Connect with us

Editorial

അതിര്‍ത്തി സംഘര്‍ഷവും മോദിയുടെ മിന്നല്‍ സന്ദര്‍ശനവും

Published

|

Last Updated

ചൈനക്കുള്ള വ്യക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത അതിര്‍ത്തി സന്ദര്‍ശനം. അതിര്‍ത്തില്‍ ചൈനീസ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റം ഇന്ത്യ അതീവ ഗൗരവമായെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും രാജ്യം സന്നദ്ധമല്ലെന്നുമുള്ള മുന്നറിയിപ്പുമായിരുന്നു ഇതിലൂടെ അദ്ദേഹം ചൈനീസ് നേതൃത്വത്തിന് നല്‍കിയത്. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് ആത്മവിശ്വാസം പകരാനും ഈ സന്ദര്‍ശനം സഹായകമായി. തീര്‍ത്തും തന്ത്രപരമായ ഒരു നീക്കമായാണ് രാജ്യത്തെ രാഷ്ട്രീയ തന്ത്രജ്ഞരും പ്രതിരോധ വിദഗ്ധരും ഇതിനെ വിലയിരുത്തുന്നത്.

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനും കരസേനാ മേധാവി എം എം നരവണെക്കുമൊപ്പമായിരുന്നു മോദി 11,000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ലഡാക്കിലെ നിമുവിലെത്തിയത്. അവിടെ അദ്ദേഹം ജവാന്മാരുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ഗാല്‍വൻ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരെ സന്ദര്‍ശിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സേനാ വിന്യാസവും വിലയിരുത്തി. മോദിയുടെ ഈ സന്ദര്‍ശനത്തെക്കുറിച്ചു മുന്‍കൂട്ടി ആര്‍ക്കും ധാരണയുണ്ടായിരുന്നില്ല. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ് ലഡാക്ക് സന്ദര്‍ശിക്കുമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നുമായിരുന്നു നേരത്തേ വന്ന വിവരം. പിന്നീടത് മാറ്റിവെച്ചതായി അറിയിപ്പ് വന്നു. പ്രധാനമന്ത്രി അതിര്‍ത്തിയില്‍ ഇറങ്ങി പുറത്തുവന്ന ശേഷമാണ് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരിലെയും പാര്‍ട്ടി നേതാക്കളിലെയും പലരും മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് അറിയുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഈ നീക്കത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം വെള്ളിയാഴ്ച പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് മോദി അതിര്‍ത്തിയിലേക്ക് പറന്നത്.

ചൈനയുടെ ഏത് നീക്കവും നേരിടാനുള്ള തയ്യാറെടുപ്പില്‍ അതിര്‍ത്തില്‍ ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചിട്ടുമുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് മൂന്ന് ഡിവിഷന്‍ സൈന്യത്തെയാണ് പുതുതായി അതിര്‍ത്തിയിലെത്തിച്ചത്. നേരത്തേ ഒരു ഡിവിഷന്‍ മാത്രമാണ് ലഡാക്കിലുണ്ടായിരുന്നത്. 1,500 മുതല്‍ 2,000 വരെ സൈനികര്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു ഡിവിഷന്‍. നിയന്ത്രണ രേഖ തുടങ്ങുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമുര്‍ വരെയാണ് സൈനിക വിന്യാസം. ഇതോടൊപ്പം പടക്കോപ്പുകളും പീരങ്കികളും കവചിത വാഹനങ്ങളും മറ്റു ആയുധ സന്നാഹങ്ങളും വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കില്‍ ചൈനയുമായി 865 കി. മീറ്റര്‍ വരുന്ന നിയന്ത്രണ രേഖയാണ് ഇന്ത്യക്കുള്ളത്.

അതേസമയം, നയതന്ത്രനീക്കം എന്നതിലുപരി മോദിയുടെ അതിര്‍ത്തി സന്ദര്‍ശനത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്താണ് ലഡാക്കില്‍ സംഭവിച്ചത്? എത്ര സൈനികര്‍ കൊല്ലപ്പെട്ടു. ചൈന ഇന്ത്യന്‍ പ്രദേശം കൈയേറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല. ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ കടന്നുകയറിയ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതെന്നായിരുന്നു ഇത് സംബന്ധിച്ചുള്ള ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ചൈന ഇന്ത്യന്‍ ഭൂമി കൈയേറിയിട്ടില്ലെന്നും സ്ഥലങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നുമാണ്. എങ്കില്‍ പിന്നെ എന്തിനാണ് നമ്മുടെ സൈനികര്‍ അക്രമിക്കപ്പെട്ടതെന്നും അവര്‍ എവിടെ വെച്ചാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നു. “അപ്പോള്‍ അതിര്‍ത്തിയില്‍ യാതൊരു സംഘര്‍ഷവുമില്ലെന്നാണോ പ്രധാനമന്ത്രി പറയുന്നത്? പിന്നെന്തിനാണ് ഇന്ത്യയുടെ ധീരരായ സൈനികര്‍ ജീവത്യാഗം ചെയ്തത്? എന്തിനാണ് അതിര്‍ത്തി സംഘര്‍ഷം പറഞ്ഞ് സര്‍വകക്ഷി യോഗം വിളിച്ചതെന്ന്” സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചോദിച്ചു.

കൂടാതെ, സേനാപിന്മാറ്റം സംബന്ധിച്ച് നടന്ന ഇന്ത്യ- ചൈന ചര്‍ച്ചയുടെ ഗതി എന്തായി എന്ന ചോദ്യവും ഉയര്‍ന്നു. നിയന്ത്രണ രേഖയില്‍ ഉണ്ടായ സംഘര്‍ഷം ലഘൂകരിക്കാനും ഏറ്റുമുട്ടല്‍ ഒഴിവാക്കാനും ജൂണ്‍ ആറിന് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പ്രാബല്യത്തില്‍ വരുത്താന്‍ സൈനിക കമാന്‍ഡര്‍മാര്‍ നിരന്തരം കൂടിക്കാഴ്ചകള്‍ തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, ചൈനീസ് സൈന്യം നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്തുള്ള ഗാല്‍വന്‍ താഴ്‌വരയില്‍ സൈനിക പോസ്റ്റ് സ്ഥാപിക്കുന്നതും സൈനികര്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷമുണ്ടായതും. ഇതോടെ, ആസൂത്രിതവും മുന്‍കൂട്ടി തയ്യാറാക്കിയതുമാണ് ചൈനയുടെ ആക്രമണ പദ്ധതിയെന്നും ആ നീക്കങ്ങള്‍ക്ക് മറയിടാനുള്ള തന്ത്രമായിരുന്നു സൈനിക ചര്‍ച്ചകളെന്നും സന്ദേഹമുയര്‍ന്നു. എങ്കില്‍, ഇത് ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം കടുത്ത നാണക്കേടാണ്. ചൈനയുടെ നീക്കങ്ങള്‍ മണത്തറിയാന്‍ കഴിഞ്ഞില്ലെന്നത് നമ്മുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയുമാണ്. ഇതിന്റെ ജാള്യത മറച്ചുപിടിക്കാനാണ് മോദിയുടെ അതിര്‍ത്തി സന്ദര്‍ശനമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

അതെന്തായാലും ചൈനയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഗൗതം ബംബവാലെ അഭിപ്രായപ്പെട്ടപോലെ അതിര്‍ത്തിയില്‍ ഇരു സൈനികരും സ്വീകരിക്കേണ്ട മര്യാദകളുടെയും മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ചൈനീസ് സൈനികരുടെ ഭാഗത്ത് നിന്നുണ്ടായത്. ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. സൈനിക നടപടിയിലേക്ക് നീങ്ങാതെ നയതന്ത്രതലത്തില്‍ തന്നെ പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. ഒരു യുദ്ധത്തിന് നമ്മുട സൈന്യം ശക്തരാണെങ്കിലും ഈ മഹാമാരിക്കിടെ, കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും സമ്പദ്ഘടനക്ക് ക്ഷതവും ഏല്‍പ്പിക്കും. ലഡാക്കിലെ ജവാന്മാരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞ ചില വാക്കുകള്‍ക്ക് അടിവരയിടേണ്ടതുണ്ട്. “ദുര്‍ബലന് ഒരിക്കലും സമാധാനം സ്ഥാപിക്കാന്‍ കഴിയില്ല. എന്നാല്‍ ശക്തന് എപ്പോഴും സമാധാനം സ്ഥാപിക്കാന്‍ കഴിയും”