Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

ജിനുമോന്‍, ജംഷീര്‍, രതീഷ്‌

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ജിസാനിലെ ദര്‍ബില്‍ ആലപ്പുഴ വെളിയനാട് സ്വദേശി കൊച്ചുപറമ്പില്‍ ജിനുമോന്‍ (49), റിയാദില്‍ കോഴിക്കോട് ബേപ്പൂര്‍ പോറ്റമ്മല്‍ സിദ്ദീഖ്- സലീന ദമ്പതികളുടെ മകന്‍ ജംഷീര്‍ (31), പത്തനംതിട്ട അടൂര്‍ ചൂരക്കോട് ചാത്തന്നൂപുഴ പാലവിള പുത്തന്‍വീട്ടില്‍ തങ്കപ്പന്‍- രമണി ദമ്പതികളുടെ മകന്‍ രതീഷ് തങ്കപ്പന്‍ (31) എന്നിവരാണ് മരിച്ചത്.

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പാണ് ജിനുമോന്‍ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ബെയ്ഷിലെ ജനറല്‍ ആശുപതിയിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് പ്രകാരം താമസ സ്ഥലത്തെ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മരിക്കുകയുമായിരുന്നു. നേരത്തേ ഖമീസ് മുശൈത്തിലായിന്നു ജോലി ചെയ്തിരുന്നത്. എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയ ശേഷം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ തൊഴില്‍ വിസയില്‍ ദര്‍ബിലെത്തിയത്. ഭാര്യ: സോഫിയ. മൂന്ന് കുട്ടികളുണ്ട്.

റിയാദിലെ ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബേപ്പൂര്‍ സ്വദേശി ജംഷീര്‍. ശിഫയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സലീല. രതീഷ് തങ്കപ്പന്‍ റിയാദിലെ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയവെ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഫൈബര്‍ ടെലികോം ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: രമ്യ.