Connect with us

International

കോഫി കപ്പിലെ പേര് ഇസിസ്‌; തീവ്രവാദിയാക്കിയതിൽ മനംനൊന്ത് ഐഷ

Published

|

Last Updated

ന്യൂയോർക്ക് | കടയിൽ കയറി ഓർഡർ ചെയ്ത കോഫി തന്നെ ഒരു തീവ്രവാദിയാക്കി മാറ്റുമെന്ന് ഐഷ എന്ന മുസ്ലിം യുവതി ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. തനിക്ക് ലഭിച്ച കോഫി കപ്പിൽ പേരിന് പകരം ഇസിസ്‌
എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ മാസം ഒന്നിന് അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം.

കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ഫേസ് മാസ്‌ക് ധരിച്ചാണ് ഐഷ സംഭവദിവസം കോഫി ഷോപ്പിൽ കയറിയത്. അവിടെ വെച്ച് ഓർഡർ നൽകുമ്പോൾ പേര് ചോദിച്ചപ്പോൾ ഐഷ എന്ന് പറഞ്ഞിരുന്നു. ആവർത്തിച്ച് പറഞ്ഞതിനാൽ ഇസിസ്‌ എന്ന് കേൾക്കാൻ ഒരു സാധ്യതയുമില്ലെന്ന് യുവതി സി എൻ എന്നിനോട് പറഞ്ഞു.

“ആ കപ്പ് കൈയിൽ കിട്ടിയ ശേഷം എനിക്ക് അപമാനവും അത്യന്തം വെറുപ്പും തോന്നി. ആഗോളതലത്തിൽ തന്നെ ഇസ്ലാമിനെ അവഹേളിക്കലാണ് ഇത്തരം ഒരു പ്രവൃത്തിയിലൂടെ നടന്നത്. ഈ ദിവസമെന്നല്ല ഒരു കാലത്തും ഇത്തരമൊരു നിന്ദ്യത പൊറുക്കാനാകില്ല. ഇതൊരു നല്ല പ്രവൃത്തിയല്ല”.

യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സംഭവം മനപൂർവമല്ലെന്നും തുടർനടപടികളുമായി സഹകരിക്കുമെന്നും കടയുടെ സൂപ്പർവൈസർ വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.