Connect with us

Gulf

ഇ-സിഗരറ്റ് കൈക്കലാക്കിയ യുവാക്കൾ കടക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി

Published

|

Last Updated

ഷാർജ | കടയിൽ നിന്ന് ഇ-സിഗരറ്റ് കൈക്കലാക്കിയ യുവാക്കളെ പിന്തുടർന്ന കടക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ വ്യവസായ മേഖല 12ൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനെയാണ് ഇരുപത് വയസ് പ്രായമുള്ള ജി സി സി പൗരന്മാരായ രണ്ട് പേർ കാറിടിച്ച് കൊലപ്പെടുത്തിയത്.

കടയിലെത്തിയ യുവാക്കൾ ഇ-സിഗരറ്റ് ആവശ്യപ്പെട്ടു. കടക്കാരനുമായി വിലപേശിയ ഇവർ 100 ദിർഹമിന് ഒരു സിഗരറ്റ് വാങ്ങാമെന്നേറ്റു. നിമിഷങ്ങൾക്കകം തന്നെ കടയിൽ നിന്ന് ഇ-സിഗരറ്റ് കൈക്കലാക്കി പണം നൽകാതെ യുവാക്കൾ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരെ പിടികൂടാനെത്തിയ ജീവനക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഷാർജ പോലീസ് സി ഐ ഡി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്‌റാഹീം അൽ ആജിൽ പറഞ്ഞു.

സി സി ടി വി ക്യാമറകളിൽ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അജ്മാൻ പോലീസിന്റെകൂടി സഹകരണത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാഹനമിടിച്ച് കയറി കടയിലെ തൊഴിലാളിക്ക് ഗുരുതരപരുക്കേറ്റതായി ഓപറേഷൻ റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെസ്‌ക്യൂ യൂണിറ്റ്, സി ഐ ഡി, പട്രോൾ, ട്രാഫിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. 48കാരനായ ഏഷ്യൻ പൗരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്ത സി ഐ ഡി സംഘത്തെ ഷാർജ പോലീസ് ജനറൽ ഓപറേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹ്മദ് ഹാജി അൽ സെർക്കൽ അഭിനന്ദിച്ചു.

ഉദ്യോഗസ്ഥരുടെ കൃത്യതയാർന്ന നീക്കമാണ് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തത്.
വളർന്നുവരുന്ന തങ്ങളുടെ കുട്ടികളുടെ മേൽ എല്ലായ്‌പ്പോഴും നോട്ടമുണ്ടാകണമെന്ന് രക്ഷിതാക്കളോട് ബ്രിഗേഡിയർ അൽ ആജിൽ ആവശ്യപ്പെട്ടു. നല്ല രീതിയിലുള്ള ഉപദേശങ്ങളും മാർഗനിർദേശങ്ങളും കുട്ടികൾക്ക് എല്ലായ്‌പ്പോഴും നൽകണം. അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്ഷിതാക്കളുടെ വേണ്ടത്ര നിരീക്ഷണമില്ലാത്തതിനാൽ കുട്ടികൾ വഴിതെറ്റിപ്പോവുകയും ഇത്തരക്കാർ സമൂഹത്തിന് ഭീഷണിയാകുന്ന കുറ്റവാളികളായി മാറാൻ സാധ്യതയുണ്ടെന്നും ബ്രിഗേഡിയർ അൽ ആജിൽ പറഞ്ഞു.

Latest