Connect with us

National

എസ് പി ജി സുരക്ഷയില്ലാത്തതിനാല്‍ പ്രിയങ്കയെ ഒഴിപ്പിച്ചു; എസ് പി ജിയില്ലാത്ത അഡ്വാനിക്കും ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയാം

Published

|

Last Updated

ന്യൂഡല്‍ഹി | എസ് പി ജി സുരക്ഷ ഇല്ല എന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വസതി ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്രം നോട്ടീസ് അയച്ചെങ്കിലും, എസ് പി ജി സുരക്ഷയോ ഔദ്യോഗിക, പാര്‍ലിമെന്ററി സ്ഥാനമോ ഇല്ലാത്ത ബി ജെ പി നേതാക്കളായ എല്‍ കെ അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ കഴിയാം. നേരത്തേ ഉയര്‍ന്ന ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കള്‍ക്കും ഡല്‍ഹിയിലെ ലുട്ടീന്‍സ് ബംഗ്ലാവ് തുടര്‍ന്നും അനുവദിച്ചത്.

അഡ്വാനിക്ക് ആജീവനാന്തവും ജോഷിക്ക് 2022 ജൂണ്‍ 25 വരെയുമാണ് സര്‍ക്കാര്‍ വസതികളില്‍ കഴിയാന്‍ അനുമതി. ഇരു നേതാക്കള്‍ക്കും വധ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ഇക്കാലമത്രയും സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ താമസം ലഭിച്ചിരുന്നത്. കേന്ദ്ര നയം അനുസരിച്ച്, എസ് പി ജി സുരക്ഷ ഇല്ലാത്ത സ്വകാര്യ വ്യക്തികള്‍ക്ക് സുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ താമസം ലഭിക്കില്ല. എന്നാല്‍, ഭീഷണി നിലനില്‍ക്കുന്ന ഇസഡ് പ്ലസ് സുരക്ഷയുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതുപ്രകാരമാണ് അഡ്വാനിക്കും ജോഷിക്കും തുടര്‍ന്നും സര്‍ക്കാര്‍ വസതിയില്‍ കഴിയാന്‍ സാഹചര്യമൊരുങ്ങിയത്.

1997 മുതല്‍ താമസിക്കുന്ന ബംഗ്ലാവില്‍ നിന്ന് ആഗസ്റ്റ് ഒന്നിനകം ഒഴിയാന്‍ കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ഗാന്ധിക്ക് നോട്ടീസ് ലഭിച്ചത്. എസ് പി ജി സുരക്ഷ ഇല്ലാത്തതിനാലായിരുന്നു ഇത്. കഴിഞ്ഞ നവംബറിലാണ് പ്രിയങ്കക്ക് പുറമെ സോണിയ, രാഹുല്‍ എന്നിവരുടെയും എസ് പി ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.