിക ഇന്ത്യ മതനിരപേക്ഷതയിലൂടെ കിനാവ് കണ്ടത്. ഭരണഘടനയിലുടനീളം, വിശിഷ്യാ മൗലികാവകാശങ്ങളെ അണിനിരത്തുന്ന ഭാഗത്ത്, നേര്‍ത്ത സ്വര്‍ണ അരഞ്ഞാണ്‍ പോലെ സെക്യുലര്‍ വിചാരഗതി രാഷ്ട്ര ഗാത്രത്തിലും ചിന്തയിലും പറ്റിപ്പിടിച്ചു കിടക്കുന്നുണ്ട്. ഗാന്ധിജിയും നെഹ്‌റുവും അബുല്‍ കലാം ആസാദും രാജാജിയും അംബേദ്ക്കറുമൊക്കെ നെഞ്ചേറ്റി നടന്ന ആ മൂല്യവിചാരത്തെ നഖശിഖാന്തം എതിര്‍ത്തവരാണ് ആര്‍ എസ് എസുകാര്‍. മതനിരപേക്ഷ ചിന്തക്ക് സമാന്തരമായി വര്‍ഗീയ, വിദ്വേഷ ചിന്തകള്‍ വളര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ സര്‍സംഘ്ചാലക് ഗോള്‍വാള്‍ക്കര്‍ 1947 ഡിസംബറില്‍ തുറന്നു പറഞ്ഞു; “ഭൂമുഖത്തെ ഒരുശക്തിക്കും മുസ്‌ലിംകളെ ഹിന്ദുസ്ഥാനില്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. അവര്‍ രാജ്യം വിട്ടുപോകണം.” ആ ആക്രോശമാണ് മുസ്‌ലിംകളോട് പാക്കിസ്ഥാനിലേക്ക് പോകൂ എന്ന ആജ്ഞയിലൂടെ ഇന്നും ആവര്‍ത്തിക്കപ്പെടുന്നത്. വര്‍ഗീയതയും സങ്കുചിതത്വവും വാഴുന്ന ഈ കെട്ടകാലത്ത് രാജ്യം രാഷ്ട്ര ശില്‍പ്പികളുടെ സ്വപ്‌നങ്ങള്‍ക്കൊത്ത് ജീവിക്കണമെങ്കില്‍ വരുംതലമുറയെ അനിവാര്യമായും പഠിപ്പിക്കേണ്ടത് ഇന്ത്യയുടെ ആധാരശിലകളെ കുറിച്ചാണ്. അതാണ് കൊവിഡിന്റെ പേരില്‍ പാഠ്യപദ്ധതി അട്ടിമറിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നിഷേധിച്ചിരിക്കുന്നത്.

പൗരത്വവും ഫെഡറലിസവും കുഴിച്ചുമൂടുമ്പോള്‍
ഒരു രാജ്യത്തെ പൗരന്മാരെ ഏതുതരത്തില്‍ വാര്‍ത്തെടുക്കണമെന്ന് തീരുമാനിക്കുന്നതിനനുസരിച്ചാണ് ഭരണകൂടം പാഠ്യപദ്ധതി ആവിഷ്‌കരിക്കുക. മുതലാളിത്ത വ്യവസ്ഥിതിയിലെ സ്‌കൂള്‍ സിലബസ് സമഗ്രാധിപത്യത്തിന്‍ കീഴിലുള്ള കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയില്‍ നിന്ന് തീര്‍ത്തും ഭിന്നമായിരിക്കും. രാജഭരണത്തില്‍ പൗരാവകാശങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ കാര്യമായി പഠിപ്പിക്കാറില്ല. ഏകാധിപതികളും ഫാസിസ്റ്റുകളും ഭ്രാന്തമായ ദേശീയബോധം അടിച്ചേല്‍പ്പിക്കുന്നതല്ലാതെ, പൗരാവകാശങ്ങളുടെ പാവനതയോ അത് ഉറപ്പ് നല്‍കുന്ന ഭരണഘടനാ തത്വങ്ങളുടെ അടിയുറപ്പുള്ള ചിന്തയോ കൈമാറില്ല. കൊറോണയുടെ മറവില്‍ സി ബി എസ് ഇ സിലബസ് ചുരുക്കിക്കെട്ടാന്‍ തീരുമാനിച്ചപ്പോള്‍ എത്ര ലാഘവത്തോടെയാണ് 11ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് പൗരത്വം, ഫെഡറലിസം, ദേശീയത തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായങ്ങള്‍ക്ക് കത്രിക വെച്ചത്. വ്യക്തമായ രാഷ്ട്രീയ അജന്‍ഡയോടെയാണ് ഈ നീക്കങ്ങളൊക്കെ. ചരിത്ര പുസ്തകങ്ങളിലേ സംഘ്പരിവാര്‍ ഇതിനു മുമ്പ് കാര്യമായി കൈവെച്ചിരുന്നുള്ളൂ. പൗരാണിക ഇന്ത്യയെ സുവര്‍ണ യുഗമായും മധ്യകാലചരിത്രത്തെ മുസ്‌ലിം അധിനിവേഷകരുടെ കിരാത വാഴ്ചയുടെ വിസ്മരിക്കപ്പെടേണ്ട കാലഘട്ടമായും കുറിച്ചിടാന്‍ ആസൂത്രണ നീക്കങ്ങള്‍ അണിയറയില്‍ എന്നോ തുടങ്ങിയതാണ്. എന്നാല്‍, ദേശീയതയെയും പൗരത്വത്തെയുമെല്ലാം പടിക്കുപുറത്ത് നിറുത്താനുള്ള നീക്കം സമീപകാല രാഷ്ട്രീയാനുഭവങ്ങളുടെ വെളിച്ചത്തില്‍ വളരെ ആലോചിച്ചെടുത്ത തീരുമാനമായിരിക്കണം. രാജ്യവിമോചന പ്രക്ഷോഭങ്ങളുടെ സ്മരണകളുയര്‍ത്തിയ പൗരത്വ സമരം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനും അതുവഴി മുസ്‌ലിംകളുടെ പൗരത്വത്തിന് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനുമുള്ള മോദിസര്‍ക്കാറിന്റെ കുത്സിത നീക്കങ്ങളെ മതേതര ശക്തികള്‍ ചെറുത്തു തോല്‍പ്പിച്ചത് ഹിന്ദുത്വ രാഷ്ട്രീയം നേരിട്ട കനത്ത തിരിച്ചടിയായിരുന്നു. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ പട്ടികയുമൊക്കെ മാസങ്ങളോളം ഇന്ത്യന്‍ തെരുവുകളെ ഇളക്കിമറിച്ച പ്രക്ഷോഭങ്ങള്‍ക്ക് വഴിമരുന്നിട്ടപ്പോള്‍, ആഗോള സമൂഹത്തിന് മുന്നില്‍ ഇന്ത്യ നാണംകെട്ടു. മോദി സര്‍ക്കാറിന്റെ പ്രതിച്ഛായയെ അത് നന്നായി കളങ്കമേല്‍പ്പിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങളോട് വിവേചനപരമായി പെരുമാറുന്ന നിയമനിര്‍മാണം അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാണെന്നും തെറ്റ് തിരുത്താന്‍ ഭരണകൂടം അലംഭാവം കാട്ടരുതെന്നും ഐക്യരാഷ്ട്ര സഭയും മത സ്വാതന്ത്ര്യ കാര്യങ്ങള്‍ക്കായുള്ള യു എസ് ഏജന്‍സികളും താക്കീത് നല്‍കിയത് ഹിന്ദുത്വ ഫാസിസത്തിന്റെ അതിക്രമിച്ചു കയറ്റത്തെ ഒരു പരിധിവരെ തടഞ്ഞുനിറുത്താന്‍ സഹായകമായി. ദേശരാഷ്ട്രത്തിന്റെ ആധുനിക സങ്കല്‍പ്പങ്ങളെ മതഭ്രാന്തിലധിഷ്ഠിതമായ ചിന്താ പദ്ധതികള്‍ കൊണ്ട് പുതുക്കിപ്പണിയാന്‍ ഒരുമ്പെട്ടപ്പോഴാണ് പ്രശസ്ത ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഐജാസ് അഹമ്മദ് ചൂണ്ടിക്കാട്ടിയ, “മിലിറ്ററൈസ്ഡ് ഹിന്ദുവിസ’ത്തിന്റെ കരാളമുഖം ലോകത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെട്ടത്. പൗരത്വത്തെയും ദേശീയതയെയും കുറിച്ചുള്ള സവര്‍ക്കര്‍ മാതൃക എന്തുമാത്രം ആപത്കരമാണെന്ന വിചിന്തനങ്ങള്‍ക്ക് അത് വഴി തുറന്നുകൊടുത്തു. ഹിന്ദുത്വ മുന്നോട്ടുവെക്കുന്ന മതാധിഷ്ഠിതവും മനുഷ്യത്വരഹിതവുമായ ദേശീയ ധര്‍മജ്വരം സൃഷ്ടിച്ചുവിടുന്ന ആള്‍ക്കൂട്ടക്കൊലയും ഏകപക്ഷീയ വംശവിച്ഛേദന കലാപങ്ങളും ഇന്ത്യയെന്ന ആശയത്തിന്റെ അപായമണി മുഴക്കുകയാണെന്ന് ചിന്തിക്കുന്നവര്‍ വിധിയെഴുതി. അപരവത്കരണത്തിന്റെ വര്‍ഗീയ ഉപാധികള്‍ മോദി സര്‍ക്കാറിന്റെ കര്‍മപരിപാടികളില്‍ മുഖ്യസ്ഥാനം പിടിച്ചത് 1930കളിലെ ഹിറ്റ്‌ലറുടെ ജര്‍മനിയിലേക്കും മുസ്സോളിനിയുടെ ഇറ്റലിയിലേക്കും ഓര്‍മകളെ തിരിച്ചുകൊണ്ടുപോയി.

ബാബാ സാഹെബിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഇന്ത്യന്‍ ഭരണഘടനയെ ആര്‍ എസ് എസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ പുതുതലമുറയെ പഠിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ഹിന്ദുത്വവാദികള്‍ വിശ്വസിക്കുന്നില്ല. ചാതുര്‍ വര്‍ണ വ്യവസ്ഥയും അത് വിഭാവനം ചെയ്യുന്ന ജാതീകൃത ഉച്ചനീചത്വങ്ങളും നിലനിര്‍ത്തുന്ന സാമൂഹികക്രമത്തെ കുറിച്ചാണ് കാവിരാഷ്ട്രീയം ഇപ്പോഴും സ്വപ്‌നം കാണുന്നത്. 19ാം നൂറ്റാണ്ടില്‍ നാമ്പെടുക്കുകയും 20ാം നൂറ്റാണ്ടിന്റെ വിഭാത വേളയില്‍ തഴുത്തു വളരുകയും ചെയ്ത സ്വാതന്ത്ര്യ സമരത്തിന്റെ കര്‍മാഗ്‌നി ജ്വലിപ്പിച്ചെടുത്ത വിപ്ലവ, പുരോഗമനാശയങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭൂരിപക്ഷ സമുദായത്തിലെ തീവ്ര വലതുപക്ഷത്തിന് ഒരിക്കലും സാധിച്ചിരുന്നില്ല. അവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ ഭരണാധികാരികള്‍. ഭരണഘടനയില്‍ ലീനമായി കിടക്കുന്ന ജനാധിപത്യ മൂല്യങ്ങളും മതേതര സങ്കല്‍പ്പങ്ങളും ഫെഡറല്‍ ആശയങ്ങളുമൊന്നും തങ്ങളുടെ സ്വപ്‌നത്തിലുള്ള ഹിന്ദുരാഷ്ട്ര സങ്കല്‍പ്പങ്ങളോട് ഒത്തുപോകുന്നതല്ലെന്ന് സംഘ്പരിവാരം മുമ്പേ മനസ്സിലാക്കിയിട്ടുണ്ട്. “ഇന്ത്യന്‍ ഭരണഘടന പ്രവൃത്തിപഥത്തില്‍’ എന്ന ഭാഗം പതിനൊന്നാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നിഷ്‌കരുണം വെട്ടിമാറ്റുമ്പോള്‍, കൊറോണയുടെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന എണ്ണമറ്റ ക്രൂരതകളിലൊന്നായി അത് മാറുകയാണ്. സംഭവം വിവാദമായപ്പോള്‍, വിവരംകെട്ട ചിലര്‍ അത് ദുര്‍വ്യാഖ്യാനം ചെയ്ത് സെന്‍സേഷനലാക്കാന്‍ ശ്രമിക്കുകയാണെന്നാണ് മന്ത്രി പൊഖ്രിയാലിന്റെ പരിദേവനം. ഈ നീക്കത്തിനെതിരെ ശക്തമായ എതിര്‍പ്പ് വന്നത് പശ്ചിമ ബംഗാളില്‍ നിന്നാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയും പാഠ്യപദ്ധതി അട്ടിമറിച്ചതിനെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. നമ്മുടെ ചരിത്രവും ജനാധിപത്യ അവകാശങ്ങളും ഭണഘടനയും നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് ചാറ്റര്‍ജിയുടെ അഭിപ്രായം.

ഇത് ടെസ്റ്റ്‌ഡോസ് മാത്രം
സിലബസിന്റെ ലഘൂകരണം വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തെ ആശ്വസിപ്പിക്കുന്നുണ്ടാകാം. വിദ്യാര്‍ഥികളുടെ ഭാരം കുറക്കുന്നതിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദശാബ്ദമായി. യു ജി സി ചെയര്‍മാനായിരുന്ന പ്രൊഫ. യശ്പാല്‍ ഈ ദിശയില്‍ 1993ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിഭാവന ചെയ്ത പുതിയ കരിക്കുലം എവിടെയുമെത്തിയില്ല എന്ന തിക്താനുഭവം നമ്മുടെ മുന്നിലുണ്ട്. ഇപ്പോള്‍ വേണ്ടത്ര ആലോചനയോ പഠനമോ ഇല്ലാതെയാണ് കരിക്കുലം കമ്മിറ്റിയുടെയും സി ബി എസ് സി ഗവേണിംഗ് ബോഡിയുടെയും അനുമതിയോടെ വെട്ടിമാറ്റല്‍ നടത്തിയിരിക്കുന്നത്. കൊവിഡിന്റെ അസാധാരണമായ പ്രതിസന്ധി മറികടക്കാനാണെങ്കില്‍ തന്നെ പാഠ്യപദ്ധതിയുടെ സമഗ്രതക്കും പൂര്‍ണതക്കും കോട്ടം തട്ടാത്ത വിധത്തിലുള്ള യുക്തി ഭദ്രമായ ലഘൂകരണത്തെ കുറിച്ചാണ് ആലോചിക്കേണ്ടിയിരുന്നത്. മര്‍മം മുറിച്ചു കളയുന്നത് ഗൂഢ അജന്‍ഡ മനസ്സില്‍ വെച്ചാകാനേ തരമുള്ളൂ. സയന്‍സ് വിഷയങ്ങളിലും കടുത്ത അനവധാനത കാട്ടിയിട്ടുണ്ട്. അടിസ്ഥാന ശാസ്ത്ര സത്യങ്ങള്‍ കൈമാറുന്ന ന്യൂട്ടന്‍സ് ലോ പോലെയുള്ള അധ്യായങ്ങള്‍ കീറിക്കളയുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് ഏത് അധ്യാപകനും മനസ്സിലാക്കാനാവും. ബയോളജിയില്‍ ഇക്കോളജിയും പാരിസ്ഥിതിക സയന്‍സുമൊക്കെയാണ് നീക്കം ചെയ്തിരിക്കുന്നത്. കുട്ടികളില്‍ പാരിസ്ഥിതിക അവബോധം കൂടുതലായി സന്നിവേശിപ്പിക്കേണ്ട ഈ കൊവിഡ് കാലത്ത് പരിസ്ഥിതി പഠനമേ വേണ്ടാ എന്ന് തീരുമാനിക്കുന്നതിലെ വിവരക്കേട് വിദ്യാഭ്യാസ വിചക്ഷണന്മാരില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ്. തെറ്റ് തിരുത്തിക്കാന്‍ വിദഗ്ധരില്‍ നിന്നും ജനങ്ങളില്‍ നിന്നും ശക്തമായ ശബ്ദം ഉയരേണ്ടതുണ്ട്. ഈ നീക്കത്തെ ഒരു ടെസ്റ്റ്‌ഡോസായി കണ്ടാല്‍ മതി. നിഗൂഢ അജന്‍ഡകളുമായി നീങ്ങുന്ന ഒരു ഭരണകൂടത്തില്‍നിന്ന് തരവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ഇമ്മാതിരി തീരുമാനങ്ങള്‍ ഇനിയുമുണ്ടാകും. മൗനം ദീക്ഷിച്ചാല്‍ അതിനര്‍ഥം സമ്മതമാണെന്ന് മനുഷ്യരെ പഠിപ്പിച്ചത് തത്വചിന്തകനായ പ്ലാറ്റോ ആണെന്ന് മറക്കേണ്ട!