കസ്റ്റഡി മരണങ്ങളുടെ കഥ

പോലീസ്/ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, രോഗം വന്നും മറ്റുമുള്ള സ്വാഭാവിക മരണങ്ങൾ. രണ്ട്, ആത്മഹത്യയും സഹതടവുകാരുടെയും പോലീസ് ഓഫീസര്‍മാരുടെയും മർദനം ഉൾപ്പെടെയുള്ള കാരണങ്ങളാലുള്ള മരണങ്ങള്‍.
Posted on: July 5, 2020 4:05 am | Last updated: July 5, 2020 at 12:02 am

തൂത്തുക്കുടി ഇരട്ട കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ കസ്റ്റഡി മരണങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജയരാജും മകന്‍ ബെനിക്‌സുമാണ് പോലീസിന്റെ ക്രൂര മർദനത്തിനിരയായി കൊല്ലപ്പെട്ടത്. പ്രദേശവാസികളുടെയും വ്യാപാരികളുടെയും ശക്തമായ ഇടപെടല്‍ മൂലം സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യം വരിക്കുകയും ചെയ്തു. ഇത്തരത്തില്‍ മുഖ്യധാര ചര്‍ച്ച ചെയ്യപ്പെടുന്ന കസ്റ്റഡി മരണങ്ങള്‍ അപൂർവങ്ങളില്‍ അപൂർവമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജനാധിപത്യ സമൂഹം കുറ്റവാളികളെ സമീപിക്കേണ്ടത് പിഴച്ചുപോയ സഹജീവികള്‍ എന്ന നിലക്കാണ്. അവരോട് പ്രതികാരം ചെയ്ത് ഉന്മൂലനം ചെയ്യാനുള്ള ആർജവമല്ല ജനാധിപത്യ സമൂഹത്തില്‍ നിന്നുണ്ടാവേണ്ടത്. മറിച്ച്, കുറ്റകൃത്യത്തില്‍ നിന്ന് പിന്തിരിപ്പിച്ച് കുറ്റകൃത്യത്തെ ഉന്മൂലനം ചെയ്യാനുള്ള ആർജവമാണ്. കുറ്റവാളികളെ കാണേണ്ടത് ഏത് രൂപത്തിലാണെന്ന് നമ്മുടെ ഭരണഘടനയും അനുബന്ധ നിയമങ്ങളും കൃത്യമായി വിവരിക്കുന്നുമുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പോലും രാജ്യത്തെ പൗരന്മാര്‍ക്ക് ലഭ്യമായ അടിസ്ഥാന അവകാശങ്ങളൊക്കെ കുറ്റവാളിക്കും ലഭ്യമാക്കണമെന്നാണ് ഭരണഘടന നിഷ്‌കര്‍ശിക്കുന്നത്. പ്രത്യേകിച്ചും പോലീസ്, ജുഡീഷ്യല്‍ കസ്റ്റഡികളില്‍.

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ നിരീക്ഷണം ഇങ്ങനെ വായിക്കാം, “രോഗികളെപ്പോലെയാണ് കുറ്റവാളികളെ പരിഗണിക്കേണ്ടത്. ആവശ്യമായ പരിചരണവും ശുശ്രൂഷയും നല്‍കുന്ന ആശുപത്രികളാകണം ജയിലുകള്‍.’ എന്നാല്‍ നമ്മുടെ രാജ്യത്ത് ഇത് എത്രത്തോളം പാലിക്കപ്പെടുന്നുണ്ട്? നിയമങ്ങള്‍ നടപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘകരുടെ റോളില്‍ അവതരിക്കുന്നത് അത്ര ആശ്വാസ്യകരമല്ല.

കാലങ്ങൾക്കനുസരിച്ച് അനേകം മാറ്റങ്ങളും തിരുത്തലുകളും പോലീസ് സംവിധാനത്തില്‍ ഉണ്ടായിട്ടുണ്ട്. പോലീസ് എന്ന വാക്ക് തന്നെ സൃഷ്ടിച്ചിരുന്ന ഭീതി ഏറെക്കുറെ ഒഴിവാക്കി ജനങ്ങളോട് ചേര്‍ന്ന് നിന്നുള്ള സേവനങ്ങള്‍ക്കാണ് ഇന്ന് പോലീസ് സേന പ്രാമുഖ്യം നല്‍കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടിട്ടും കസ്റ്റഡി മരണങ്ങള്‍ അനുദിനം വർധിക്കുന്നു എന്നതാണ് വസ്തുത. ബ്രിട്ടീഷ് സര്‍ക്കാറിന് കീഴിലുള്ള പോലീസ് സേന ഇന്ത്യക്കാര്‍ക്കെതിരെ നടപ്പാക്കിയ മൂന്നാംമുറ ഇന്നും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ് ജയരാജും ബെനിക്‌സും.

കസ്റ്റഡി മരണങ്ങളുടെയും ലോക്കപ്പ് മർദനങ്ങളുടെയും തീവ്രമായ കഥകള്‍ കൂടുതലായും പുറത്തുവന്നത് അടിയന്തരാവസ്ഥാ കാലത്തായിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ പോലീസ് സേനയെ ഉപയോഗിച്ച് തീര്‍ത്തുകളയുന്ന ഭരണകൂട ഭീകരതകളായിരുന്നു അത്. അന്നത്തെ ഭീതിദമായ അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിവരിച്ചതിങ്ങനെ, “ലോക്കപ്പ് മുറിയടച്ചു. മുറിക്കു മുന്നിലെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയില്‍ വെളിച്ചമില്ല. മങ്ങിയ പ്രകാശമേയുള്ളൂ. രണ്ട് ചെറുപ്പക്കാര്‍, ആ സ്‌റ്റേഷനില്‍ ഉള്ളവരല്ല, പുറത്തു നിന്ന് ഇതിനായി പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി, മുറി തുറന്ന് അകത്തേക്ക് വന്നു. ഞാന്‍ ഇരിക്കുകയായിരുന്നു, എഴുന്നേറ്റ് നിന്നു. ഒരാള്‍ ചോദിച്ചു. എന്തടോ പേര്? ഞാന്‍ പറഞ്ഞു, വിജയന്‍. എന്ത് വിജയന്‍? പിണറായി വിജയന്‍’.

ലോക്കപ്പ് മുറികളിലെ ക്രൂരത വിവരിക്കുന്ന അനേകം അനുഭവങ്ങള്‍ പിന്നീട് പലരൂപത്തിലും പുറത്ത് വന്നിട്ടുണ്ട്. 1997ലെ ഡി കെ ബസുവും വെസ്റ്റ് ബംഗാളും തമ്മിലുള്ള കേസില്‍ കുറ്റാരോപിതന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗനിർദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, അതൊക്കെ കാറ്റില്‍ പറത്തി കസ്റ്റഡി മരണങ്ങള്‍ ഇന്നും തുടര്‍ക്കഥയാവുകയാണ്.

പോലീസ്/ ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്, രോഗം വന്നും മറ്റുമുള്ള സ്വാഭാവിക മരണങ്ങൾ. രണ്ട്, ആത്മഹത്യയും സഹതടവുകാരുടെയോ പോലീസ് ഓഫീസര്‍മാരുടെയോ മർദനം ഉൾപ്പെടെയുള്ള കാരണങ്ങളാലുള്ള മരണങ്ങള്‍. നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഏഴായിരത്തില്‍ കൂടുതല്‍ ജുഡീഷ്യല്‍, പോലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടക്ക് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്നത് 2018- 19 വര്‍ഷത്തിലാണ്. 2016- 17 വര്‍ഷത്തില്‍ 1,616 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 145 പോലീസ് കസ്റ്റഡി മരണവുമാണ് നടന്നത്. 1,636 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 146 പോലീസ് കസ്റ്റഡി മരണങ്ങളുമാണ് 2017- 18ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018- 19 വര്‍ഷം 1,797 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 136 പോലീസ് കസ്റ്റഡി മരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇവയില്‍ മിക്കതും സ്വാഭാവിക മരണമാണെന്നാണ് ബന്ധപ്പെട്ട ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വാഭാവിക മരണത്തിന്റെ കാരണമായി വിലയിരുത്തപ്പെടുന്നത് മതിയായ ചികിത്സയുടെയും ശുശ്രൂഷയുടെയും അഭാവമാണ്. കസ്റ്റഡികളില്‍ നിന്നുള്ള ആത്മഹത്യകളും കുറവല്ല. കടുത്ത മാനസിക സമ്മർദങ്ങളും ആവശ്യമായ പരിചരണങ്ങളുടെ അഭാവവും ഇതിന്റെ കാരണങ്ങളായി ഗണിക്കപ്പെടുന്നുണ്ട്.
ഇന്ത്യ ആന്വല്‍ റിപ്പോര്‍ട്ട് ഓണ്‍ ടോര്‍ച്ചര്‍ 2019 നല്‍കുന്ന സൂചനകള്‍ അത്ര ശുഭകരമല്ല. 1,731 കസ്റ്റഡി മരണങ്ങളാണ് 2019ല്‍ മാത്രമായി രാജ്യത്ത് നടന്നത്. 1,606 ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളും 125 പോലീസ് കസ്റ്റഡി മരണങ്ങളും ഇതിൽ ഉൾപ്പെടും. ജുഡീഷ്യല്‍ കസ്റ്റഡി മരണങ്ങളില്‍ അധികവും സ്വാഭാവിക മരണങ്ങളാണ്. എന്നാല്‍, 125 പോലീസ് കസ്റ്റഡി മരണങ്ങളില്‍ 74.4 ശതമാനം വരുന്ന 93 എണ്ണം പീഡനം, അശ്രദ്ധ മൂലമുള്ള മരണങ്ങളാണെന്ന് ആരോപിക്കപ്പെട്ടവയാണ്. 19.2 ശതമാനം വരുന്ന 24 എണ്ണം സംശയാസ്പദ സാഹചര്യങ്ങളിലുള്ള മരണങ്ങളും എട്ട് ശതമാനം വരുന്ന അഞ്ചെണ്ണം കാരണം വ്യക്തമാകാത്ത മരണങ്ങളുമാണ്. ഈ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ദിനേന അഞ്ച് പേര്‍ കസ്റ്റഡിയില്‍ മരിക്കുന്നുണ്ട്. എന്നാല്‍, ഒട്ടുമിക്ക മരണങ്ങളും വാര്‍ത്തയാകുന്നില്ല. മാത്രമല്ല, ഇത്തരത്തിലുള്ള പല കേസുകളും ഭീഷണികളിലൂടെയും ചെറിയ നഷ്ടപരിഹാരം നല്‍കുന്നതിലൂടെയും ഒത്തുതീര്‍പ്പിലെത്തുന്നുമുണ്ട്. ജനമൈത്രി പോലീസ് എന്ന ലേബലില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെങ്കിലും കേരള പോലീസിലെ കസ്റ്റഡി മരണങ്ങളും വിഭിന്നമല്ല.

ഏറ്റവും കടുത്ത കുറ്റവാളിയോട് പോലും ശാരീരിക അക്രമത്തിന്റെ നേരിയ ഒരു മുറ പോലും പ്രയാഗിക്കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നിട്ടും, വളരെ കിരാതമായ മാര്‍ഗങ്ങളാണ് പല ലോക്കപ്പുകളിലും ഈ ജനമൈത്രികാലത്തും അവലംബിക്കുന്നത്. ശരീരത്തില്‍ ഇരുമ്പ് കമ്പികള്‍ അടിച്ചുകയറ്റുക, കാലുകളില്‍ റോളര്‍ ഉരുട്ടുക, ഇലക്ട്രിക് ഷോക് ഏല്‍പ്പിക്കുക, സ്വകാര്യ അവയവങ്ങളില്‍ മുളക് പൊടി വിതറുക, പെട്രോളൊഴിക്കുക എന്നിങ്ങനെയുള്ള അതിക്രൂരവും പ്രാകൃതവുമായ പല വഴികളും പോലീസ് ഉപയോഗിക്കുന്നതായി എന്‍ സി എ ടി (നാഷനല്‍ ക്യാമ്പയിന്‍ എഗൈന്‍സസ്റ്റ് ടോര്‍ച്ചര്‍) ഡയറക്ടര്‍ പരിതോഷ് ചക്മ വെളിപ്പെടുത്തുന്നു. അനുദിനം നടക്കുന്ന ഇത്തരം ജുഡീഷ്യല്‍, പോലീസ് കസ്റ്റഡി മരണങ്ങളില്‍ വളരെ ചുരുക്കം കേസുകള്‍ മാത്രമേ മുഖ്യധാരയില്‍ ചര്‍ച്ചയാവുന്നുള്ളൂ. കൂടുതലായും വാര്‍ത്തയാക്കപ്പെടുന്നതും പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുന്നതും പ്രവിലേജ്ഡ് കമ്മ്യൂണിറ്റിയില്‍ പെട്ടവരുടെ മരണങ്ങള്‍ മാത്രമാണ്.

അരികുവത്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങളിലെ കസ്റ്റഡി മരണങ്ങള്‍ക്ക് വാര്‍ത്താപ്രധാന്യം കൈവരുന്നില്ല.
എന്‍ സി എ ടി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ കസ്റ്റഡി മരണങ്ങളില്‍ 75 പേര്‍ ദരിദ്രരായ പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്നുള്ളവരാണ്. പെറ്റി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോലും കസ്റ്റഡി മരണങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ട്. കസ്റ്റഡി കൊലപാതകങ്ങള്‍ക്ക് പുറമെ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളും പോലീസ് കസ്റ്റഡികളില്‍ നിന്ന് നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2000- 2018 കാലയളവില്‍ 2,000 മനുഷ്യാവകാശ ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇത്തരത്തില്‍ കേസുകള്‍ അനുദിനം വർധിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണം, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നത് തന്നെയാണ്. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പരാതി നല്‍കിയാല്‍ തന്നെ അന്വേഷണം മരവിപ്പിച്ചും സ്വാഭാവിക മരണമായി വരുത്തിത്തീര്‍ത്തുമാണ് പലപ്പോഴും കേസുകള്‍ അവസാനിപ്പിക്കുക. പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ആദ്യമായി ഉത്തരവിറക്കിയത് 1993ലെ ബെഹ്‌റയും ഒറീസയും തമ്മിലുള്ള കേസിലാണ്. അതിന് ശേഷവും വളരെ ചുരുക്കം കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടത്. 2001- 18 കാലയളവില്‍ 1,727 പോലീസ് കസ്റ്റഡി മരണങ്ങള്‍ നടന്നതില്‍ ശിക്ഷിക്കപ്പെട്ടത് കേവലം 26 പോലീസുകാരാണ്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ടനുസരിച്ച് 2000-18 കാലയളവില്‍ നടന്ന 2,000 മനുഷ്യാവകാശ ലംഘന കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് വെറും 344 പോലീസുകാര്‍ മാത്രം. അതായത്, കസ്റ്റഡി മരണങ്ങളിലും പീഡനങ്ങളിലും പ്രതികളായ ചുരുക്കം ചിലരേ ശിക്ഷിക്കപ്പെടുന്നുള്ളൂ. ശേഷിക്കുന്നവര്‍ ഉദ്യോഗസ്ഥ സഹായവും നിയമത്തിലെ പഴുതുകളും മൂലം രക്ഷപ്പെടുന്നു.
വർധിച്ചുവരുന്ന കസ്റ്റഡി മരണങ്ങള്‍ക്ക് തടയിടാനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അനേകം നിർദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍, പല നിർദേശങ്ങളും ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും നടപ്പാക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

അമേരിക്കയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിന് ആദരാജ്ഞലികളും അനുശോചനങ്ങളുമായി സാമൂഹിക മാധ്യമങ്ങള്‍ സജീവമാക്കിയ നാം നമുക്കിടയിലെ ഫ്ലോയിഡുമാരെ ശ്രദ്ധിക്കാതെ പോകുന്നു. ഫ്ലോയിഡിന്റെ കസ്റ്റഡി മരണത്തിലുള്ള തീവ്രവേദന രാജ്യത്ത് ആയിരങ്ങള്‍ കസ്റ്റഡിയില്‍ മരിക്കുമ്പോള്‍ നമുക്കുണ്ടാവുന്നില്ല എന്നതാണ് സത്യം.