National
ആംബുലൻസിനായി മണിക്കൂറുകളോളം കാത്തുനിന്നു; കൊവിഡ് രോഗി റോഡിൽ കുഴഞ്ഞ് വീണു മരിച്ചു

ബംഗളൂരു| ആംബുലൻസിനായി മണിക്കൂറുകളോളം കാത്തുനിന്ന കൊവിഡ് രോഗി ശ്വാസം കിട്ടാതെ റോഡിൽ കുഴഞ്ഞ് വീണു മരിച്ചു. ബംഗളൂരു ഹനുമന്ത നഗറിൽ ഇന്നലെ വൈകീട്ടാണ് സംഭവം. 63 വയസുകാരനാണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇയാൾ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ചയാണ് ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച കിട്ടിയ പരിശോധനാ ഫലത്തിൽ ഇയാൾക്ക് കൊവിഡ് ഉള്ളതായി സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ ചികിത്സയിലായിരുന്ന ഇയാളുെട നില വഷളായതിനാൽ ഇന്നലെ ആശുപത്രിയെ വിവരം അറിയിക്കുകയും ആംബുലൻസിനായി ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഇദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. ഇതേത്തുടർന്ന് ഇയാളും കുടുംബവും റോഡിൽ ആംബുലൻസിനായി മണിക്കൂറുകളോളം കാത്തുനിന്നു. ഒട്ടോറിക്ഷ കിട്ടുമെന്ന് കരുതി മെയിൻ റോഡിലേക്ക് വന്നു. എന്നാൽ ഓട്ടോയും കിട്ടിയില്ല. ശേഷമാണ് റോഡിൽ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചത്. മരിച്ചതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ആംബുലൻസ് വന്നത്.
ബംഗളൂരു ആശുപത്രിയിൽ കൊവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന പരാതികൾ വ്യാപകമാകുമ്പോഴാണ് പുതിയ സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ബംഗളൂരു സിവിൽ ബോഡി കമ്മീഷണർ അനിൽ കുമാർ പറഞ്ഞു.
ബംഗളൂരുവിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഒരാഴ്ചക്കിടെ പതിന്മടങ്ങ് വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 994 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.