Connect with us

Achievements

നാസയുടെ അന്താരാഷ്ട്ര രചനാ മത്സരത്തിലും രാജ്യത്ത് ഒന്നാമതെത്തി കൊച്ചു മിടുക്കി

Published

|

Last Updated

തിരുവനന്തപുരം | നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾക്കിടെ നാസയുടെ അന്താരാഷ്ട്ര രചനാ മത്സരത്തിലും രാജ്യത്ത് നിന്ന് ഒന്നാമതായി വി എസ് ദിയ എന്ന കൊച്ചു മിടുക്കി. ലോകമെമ്പാടുമായി നാസ നടത്തിയ പ്രബന്ധ രചനയിലാണ് ദിയക്ക് അഭിമാനാർഹമായ നേട്ടം ലഭിച്ചത്. പുരസ്‌കാരത്തിന് പിന്നാലെ നാസയിലെ ശാസ്ത്രജ്ഞൻമാരും എൻജിനീയർമാരുമായി ഓഡിയോ- വീഡിയോ കോൺഫറൻസിനുള്ള ഭാഗ്യവും ദിയയെ തേടിയെത്തി. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഇന്റർനാഷനൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് ദിയ മത്സരത്തിൽ പങ്കെടുത്തത്. നാസയുടേതുൾപ്പെടെ ദേശീയ അന്തർദേശീയ തലങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങളാണ് കഴിഞ്ഞ അധ്യയന വർഷം മാത്രം ദിയയെ തേടിയെത്തിയത്.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന വീ ബോക്‌സ് ഇംഗ്ലീഷ് ഒളിമ്പ്യാഡിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയതും ദിയ തന്നെയാണ്. ജനുവരിയിൽ നടന്ന ക്രെസ്റ്റ് സയൻസ് ഒളിമ്പ്യാഡിൽ അന്തർ ദേശീയ തലത്തിൽ മൂന്നാം സ്ഥാനക്കാരിയായിരുന്നു ദിയ. ജനുവരി മാസത്തിൽ തന്നെ നടന്ന മറ്റൊരു അന്തർദേശീയ പ്രബന്ധ രചനയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. അന്തർദേശീയ തലത്തിൽ നടന്ന ഐ എസ് ടി എസ് ഇ സമ്മർ- 2020 പരീക്ഷയിൽ രണ്ടാം സ്ഥാനവും ദിയയുടെ നേട്ടങ്ങളിലുൾപ്പെടുന്നു.

മൂന്നാം ക്ലാസിലായിരിക്കെ 2017ൽ നടന്ന സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷന്റെ നാഷനൽ സൈബർ ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. വെള്ളയമ്പലം സ്വദേശികളായ വിജിത്ത്- ഡോ. ഷീന ദന്പതികളുടെ മകളാണ് ദിയ.

Latest