Connect with us

Malappuram

മൂര്‍ക്കനാട് എ ഇ എം എ യു പി സ്‌കൂളില്‍ 'ആനയിറങ്ങി'

Published

|

Last Updated

കൊളത്തൂര്‍ | മൂര്‍ക്കനാട് എ ഇ എം എ യു പി സ്‌കൂളിലെ എല്‍ കെ ജി ക്ലാസില്‍ “ആനയിറങ്ങി.”യഥാര്‍ഥ ആനയല്ലെന്നു മാത്രം. ഔപചാരിക രീതികളും മാര്‍ഗങ്ങളും അവലംബിച്ചു നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ലോക്ഡൗണിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന ഒരു സവിശേഷ ഘട്ടത്തിലാണ് ഓണ്‍ലൈന്‍ പഠനത്തിന്റെ പുത്തന്‍ സാധ്യതകളുമായി ഈ സ്‌കൂള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആകൃഷ്ടരാക്കുന്ന “ഓഗ്മെന്റഡ് റിയാലിറ്റി” എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇവിടുത്തെ അധ്യാപകര്‍ ആനയെ ക്ലാസില്‍ അവതരിപ്പിച്ചത്.

ക്ലാസ് മുറിയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ അമൂര്‍ത്താശയങ്ങളുടെ ദൃശ്യവിരുന്നൊരുക്കി പഠനം ആനന്ദപൂര്‍ണവും ആകര്‍ഷകവുമാക്കുന്ന ഐ ടി അധിഷ്ഠിത മായാജാല ലോകം കുട്ടികള്‍ക്കായി കാഴ്ചവക്കുകയാണ് മൂര്‍ക്കനാട് എ ഇ എം എ യു പി. കേരളത്തില്‍ തന്നെ ഒരു പൊതു വിദ്യാലയം ആദ്യമായിട്ടായിരിക്കും ഓഗ്മെന്റഡ് റിയാലിറ്റി വഴിയുള്ള പഠന തന്ത്രം ആവിഷ്‌കരിക്കുന്നത്. ഈ പാഠ്യരീതിയിലൂടെ വിദ്യാലയം ഓണ്‍ലൈന്‍ പഠന രംഗത്ത് വലിയൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നത്.

ഇത്തരം ക്ലാസുകള്‍ വിദ്യാലയത്തിന്റെ തന്നെ യുട്യൂബ് ചാനല്‍ വഴിയും, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. ശാസ്ത്ര വിഷയങ്ങളിലടക്കം തയാറാക്കിയ ക്ലാസുകള്‍ വരും ദിവസങ്ങളില്‍ യുട്യൂബ് ചാനല്‍ വഴി കുട്ടികള്‍ക്ക് നല്‍കും. “അറിവ് നല്‍കാം, പുതിയ വഴികളിലൂടെ” എന്ന ആശയത്തെ മുന്‍നിര്‍ത്തി വിദ്യാലയത്തിലെ അധ്യാപകനായ വി ശ്യാമാണ് ഇത് പ്രാവര്‍ത്തികമാക്കിയത്. അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ സിന്ധു, സുനിത, ജയശ്രീ തുടങ്ങിയ അധ്യാപകര്‍ ആദ്യഘട്ട ക്ലാസുകള്‍ അവതരിപ്പിച്ചു.

Latest