Connect with us

Kerala

സ്വര്‍ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ കസ്റ്റഡിയില്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വിമാനത്താവളം വഴിയുള്ള ഏറ്റവും വലിയ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു എ ഇ കോണ്‍സുലേറ്റ് മുന്‍ പി ആര്‍ ഒ. സരിതിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. 15 കോടിയുടെ സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ചത്. കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ വന്ന ഡിപ്ലോമാറ്റിക് കാര്‍ഗോയില്‍ സ്റ്റീല്‍ പൈപ്പുകള്‍ക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചു വച്ചിരുന്നത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാര്‍ഗോയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ദുബൈയില്‍ നിന്നും സാധനങ്ങള്‍ എത്തിക്കാന്‍ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വര്‍ണ മടങ്ങിയ കാര്‍ഗോ വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ സരിത് സമ്മര്‍ദം ചെലുത്തിയതായും കാര്‍ഗോ തുറന്നാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, സംഭവത്തില്‍ തങ്ങള്‍ക്കെതിരായ എല്ലാ ആരോപണങ്ങളും യു എ ഇ കോണ്‍സുലേറ്റ് നിഷേധിച്ചു. ദുബൈയില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ക്കു മാത്രമാണ് ഓര്‍ഡര്‍ നല്‍കിയിരുന്നതെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കി. പൈപ്പുകളുള്‍പ്പടെയുള്ള ഒന്നിനും ഓര്‍ഡര്‍ നല്‍കിയിരുന്നില്ലെന്നും കോണ്‍സുലേറ്റ് കസ്റ്റംസിനെ അറിയിച്ചു. കോണ്‍സുലേറ്റിലെ ഒരു മുന്‍ ഉദ്യോഗസ്ഥക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് കസ്റ്റംസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അഞ്ചു പേര്‍ക്കു കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.

Latest