Kerala
ശിവശങ്കറിനെതിരെ നടപടി; മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം | നയതന്ത്ര ബാഗേ്ജ് വഴിയുള്ള സ്വര്‍ണക്കള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്തബന്ധമുള്ള സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കറിനെതിരെ നടപടി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റി. പകരം മിര്‍ മുഹമ്മദിന് പ്രിന്‍സില്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി. ഐ ടി സെക്രട്ടറി സ്ഥാനത്ത് അദ്ദേഹം തുടരുമെങ്കിലും ഈ സ്ഥാനത്ത് നിന്നും പിന്നീട് മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ശിവശങ്കറില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയതായാണ് വിവരം. സ്വപ്ന സുരേഷിനെ ഐ ടി വകുപ്പില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് മുഖ്യമന്ത്രി വിശദീകരണം തേടും. ഇന്ന് തന്നെ ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും ഐ ടി സെക്രട്ടറി സ്ഥാനത്തുള്ള തുടര്‍ നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസിനെവരെ കുറ്റപ്പെടുത്തി പ്രതിപക്ഷം രാഷ്ട്ട്രീയം നീക്കം ആരംഭിച്ച സാഹചര്യത്തില്‍ ഇനിയും ശിവശങ്കറിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ല. ഐ ടി സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം സി പി എമ്മിനുള്ളിലും ശക്തമാക്കുന്നതായാണ് വിവരം.
സ്വപ്നയുടെ ഫ്ളാറ്റില്‍ ശിവശങ്കര്‍ നിത്യ സന്ദര്‍ശകനാണെന്ന വാര്‍ത്തകള്‍ അയല്‍വാസികളെ ഉദ്ദരിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ശിവശങ്കറിന് സ്വര്‍ണക്കള്ളക്കടത്തുമായി എന്തെങ്കിലും ബന്ധമുള്ളതായി ഒരു വിവരവും കസ്റ്റംസിന് ലഭിച്ചിട്ടില്ല. എങ്കിലും ഐ ടി വകുപ്പില്‍ സ്വപ്നക്ക് താത്കാലിക നിയമനം നല്‍കിയതിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. ജോലിക്ക് എടുക്കുന്ന ആളുടെ ബയോഡാറ്റ ശരിയായ രീതിയില്‍ പരിശോധിക്കപ്പെട്ടില്ലെന്നും സ്വപ്നയെക്കുറിച്ച് പ്രാധമിക അന്വേഷണം നടത്തിയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍.
നേരത്തെ സ്പ്രിന്‍ക്ലര്‍ വിവാദത്തിലും ഇലക്ട്രിക് ബസ് നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടായിരുന്നു അന്ന് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരായ ആരോപണം വളരെ ഗൗരവത്തോടെ കണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ അദ്ദേഹത്തെ കൈഒഴിഞ്ഞത്.
അതിനിടെ കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വപ്നയുമായുള്ള ബന്ധം സംബന്ധിച്ചാകും ചോദ്യംചെയ്യല്‍.