Connect with us

Ongoing News

65 വയസ്സിനു മുകളിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം; വിജ്ഞാപനമായി

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പുകളില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ തീരുമാനിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കൊവിഡ് മാരകമാകുന്നത് 65 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് എന്നതിന്റെ അടിസ്ഥാനത്തിലാണിത്. ഇതിനു പുറമെ, കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതു മുന്‍നിര്‍ത്തിയാണ് തീരുമാനം. 80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു. കൊവിഡ് സാഹചര്യത്തില്‍പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിനുള്ള പ്രായപരിധി 80 വയസ്സില്‍ നിന്ന് 65 ആക്കി കുറയ്ക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.