Connect with us

Gulf

ജനാധിപത്യത്തിന്റെ കാതലായ പാഠഭാഗങ്ങള്‍ ഒഴിവാക്കുന്നതിലൂടെ സി ബി എസ് ഇ നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജന്‍ഡ: കേളി

Published

|

Last Updated

റിയാദ് | കൊവിഡ് മഹാമാരിയുടെ മറവില്‍ പഠനഭാരം ലഘൂകരിക്കുകയെന്നു പറഞ്ഞ് ജനാധിപത്യത്തിന്റെ കാതലായ പല പാഠഭാഗങ്ങളും വെട്ടിച്ചുരുക്കുവാനുള്ള സി ബി എസ് ഇ യുടെ വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് റിയാദ് കേളി കലാസാംസ്‌ക്കാരിക വേദി അഭിപ്രായപ്പെട്ടു .
സംഘ്പരിവാറിന്റെ നിഗൂഢ താല്പര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ നടപ്പിലാക്കാനാണ് സി ബി എസ് ഇ തുനിയുന്നത്. ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സംഘ്പരിവാറിന് ഇഷ്ടമല്ലാത്ത പാഠഭാഗങ്ങളാണ് ഒഴിവാക്കുന്നത്. ഫെഡറലിസം, പൗരത്വം, മതേതരത്വം, ദേശീയത തുടങ്ങിയ ഭരണഘടനയിലെ വളരെ കാതലായ വിഷയങ്ങളെ സംബന്ധിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കുന്നവയില്‍ പെടും.

കൊവിഡ് കാലത്ത് മനുഷ്യര്‍ ജാതിയും മതവും മറന്ന് ജീവിതം മുന്നോട്ട് തള്ളിനീക്കുന്ന അവസ്ഥയിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ വിഷം വമിപ്പിക്കാനാണ് ആര്‍ എസ് എസിന്റെ നേതൃത്വത്തിലുള്ള സംഘ്പരിവാറിന്റെ ശ്രമം. അത്തരം ശ്രമങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തോടെ സി ബി എസ് ഇ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. അത്തരം നീക്കങ്ങള്‍ ഉപേക്ഷിക്കാന്‍ സി ബി എസ് ഇ തയാറാവണമെന്നും മുറിച്ചുമാറ്റാന്‍ ഉദ്ദേശിച്ച പാഠഭാഗങ്ങള്‍ നിലനിര്‍ത്തണമെന്നും കേളി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest