Connect with us

National

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ പ്രിയങ്കയോട് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആഗസ്റ്റ് ഒന്നിനകം ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. ബംഗ്ലാവ് അനുവദിച്ചത് ഇന്ന് മുതല്‍ റദ്ദാക്കിയതായി സര്‍ക്കാര്‍ അയച്ച നോട്ടീസില്‍ പറയുന്നു. ലോധി റോഡിലെ ബംഗ്ലാവില്‍ നിന്ന് ഇറങ്ങാന്‍ കേന്ദ്ര ഭവന- നഗരകാര്യ മന്ത്രാലയമാണ് നോട്ടീസ് അയച്ചത്.

ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലകളിലൊന്നാണ് ലോധി റോഡ്. നിലവില്‍ എസ് പി ജി സുരക്ഷ പ്രിയങ്കക്ക് ഇല്ലാത്തതിനാലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം എസ് പി ജി സുരക്ഷ ഒഴിവാക്കി പകരം ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് നോട്ടീസില്‍ പറയുന്നു. ലോധി എസ്‌റ്റേറ്റിലെ ആറ് ബി ടൈപ് 35ാം നമ്പര്‍ ബംഗ്ലാവായിരുന്നു നേരത്തേ പ്രിയങ്കക്ക് അനുവദിച്ചിരുന്നത്.

ആഗസ്റ്റ് ഒന്നിനകം ഒഴിഞ്ഞില്ലെങ്കില്‍ പ്രിയങ്കക്ക് പിഴ അടക്കേണ്ടി വരും. കഴിഞ്ഞ നവംബറിലാണ് പ്രിയങ്കക്കും മാതാവ് സോണിയ ഗാന്ധിക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കുമുള്ള എസ് പി ജി സുരക്ഷ കേന്ദ്രം പിന്‍വലിച്ചത്.