മലബാര്‍ ഇനിയെത്രകാലം യാചിക്കണം!

മലബാറിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠന പ്രതിസന്ധിയില്‍ ഇടപെടാനോ സംസാരിക്കാനോ ആരുമില്ലാത്ത അവസ്ഥ.
Posted on: July 10, 2020 4:01 am | Last updated: July 10, 2020 at 4:27 pm

ഐക്യകേരളം രൂപവത്കൃതമായിട്ട് 64 വര്‍ഷമായി. രാജ്യത്തെ സുപ്രധാനമായ വിദ്യാഭ്യാസ വിപ്ലവവും ഉയര്‍ന്ന സാക്ഷരതാ നിരക്കുമെല്ലാം സംസ്ഥാനത്തെ വ്യതിരിക്തമാക്കി. പക്ഷേ, കേരളത്തിന്റെ ചരിത്രത്തിലുടനീളം ഭരണസിരാ കേന്ദ്രങ്ങളില്‍ വിരാജിച്ചവര്‍ മലബാറിലെ വിദ്യാഭ്യാസ മേഖലയെ ചൂഷണം ചെയ്യുകയോ അവഗണിക്കുകയോ ചെയ്‌തെന്ന് പറഞ്ഞാല്‍ അസ്ഥാനത്താകില്ല. കേരളത്തിന്റെ നിര്‍മിതിയില്‍ അതുല്യമായ പങ്കുവഹിക്കുമ്പോഴും മലബാറിനോടുള്ള അവഗണനാ മനോഭാവം ഉപേക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രമിച്ചില്ല. അര്‍ഹിക്കുന്ന പരിഗണനകള്‍ക്കും വികസനങ്ങള്‍ക്കും വേണ്ടി യാചിച്ചിട്ടും പൊള്ളയായ താത്കാലിക മറുപടികളെക്കൊണ്ട് വായടപ്പിച്ചു. 37 വര്‍ഷക്കാലം മലബാറില്‍ നിന്നുള്ള മന്ത്രിമാര്‍ കൈകാര്യം ചെയ്ത വിദ്യാഭ്യാസ മേഖലയിലെ നിരവധി പ്രശ്‌നങ്ങളില്‍ ഒന്ന് മാത്രമാണ് എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തോടെ മലബാറില്‍ ചര്‍ച്ചയാകുന്ന ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ അപര്യാപ്തത. 2003 മുതല്‍ കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളും രക്ഷിതാക്കളുമെല്ലാം നിരന്തരമായി മുറവിളി കൂട്ടിയിട്ടും പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ശാശ്വതമായൊരു പരിഹാരമോ ബദല്‍ മാര്‍ഗമോ ഉണ്ടായിട്ടില്ല. ഇടത്- വലത് മുന്നണികള്‍ ഒരു പോലെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പ്രസ്തുത വിഷയത്തില്‍ അടുത്ത കാലത്തൊന്നും പൂര്‍ണമായ പരിഹാരവും ആരും സ്വപ്‌നം കാണുന്നില്ല. കൃത്യമായ ധാരണയോടെ പ്രവര്‍ത്തിക്കുകയോ അവകാശപ്പെട്ടത് ചോദിച്ച് വാങ്ങുകയോ ചെയ്തിരുന്നെങ്കില്‍ മലബാറിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ കുറവ് സംഭവിക്കുമായിരുന്നില്ല. നിരവധി പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് സാക്ഷര കേരളത്തിന്റെ സ്റ്റാറ്റസ് നിലനിര്‍ത്താനൊരുങ്ങുമ്പോഴും പ്രത്യേകമായ ഒരു പ്രദേശത്തിന്റെ കാര്യത്തില്‍ മാത്രം അവഗണനയാണ് പ്രകടിപ്പിക്കുന്നത്. അര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത് മൂലം തുടര്‍ പഠന വിഷയത്തില്‍ പ്രതിസന്ധി നേരിടുന്നത്. മലബാറിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠന പ്രതിസന്ധിയില്‍ ഇടപെടാനോ സംസാരിക്കാനോ ആരുമില്ലാത്ത അവസ്ഥ. മറുവശത്ത് എസ് എന്‍ ഡി പി, എന്‍ എസ് എസ് പോലുള്ള സംഘടനകള്‍ വിദ്യാഭ്യാസത്തെ കോര്‍പറേറ്റ്‌വത്കരിക്കുകയും ആവശ്യമായതൊക്കെ നേടിയെടുക്കുകയും ചെയ്യുന്നു എന്ന ആരോപണം ശക്തമാണ്.

അര ലക്ഷം സീറ്റുകള്‍ ആവശ്യമുള്ളിടത്ത് അതിന്റെ 20 ശതമാനം സീറ്റുകള്‍ അനുവദിച്ചാല്‍ പ്രശ്‌ന പരിഹാരമാകില്ലല്ലോ. ബാക്കിയുള്ള 80 ശതമാനത്തിന്റെ കുറവ് പരിഹരിക്കാന്‍ ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരും. താത്കാലികമായി അനുവദിക്കുന്ന സീറ്റുകള്‍ ഒരു അധ്യയന വര്‍ഷത്തിനപ്പുറത്തേക്ക് അയോഗ്യമാക്കുന്നതുമാണ്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ എല്ലാ മേഖലയിലും രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നത് പോലെ ഇക്കാര്യത്തിലും അവരുടെ മാത്രം താത്പര്യങ്ങളെ കണക്കിലെടുക്കുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി; കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിക്കുകയും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്ത മലപ്പുറത്തിന്റെ കാര്യമാണ് ഏറ്റവും ശോചനീയം. വിജയ ശതമാനം കുറഞ്ഞിരുന്ന പഴയ കാലത്തെ പോലെ ഇനിയും മാറ്റി നിര്‍ത്താന്‍ തക്കതായ കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാനില്ല. മലപ്പുറത്ത് 78,355 വിദ്യാര്‍ഥികള്‍ക്ക് 52,775 സീറ്റുകള്‍ മാത്രമാണുള്ളത്. അതായത് കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒരു ജില്ലയില്‍ മാത്രം ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുന്നു.
സംസ്ഥാനത്ത് മൊത്തം 20,000- 25,000 വിദ്യാര്‍ഥികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രമായി ഓപ്പണ്‍ സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ പകുതിയോളം പേര്‍ മലപ്പുറത്തു നിന്നാണ്. അതുകൊണ്ട് മലബാറിന് പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ ഉഴപ്പന്‍ കീഴ് വഴക്കം തന്നെയാണ് ഇനിയും സ്വീകരിക്കുന്നതെങ്കില്‍ വരും കാലങ്ങളില്‍ രൂക്ഷമായ പ്രതിസന്ധി മലബാര്‍ മേഖലയില്‍ കടന്നുവരും.

ALSO READ  പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം നാളെ

കൊവിഡ് കാലത്ത് വിദേശത്ത് നിന്ന് പോലും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ തുടര്‍ പഠനം നാട്ടിലേക്ക് മാറ്റുന്ന ഈ ഘട്ടത്തില്‍ കേരളത്തിലെ മൊത്തമായുള്ള സീറ്റുകളുടെ പുനഃക്രമീകരണത്തെ കുറിച്ച് ഗഹനമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണം. തുടര്‍ച്ചയായുള്ള പ്രളയവും കൊവിഡിന്റെ പ്രതിസന്ധിയുമെല്ലാം ചൂണ്ടിക്കാട്ടി ഈ വര്‍ഷവും കാര്യമായ മാറ്റങ്ങള്‍ക്കോ വീണ്ടുവിചാരങ്ങള്‍ക്കോ മുതിരാതിരുന്നാല്‍ മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടാനിരിക്കുന്നത് വലിയ വെല്ലുവിളിയായിരിക്കും.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്ത് നടക്കുന്ന പല പ്രവേശന പരീക്ഷകളിലും നിലവാരമില്ലാത്തവര്‍ മലയാളി വിദ്യാര്‍ഥികളെന്ന പേരുദോഷമൊക്കെ മാറിക്കിട്ടണമെങ്കില്‍ സാക്ഷരതയുടെ ശതമാനക്കണക്ക് മാത്രം പോരാ; രാഷ്ട്രീയ ലാഭത്തിനപ്പുറത്തുള്ള വിദ്യാഭ്യാസ നയങ്ങളും ആവശ്യമാണ്.