Covid19
സംസ്ഥാനം കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക്? മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തില്‍ നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമാണിതെന്നും സാമൂഹിക വ്യാപനത്തിലേക്ക് വലിയ തോതില്‍ അടുക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് ഇടവരുത്തി. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലത്തില്‍ നിന്ന് വ്യക്തമായിട്ടുള്ളത്. ആര്യനാടും ഇതേ സാഹചര്യമുണ്ട്. എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. ഇത് തലസ്ഥാനത്തെ മാത്രം പ്രതിഭാസമാണെന്നു കരുതി മറ്റ് പ്രദേശങ്ങളിലുള്ളവര്‍ ആശ്വസിക്കേണ്ടതില്ല. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്. സംസ്ഥാനത്തിനാകെ ബാധകമായതാണ് ഇതെന്നും ആരെങ്കിലും ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നേണ്ടതില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
നിലവിലെ നിയന്ത്രണം സമൂഹത്തിന്റെ മൊത്തത്തിലുള്ള രക്ഷക്കു വേണ്ടിയുള്ളതാണ്. അത് കര്‍ശനമായി പാലിക്കുക തന്നെ വേണം. നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപ്പിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത കൂടിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പകരാനുള്ള സാധ്യത വലിയതോതില്‍ വര്‍ധിച്ചിരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്നത് ഒരു കാരണവശാലും അനുവദിക്കാനാവില്ല. വായുസഞ്ചാരമുള്ള മുറികളില്‍ കഴിയുകയെന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗം സാമൂഹിക വ്യാപനത്തിലെത്താന്‍ അധിക സമയം ആവശ്യമില്ല. പൂന്തുറയില്‍ പെട്ടെന്നാണ് കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്കെത്തിയത്. രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാക്കരുത്. സ്വയം നിയന്ത്രണമുണ്ടാകണം. വലിയ ആള്‍ക്കൂട്ടം എത്തിപ്പെടുന്ന ഏത് സ്ഥലത്തും ഒന്നോ രണ്ടോ ആളുകള്‍ രോഗബാധിതരാണെങ്കില്‍ എല്ലാവരെയും അത് ബാധിക്കും. അത്യാവശ്യ കാര്യത്തിന് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. ചില പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് രോഗബാധയുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയായി. സമരം ചെയ്യുന്നതിനോട് ഒരു വിപ്രതിപത്തിയും ഉണ്ടായിട്ടല്ല ഇത്തരം കാര്യങ്ങള്‍ പറയുന്നതെന്നും ഇന്നത്തെ സാഹചര്യം മനസിലാക്കാനുള്ള വിവേകം എല്ലാവരും പ്രകടിപ്പിക്കണമെന്നും മുഖ്യമന്ത്രി വിശദമാക്കി.