തൂത്തുക്കുടി കസ്റ്റഡി മരണം: അതേ പോലീസുകാർ അറസ്റ്റ് ചെയ്ത യുവാവിനും ദാരുണാന്ത്യം 

Posted on: July 4, 2020 11:15 am | Last updated: July 4, 2020 at 11:15 am

ചെന്നൈ | തൂത്തുക്കുടിയിൽ പിതാവും മകനും കസ്റ്റഡിയിൽ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുശേഷം പോലീസ് ക്രൂരതയുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി പുറത്തുവരുന്നു. ജയരാജിന്റയും ബെന്നിക്‌സിന്റെയും മരണത്തിന് കാരണക്കാരായവർ തന്നെയാണ് ഈ മരണത്തിലും പങ്കാളികളായത്. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രന്റെ(28) മരഎത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ജയരാജനേയും ബെന്നിക്‌സിനെയും അറസ്റ്റ് ചെയ്ത പോലീസുകാർ തന്നെയാണ് മഹേന്ദ്രനെയും കസ്റ്റഡിയിലെടുത്തത്. കൊലപാതക കേസ് പ്രതിയായ മഹേന്ദ്രന്റെ ജ്യേഷ്ഠൻ ദുരൈയെ അന്വേഷിച്ചാണ് സതങ്കുളം സബ് ഇൻസ്‌പെക്ടർ രഘു ഗണേഷും സംഘവും മെയ് 23ന് ഇവരുടെ വീട്ടിലെത്തിയത്. മഫ്തിയിലെത്തിയ രഘു ഗണേഷിന്റെ കൈയിൽ തോക്കും ഉണ്ടായിരുന്നു. സഹോദരൻ വീട്ടിലില്ലാത്തതിനാൽ മഹേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുരൈ കീഴടങ്ങിയതിന് ശേഷം മാത്രമേ മഹേന്ദ്രനെ മോചിപ്പിക്കൂവെന്നും പറഞ്ഞ് വാറണ്ട് പോലുമില്ലാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടംബം പറയുന്നത്. പോലീസുകാർ വന്ന വാഹനത്തിന്റെ മുൻവശത്തേയും പിൻവശത്തേയും നമ്പർ പ്ലേറ്റുകൾ നീക്കം ചെയ്തിരുന്നെന്ന് മഹേന്ദ്രന്റെ അമ്മാവൻ പെരുമാൾ പറഞ്ഞു.

പിറ്റേ ദിവസം രാത്രിയാണ് മഹേന്ദ്രനെ അവർ വിട്ടയച്ചത്. സ്റ്റേഷനിൽ നിന്നെത്തിയ അവൻ അവശനായിരുന്നെന്നും ശരീരത്തിന്റെ ഒരു വശം പൂർണമായും തളർന്ന അവസ്ഥയിലായിരുന്നെന്നും ശാരീരിക വെല്ലുവിളി നേരിടുന്ന മഹേന്ദ്രന്റെ അമ്മ വാദിവു പറഞ്ഞു. കസ്റ്റഡിയിൽ എടുത്തുകൊണ്ടുപോകുമ്പോൾ വീട്ടിൽ വെച്ച് തന്നെ അവർ മഹേന്ദ്രനെ മർദിച്ചിരുന്നു. പേരക്കുട്ടിയെ കുറിച്ച് മറന്നേക്കൂ എന്നാണ് പോലീസുകാരൻ പറഞ്ഞതെന്ന് മഹേന്ദ്രന്റെ അമ്മൂമ്മയും പറഞ്ഞു. തിരിച്ചെത്തിയപ്പോൾ അവന് വെള്ളം പോലും കുടിക്കാൻ പറ്റിയിരുന്നില്ല.

രണ്ടാഴ്ച വീട്ടിൽ കഴിഞ്ഞ മഹേന്ദ്രൻ തിരിച്ച് പഴയ രൂപത്തിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അസുഖം ഭേദമാക്കാത്തതിനാൽ തൂത്തുക്കുടിയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് നടത്തിയ സ്‌കാനിംഗിൽ തലച്ചോറിൽ കാര്യമായ പരുക്കേറ്റതായും അണുബാധയുണ്ടായതായും ഡോക്ടർമാർ പറഞ്ഞു. വ്യഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അവൻ ശനിയാഴ്ച മരിച്ചു- കുടുംബം പറഞ്ഞു.

തന്റെ മകൻ നിരപരാധിയായിരുന്നു. ഇതുവരം അവനെതിരെ ഒരു കേസും പോലും ഉണ്ടായിരുന്നു. അവനെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്തിനാണ് അവർ അവനെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. അങ്ങേയറ്റം തകർന്നാണ് അവൻ സ്‌റ്റേഷനിൽ നിന്ന് എത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവൻ – മഹേന്ദ്രന്റെ അമ്മ പറഞ്ഞു.

അതേസമയം മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും കൊവിഡ് കേസുകൾ ഉള്ളതിനാൽ കഴിയില്ലെന്നായിരുന്നു അവർ പറഞ്ഞതെന്ന് കുടുംബം ആരോപിച്ചു. മകന്റെ മരണത്തിൽ ഞങ്ങൾക്ക് നീതി വേണം. അതിനായി നിയമപാലകരെല്ലാം കൈമലർത്തിയപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ് വാദിവു. കേസിൽ സമഗ്രാന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്പിൽ കൊണ്ടുവരണമെന്നും മഹേന്ദ്രന്റെ കുടുബം പറഞ്ഞു.