Connect with us

National

സ്വകാര്യ പങ്കാളിത്തത്തോടെ 151 ട്രെയിന്‍ സര്‍വീസുകള്‍; പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി റെയില്‍വേ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് സ്വകാര്യ പങ്കാളിത്തത്തോടെ151 ആധുനിക ട്രെയിനുകള്‍ ഓടിക്കുന്നതിന് പ്രാരംഭ നടപടി സ്വീകരിച്ചതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേയുടെ12 ക്ലസ്റ്ററുകളിലായുള്ള 109 റൂട്ടുകളില്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനാണ് സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്നത്. ഇന്ത്യന്‍ റെയില്‍വേ വകുപ്പില്‍ ഇതാദ്യമായാണ് യാത്രാ ട്രെയിന്‍ സര്‍വീസിന് സ്വകാര്യ മേഖലക്ക് അവസരം നല്‍കുന്നത്. 35 വര്‍ഷത്തേക്കാണ് സ്വകാര്യ മേഖലക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന ട്രെയിനുകളായിരിക്കും ഓടിക്കുക. 16 കോച്ചുകള്‍ വീതമാണ് ട്രെയിനുകള്‍ക്കുണ്ടാവുക. ഇവയുടെ നിര്‍മാണം, പ്രവര്‍ത്തനം, പരിപാലനം തുടങ്ങിയവയുടെയെല്ലാം ഉത്തരവാദിത്തം സ്വകാര്യ കമ്പനിക്കായിരിക്കും. കമ്പനികള്‍ റെയില്‍വേക്ക് നിശ്ചിത തുക നല്‍കണം. ഇന്ത്യന്‍ റെയില്‍വേയുടെ ജീവനക്കാരായിരിക്കും ട്രെയിനുകളില്‍ സേവനമനുഷ്ഠിക്കുക. ഇന്ത്യന്‍ റെയില്‍വേ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിട്ടായിരിക്കണം സര്‍വീസ് നടത്തേണ്ടത്.

പദ്ധതിക്കായി സ്വകാര്യ മേഖലയില്‍ നിന്ന് 30,000 കോടിയുടെ നിക്ഷേപം സമാഹരിക്കാനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്. ഇതിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, യാത്രാസമയം കുറയ്ക്കുക, സുരക്ഷ വര്‍ധിപ്പിക്കുക, ലോകനിലവാരത്തിലുള്ള യാത്രാസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനാണ് തീരുമാനമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Latest