Connect with us

National

വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നെങ്കിലും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല: കെജ്‌രീവാൾ

Published

|

Last Updated

ന്യൂഡൽഹി| രാജ്യ തലസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നെങ്കിലും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ. 72,000 പേർ രോഗമുക്തരായെന്നും അദ്ദേഹം വീഡിയോ കോൺഫറൻസിംഗ് വഴി പറഞ്ഞു.

ഡൽഹിയിൽ മരണനിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ടുകൾ. 15,000 രോഗികളിൽ നിലവിൽ വീടുകളിൽ ചികിത്സയിലുണ്ട്. രാജ്യത്തെ ആദ്യ കൊറോണ പ്ലാസ്മാ ബാങ്കും ഡൽഹിയിൽ ആരംഭിച്ചു. രോഗം ഗുരുതരമായ രോഗികളെ പ്ലാസ്മ തെറാപ്പിയിലൂടെ രോഗത്തിന്റെ കാഠിന്യം കുറക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രോഗമുള്ളവരെ സഹായിക്കാനായി പ്ലാസ്മ ദാനം ചെയ്യണമെന്നും അദ്ദേഹം നഗരവാസികളോട് അഭ്യർത്ഥിച്ചു. സംഭാവന നൽകാൻ മുന്നോട്ട് വരുന്നവരേക്കാൾ കൂടുതലാണ് പ്ലാസ്മ ആവശ്യമുള്ളവരുടെ എണ്ണം. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാവരും മുന്നോട്ട് വന്ന് പ്ലാസ്മ ദാനം ചെയ്യാൻ അഭ്യർത്ഥിക്കുന്നു. ഇത് വേദനയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാക്കില്ല. പ്ലാസ്മ സംഭാവന ചെയ്യുന്നവർ സമൂഹത്തിനായി നിസ്വാർത്ഥ സേവനം ചെയ്യുന്നവരാണെന്നും കെജ്‌രീവാൾ പറഞ്ഞു.

അതേസമയം, മൂന്ന് സർക്കാർ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗത്തിലെ കിടക്കകളുടെ എണ്ണം ഏകദേശം മൂന്നിരട്ടിയായി വർധിച്ചതായി സർക്കാർ അറിയിച്ചു. നഗരത്തിലെ മൂന്ന് കൊവിഡ് കെയർ ആശുപത്രികളായ ലോക് നായക് (എൽ എൻ ജെ പി), ഗുരു തെജ് ബഹദൂർ (ജി ടി ബി), രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവിടങ്ങളിൽ ഐ സി യു കിടക്കകൾ 169 ശതമാനം വർധനവ് ഉണ്ടായതായും സർക്കാർ ആറിയിച്ചു.

ഡൽഹിയിൽ ദിനംപ്രതി ആയിരക്കണക്കിന് പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ചവരെ 3067 മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest