Connect with us

Gulf

ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; 7000 വിദേശികള്‍ക്ക് അനുമതി

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 3000 സ്വദേശികള്‍ക്കും 7000 വിദേശികള്‍ക്കുമാണ് ഈ വര്‍ഷം ഹജ്ജിന് അവസരമുള്ളത്. വിദേശികള്‍ക്ക് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ (localhaj.haj.gov.sa) വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ജൂലൈ ആറിന് ആരംഭിച്ച രജിസ്‌ട്രേഷന്‍ പത്ത് വരെയാണുണ്ടാകുക. ഇതടക്കം ഹജ്ജുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങള്‍ മന്ത്രാലയം പുറത്തിറക്കി.

ആഗോളതലത്തില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരമുള്ളത്. അപേക്ഷകരെ തിരഞ്ഞടുക്കുന്നതിന് ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും സ്വദേശികള്‍ക്ക് 30 ശതമാനവും വിദേശികള്‍ക്ക് 70 ശതമാനവുമാണ് അനുപാതമെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് സ്വദേശികളുടെയും വിദേശികളുടെയും എണ്ണം പരിമിതപ്പെടുത്തിയതെന്നും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഈ വര്‍ഷം ഹജ്ജിന് അനുമതിയില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജൂലൈ പത്തൊമ്പത് മുതല്‍ മക്കയിലേക്കും ഹജ്ജിന്റെ വിശുദ്ധ കര്‍മങ്ങള്‍ക്ക് സാക്ഷിയാവുന്ന മിന, അറഫ, മുസ്ദലിഫ എന്നീ പ്രദേശങ്ങളിലേക്കും ഹജ്ജ് അനുമതി പത്രമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി ലഭിക്കുക. ആരോഗ്യ സുരക്ഷയുടെ ഭാഗമായി സാമൂഹിക അകലവും ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കരുതല്‍ നടപടികളും പാലിച്ചാണ് തീര്‍ഥാടകര്‍ പുണ്യഭൂമിയില്‍ കഴിയേണ്ടത്. നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രഥമ പരിഗണന ലഭിക്കുക. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴി ആയിരിക്കും വിദേശികളെ തിരഞ്ഞടുക്കുക.

വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി ലഭിക്കില്ല. കൊറോണവൈറസ് ബാധിതരല്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് (പി സി ആര്‍) ഉള്ളവര്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുകയെന്നും ഹജ്ജ് കര്‍മങ്ങള്‍ക്ക് മുമ്പും ശേഷവും ആരോഗ്യ മന്ത്രാലയത്തിന്റെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിയണമെന്നും മന്ത്രാലയം വ്യക്തമാക്കി.

---- facebook comment plugin here -----

Latest