National
ഭോപ്പാലിൽ കൊറോണ വൈറസ് രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന് റോഡിൽ തള്ളിയിട്ടതായി പരാതി

ഭോപ്പാൽ| മധ്യപ്രദേശിലെ ഭോപ്പാലിൽ കൊറോണ വൈറസ് രോഗിയുടെ മൃതദേഹം ആംബുലൻസിൽ നിന്ന് റോഡിൽ തള്ളിയിട്ടതായി പരാതി. 57കാരനായ വാജിദ് അലി എന്നയാളുടെ മൃതദേഹമാണ് ആംബുലൻസിൽ മരിച്ചെന്ന് കരുതി റോഡിൽ ഉപേക്ഷിച്ചത്. എന്നാൽ ആശുപത്രിയിലേക്ക് മാറ്റുമ്പോൾ പിതാവിന് ജീവനുണ്ടായിരുന്നതായി മകൻ പറഞ്ഞു. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
വൃക്ക സംബന്ധമായ അസുഖം ബാധിച്ച് വാജിദ് അലി എന്നയാളെ ഭോപ്പാലിലെ പീപ്പിൾസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇയാൾക്ക് കൊറോണ വൈറസ് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് പരിശോധനക്ക് വിധേയമാക്കുകയും കൊറോണ വൈറസ് പോസിറ്റീവ് ആയി സ്ഥിരീകരിക്കുകയും ചെയ്തു. ശേഷം ചിരായു ആശുപത്രിയിലേക്ക് മാറ്റാനായി പറഞ്ഞു. ചിരായു ആശുപത്രി അധികൃതർ അയാളെ എടുക്കാനായ് വന്നെങ്കിലും ആംബുലൻസ് ഒരു മണിക്കൂറിനുശേഷം പീപ്പിൾസ് ഹോസ്പിറ്റലിലേക്ക് മടങ്ങി. മടങ്ങും വഴി വാജിദ് അലി മരിച്ചെന്ന് കരുതി മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞുവെന്നും മകൻ പറഞ്ഞു.
രോഗിയെ ആരോഗ്യനില വഷളായതിന്തെതുടർന്ന് വെന്റിലേറ്ററും ഡോക്ടറും അടങ്ങിയ ആംബുലൻസിൽ പീപ്പിൾസ് ജനറൽ ആശുപത്രിയിലേക്ക് തിരിച്ചയച്ചതായും ചിരായു ആശുപത്രി എംഡി ഡോ അജയ് ഗോയങ്ക പറഞ്ഞു.
സംഭവം ജില്ലാ ഭരണകൂടത്തിനെ അറിയിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം സംഭവസ്ഥലത്തുനിന്ന് എടുക്കാൻ ചിരായു ആശുപത്രിക്ക് നിർദേശം നൽകി. കൊവിഡ് രോഗികളുടെ മൃതദേഹങ്ങളോട് കാണിക്കുന്ന ഇത്തരം മനുഷ്യത്യരഹിതമായ നിലപാടുകൾ ദിനംപ്രതി വർധിച്ചുവരികയാണ്.