ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസ് 99.34 ശതമാനം

Posted on: July 10, 2020 4:51 pm | Last updated: July 10, 2020 at 6:42 pm

ന്യൂഡൽഹി| കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ്(സി ഐ എസ് സി ഇ) ഇത്തവണത്തെ ഐ സി എസ് ഇ പത്താം ക്ലാസിലെയും ഐ എസ് സി 12ാം ക്ലാസിലെയും പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഐ സി എസ് ഇ പരീക്ഷയിൽ 99.34 ശതമാനം (ആൺകുട്ടികൾ– 54.19%, പെൺകുട്ടികൾ– 45.81%) പേർ വിജയിച്ചു . ഐ എസ് സിയിൽ 96.84 ശതമാനമാണ് വിജയം (ആൺകുട്ടികൾ– 53.65%, പെൺകുട്ടികൾ– 46.35%).

സി ഐ എസ് സി ഇയുടെ www.cisce.org,www.results.cisce.org എന്നീ വെബ്‌സൈറ്റുകളിൽ യുണീക് ഐ ഡി, ഇൻഡക്‌സ് നമ്പർ എന്നിവ നൽകി ഫലമറിയാം. ഇതിന് പുറമെ, സ്‌കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും  എസ് എം എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി 10ാം ക്ലാസുകാർ ICSE Unique Id എന്ന ഫോർമാറ്റിലും 12ാം ക്ലാസുകാർ ISC Unique Id എന്നും ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കണം.

കൊവിഡിനെത്തുടർന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. മാർക്ക് ഷീറ്റുകൾ ഡിജിലോക്കർ വഴി 48 മണിക്കൂറിനകം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. പുനർമൂല്യനിർണയത്തിന് ഈ മാസം 16 വരെ അപേക്ഷിക്കാം.