Connect with us

Kozhikode

സി ബി ഐ അന്വേഷണത്തിന് സംസ്ഥാന മന്ത്രിസഭ ശുപാര്‍ശ ചെയ്യണം: കെ സുരേന്ദ്രന്‍

Published

|

Last Updated

കോഴിക്കോട് |  സ്വര്‍ണ കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന്  ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണകടത്ത് കേസില്‍ സി ബി ഐ  അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിസഭായോഗം ചേര്‍ന്നു കേന്ദ്രത്തോടു ശുപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെട്ടു.
മുഖ്യന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വ്യക്തതവരുത്താനുള്ള അന്വേഷണത്തിനു മുഖ്യമന്ത്രിയും തയ്യാറാവണം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സുരേഷ് നിത്യസന്ദര്‍ശകയാണ്. സര്‍ക്കാര്‍ അധീനതയിലുളള വാഹനങ്ങള്‍ സ്വപ്ന ഉപയോഗിച്ചു. സര്‍ക്കാര്‍ മുദ്രയുളള വിസിറ്റിംഗ് കാര്‍ഡുകള്‍ ഉപയോഗിച്ചു ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കണം.

എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്ന മുഖ്യമന്ത്രി കസ്റ്റംസ് അന്വേഷണത്തിന് കേരളാ പോലീസിന്റെ ഒരു സഹായവും ലഭ്യമാക്കിയിട്ടില്ല.
സ്വപ്ന എവിടെയെന്ന് പോലീസിന് അറിയാം. സ്വപ്നയെ നിയമിച്ചതിന് മുന്‍പും പിന്‍പും സര്‍ക്കാര്‍ പരിപാടികളുടെ നടത്തിപ്പ് സ്വപ്ന സുരേഷിനുണ്ടായിരുന്നു. ബഹിരാകാശ ഗവേഷകര്‍ ഉള്‍പ്പടെ പങ്കെടുത്ത പരിപാടിയില്‍ നടത്തിപ്പ് ചുമതല സ്വപ്ന സുരേഷിനുണ്ടായിരുന്നു. സ്വപ്‌നയുടെ നിയമനത്തെ കുറിച്ച് ഒരറിവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചകളളമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഈ കേസിന്റെ കുന്തമുന ചെന്നെത്തുക മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും മുഖ്യമന്ത്രിയുടെ ആശ്രിതരിലേക്കുമാണ്. കസ്റ്റംസ് ചോദിച്ച സി സി ടി വി ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ കൊടുത്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ അടക്കം വിദേശ യാത്രകള്‍ ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

Latest