Covid19
അന്ത്യകർമങ്ങൾ നടത്തിയ ആൾ ജീവിച്ചിരിപ്പുണ്ട്; ആശുപത്രിയിൽ നിന്ന് ഫോൺ കോൾ

മുംബൈ| കൊറോണവൈറസ് വ്യാപനം രൂക്ഷമായിരിക്കെ താനെയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹങ്ങൾ മാറിപ്പോയതായി ആരോപണം. ഇതേതുടർന്ന് ഒരു കുടുംബത്തിന് രണ്ട് തവണ അന്ത്യകർമങ്ങൾ നടത്തേണ്ടി വന്നു. കഴിഞ്ഞ മാസം 29ന് ഇവിടെ പ്രവേശിപ്പിച്ച 72 വയസ്സുകാരനെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണമാണ് മൃതദേഹം മാറി സംസ്‌കരിച്ച സംഭവം വെളിച്ചത്തുകൊണ്ടുവരാൻ സഹായിച്ചത്.
ദിവസങ്ങൾക്കു മുമ്പ് സംസ്‌കരിച്ച മൃതദേഹം സ്വന്തം പിതാവിന്റെയല്ല എന്ന് സന്തോഷ് സോനവാനെക്ക് മനസ്സിലായത് ഇന്നലെ ആശുപത്രിയിൽ നിന്ന് അധികൃതരുടെ വിളി വന്നപ്പോഴാണ്. കാണാതായ ബൽചന്ദ്ര ഗൈക്വാഡിന്റെ മൃതദേഹമാണ് അതെന്ന് അധികൃതരാണ് സന്തോഷിനെ അറിയിച്ചത്. കൊവിഡ് രോഗ ബാധിതനായ പിതാവ് ആശുപത്രിയിൽ ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് ആശ്വാസമായെങ്കിലും ഈ സന്തോഷം ഏറെ നീണ്ടുനിന്നില്ല. പിതാവ് മരണത്തിന് കീഴടങ്ങിയെന്ന വാർത്തയും നിമിഷങ്ങൾക്കകം ലഭിച്ചു. എന്നാൽ അത് തന്റെ പിതാവ് തന്നെയാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് സന്തോഷ് ഇന്നലെ വീണ്ടും അന്ത്യകർമ്മങ്ങൾ നടത്തിയത്.
എന്നാൽ ബൽചന്ദ്ര ഗൈക്വാഡിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് കാണാതായ സംഭവത്തിൽ കുടുംബം നിയമനടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു. എന്നാൽ പിതാവിന്റെ മൃതദേഹം തിരിച്ചറിയുന്നതിൽ സന്തോഷ് സോനെവാനയും ആശുപത്രിയും പരാജയപ്പെട്ടതിനാലാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും പോലീസ് വ്യക്തമാക്കി.