National
ദുരഭിമാനക്കൊല: യു പിയിൽ സഹോദരിയെയും കാമുകനെയും കൊന്ന് കെട്ടിത്തൂക്കി, സാക്ഷിയായ സഹോദരനെയും കൊലപ്പെടുത്തി

ലക്‌നോ | ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാന കൊല. ഇളയ സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയ യുവാവ് ദൃക്‌സാക്ഷിയായ മറ്റൊരു സഹോദരനയെും കൊന്നു. കർഷകനായ വിനീതാണ് മുഖ്യ പ്രതി. സംഭവത്തിൽ വിനീത് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സാമ്പൽ ജില്ലയിൽ ഈ മാസം ഒന്നിന് വിനീതിന്റെ ഇളയ സഹോദരി സുഖിയയെയും കാമുകനും ബന്ധുവുമായ ബണ്ടിയെയും കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ ഒളിച്ചോടിയ ഇരുവരും ആത്മഹത്യ ചെയ്തതാകാം എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ആറ് ദിവസത്തിന് ശേഷം വിനീതിന്റെ സഹോദരൻ കുൽദീപും സമാന രീതിയിൽ മരിച്ചതാണ് ദുരഭിമാന കൊല പുറത്തറിയാൻ ഇടയാക്കിയത്.
തുടർന്ന് വിശദാന്വേഷണത്തിൽ വിനീത് കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനാണ് സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തിയതെന്ന് വിനീത് മൊഴി നൽകി. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ഇരുവരെയും കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടി തൂക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ സഹോദരൻ കുൽദീപ് കൊലപാതകത്തെ എതിർത്തിനാൽ അവനെയും കൊല്ലുകയായിരുന്നെന്ന് വിനീത് പറഞ്ഞു.
കൊലപാതകത്തിന് സഹായിച്ചവർക്ക്് 2.5 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. മൂന്ന് പേരെയും കൊല്ലാൻ ഉപയോഗിച്ച കയറും സുഹൃത്തുക്കൾക്ക് നൽകിയ പണവും കണ്ടെടുത്തിട്ടുണ്ട്.