Connect with us

Editorial

കൊവിഡ്: സ്ഥിതി അതീവ ഭീതിദം

Published

|

Last Updated

കേരളം സാമൂഹിക വ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതിന്റെയും തിരുവനന്തപുരത്ത് സൂപ്പര്‍ സ്‌പ്രെഡ് നടന്നതിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ ആശങ്ക പ്രകടിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വന്നു. മെട്രോപോളിറ്റന്‍ നഗരമായ കൊച്ചിയിലും സ്ഥിതി ഗുരുതരമാണ്. നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ പകരുന്ന കേസുകളും ഉറവിടം അറിയപ്പെടാത്ത കേസുകളും കൂടിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ ഏതുസമയവും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്നാണ് എറണാകുളം ജില്ലയുടെ കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി എസ് സുനില്‍കുമാര്‍ മുന്നറിയിപ്പ് നല്‍കിയത്.
അതേസമയം, സംസ്ഥാനം സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയല്ല അത് സംഭവിച്ചു കഴിഞ്ഞുവെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പക്ഷം. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി സംഘടനാ നേതാവ് എബ്രഹാം വര്‍ഗീസ് വെളിപ്പെടുത്തി. കേരളത്തില്‍ സാമൂഹിക വ്യാപനത്തെക്കുറിച്ചുള്ള സംശയം ഈ അടുത്ത നാളുകളിലുണ്ടായതല്ല. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മെയ് അവസാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. ബി ഇഖ്ബാല്‍, സംസ്ഥാനത്ത് സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്നു പൂര്‍ണമായി പറയാന്‍ സാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടതാണ്. അന്നേ സമ്പര്‍ക്കം വ്യക്തമാകാത്ത രോഗബാധിതരെ കണ്ടുതുടങ്ങിയിരുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍ രോഗബാധ കുത്തനെ ഉയരുമെന്ന് ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രി വൈസ് ചെയര്‍മാന്‍ ഡോ. എസ് പി ബയോത്ര ഉള്‍പ്പെടെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രങ്ങളില്‍ നിന്നുമുള്ള ആളുകളുടെ വരവോടെയാണ് ഏറെക്കുറെ നിയന്ത്രണ വിധേയമായിരുന്ന കേരളത്തില്‍ രോഗവ്യാപനം വീണ്ടും ശക്തിപ്പെട്ടത്. മെയ് തുടക്കത്തില്‍ ഒരാഴ്ച സംസ്ഥാനത്ത് ഒരൊറ്റ കേസു പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. മെയ് ഒന്നിന് ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണം കേവലം 16 മാത്രമായിരുന്നു. ഇന്നലെത്തോടെ അത് 3,211ലെത്തി. ഇന്നലെ മാത്രം 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ വിദേശത്ത് നിന്ന് വന്നവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമുണ്ട്. എങ്കിലും അവരുടെ എണ്ണത്തിന് തുല്യമായി സമ്പര്‍ക്കം വഴിയുള്ള പകര്‍ച്ചയും ഉറവിടമറിയാത്ത കേസുകളും വര്‍ധിക്കുന്നുവെന്നതാണ് കൂടുതല്‍ ആശങ്കാജനകം. ജൂലൈ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ 646 പേര്‍ക്കാണ് സംസ്ഥാനത്ത് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. ജൂലൈ ഒന്നിന് 13, രണ്ടിന് 14, മൂന്നിന് 27, നാലിന് 17, അഞ്ചിന് 48, ആറിന് 35, ഏഴിന് 68, എട്ടിന് 90, ഒമ്പതിന് 140, പത്തിന് 204 എന്നിങ്ങനെയാണ് ഈ ദിവസങ്ങളില്‍ സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍.

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതോടെയാണ് സമ്പര്‍ക്കം വഴിയുള്ള രോഗബാധ വര്‍ധിക്കാന്‍ തുടങ്ങിയത്. ഏപ്രില്‍ അവസാനത്തോടെ സംസ്ഥാനത്ത് രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായി. അതോടെ ഇനി ഒന്നും ഭയക്കാനില്ലെന്ന ഒരു ധാരണ ജനങ്ങള്‍ക്കു വന്നുചേര്‍ന്നതാണ് അബദ്ധമായത്. ഇതേത്തുടര്‍ന്ന് കൊറോണ പ്രതിരോധത്തിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടാന്‍ തുടങ്ങി. വിവാഹ ചടങ്ങുകളില്‍ 50ല്‍ കൂടുതലും മരണാനന്തര ചടങ്ങുകളില്‍ 20ല്‍ കൂടുതലും പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് ഉത്തരവെങ്കിലും ഈ മാനദണ്ഡം പാലിക്കാതെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ വിവാഹത്തിലും രാഷ്ട്രീയ പ്രതിഷേധങ്ങളിലും മറ്റും ആളുകള്‍ സംബന്ധിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് സംസ്ഥാനത്തെ ഒരു എം പി നിയമനടപടി നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിവരുന്നതും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ്. പ്രോട്ടോകോള്‍ ലംഘിച്ച് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ചുള്ള പ്രതിഷേധം നടത്തുമെന്നാണ് ബി ജെ പി നേതാക്കള്‍ ഇന്നലെ പരസ്യമായി പ്രസ്താവിച്ചത്. ഭീതിദമായ ഇന്നത്തെ അന്തരീക്ഷത്തില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ജനസുരക്ഷ അവഗണിക്കുന്നത് ഖേദകരമാണ്.

കൊവിഡിന് ഇതുവരെയും മരുന്ന് കണ്ടെത്തിയിട്ടില്ല. ഫലപ്രദമായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുകയും ശരിയായ ചികിത്സ രൂപപ്പെടുകയും ചെയ്യുന്നത് വരെ സാമൂഹിക അകലം പാലിക്കുകയല്ലാതെ വേറെ വഴിയില്ല. വാക്‌സിന്‍ കണ്ടെത്തുന്നതിന് വിവിധ രാജ്യങ്ങളില്‍ ഊര്‍ജിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇത് വികസിപ്പിച്ച് മനുഷ്യരില്‍ പരീക്ഷണം നടത്തി അംഗീകാരം നേടണമെങ്കില്‍ അടുത്ത വര്‍ഷമാദ്യം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. അതുവരെ സാമൂഹിക അകലം, പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കല്‍, ശുചീകരണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കുകയല്ലാതെ നിര്‍വാഹമില്ല. ഈ നിയന്ത്രണങ്ങളത്രയും ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള രക്ഷക്കു വേണ്ടിയുള്ളതാണ്. പുറത്തു നിന്ന് വരുന്നവര്‍ 99 ശതമാനവും ക്വാറന്റൈന്‍ കൃത്യമായി പൂര്‍ത്തിയാക്കുകയും മറ്റു നിബന്ധനകള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും നിയമം തെറ്റിച്ചും പുറത്തു നിന്നെത്തിയ വ്യക്തിയാണെന്ന കാര്യം മൂടിവെച്ചും മാര്‍ക്കറ്റുകളിലും ആഘോഷ ചടങ്ങുകളിലും മറ്റും സംബന്ധിക്കുന്നുണ്ട്. ഇതിനിടെ തിരുവനന്തപുരത്ത് കൊവിഡ് സംശയിക്കപ്പെട്ട് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഒരാള്‍ അവിടെ നിന്ന് മുങ്ങി 26 യാത്രക്കാരുണ്ടായിരുന്ന ഒരു ബസില്‍ കയറിയത് കാരണം യാത്രക്കാരെല്ലാം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നു. കേരളം കൊവിഡ് വിഷയത്തില്‍ എല്ലാവര്‍ക്കും മികച്ച ചികിത്സയും പരിചരണവും കരുതലുമാണ് നല്‍കുന്നത്. നാടിന്റെ രക്ഷക്കാവശ്യമായ നിര്‍ദേശങ്ങള്‍ യഥാവിധി പാലിക്കുകയാണ് ഇതിനു പകരമായി നമുക്ക് ചെയ്യാനുള്ളത്. ഇല്ലെങ്കില്‍ വലിയൊരു വിപത്തിലേക്കാകും കേരളം ചെന്നെത്തുക. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ അതീവ ഗുരുതര സാഹചര്യമാണെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് അപകടം വരുത്തുമെന്നും തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രത്യേകം ഓര്‍മിപ്പിക്കുകയുണ്ടായി.