Connect with us

National

തിഹാർ ജയിലിലെ കൊലപാതകം: സഹോദരിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ യുവാവ് കാത്തിരുന്നത് ആറ് വർഷം

Published

|

Last Updated

ന്യൂഡൽഹി| തിഹാർ ജയിലിൽ യുവാവ് കൊല്ലപ്പെട്ട സംഭവം വർഷങ്ങൾ നീണ്ട പ്രതികാരത്തിന്റെ ബാക്കിപത്രം. തിങ്കളാഴ്ചയാണ് തടവുകാരനായ സാക്കിർ(21), സഹതടവുകാരനായ മുഹമ്മദ് മെഹ്താബി(27)നെ കുത്തിക്കൊന്നത്. എന്നാൽ കൊലക്ക് പ്രേരിപ്പിച്ച കാര്യം എന്തെന്ന അന്വേഷണമാണ് പുതിയ വഴിത്തിരിവിലെത്തിയത്.

2014ൽ അംബേദ്കർ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് സാക്കിറിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ മെഹ്താബ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. യുവതി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപക് പുരോഹിത് പറഞ്ഞു.

വർഷങ്ങളായി പരസ്പരം അറിയുന്നവരാണ് മെഹ്താബും സാക്കിറും. എന്നാൽ കുടുംബത്തിലെ വിശ്വസ്തനായ മെഹ്താബ് സാക്കിറിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത യുവതി പിന്നീട് അത്മഹത്യ ചെയ്യുകയായിരുന്നു. സഹോദരിയുടെ മരണത്തിന് ഉത്തരവാദിയായ മെഹ്താബിനോട് പ്രതികാരം ചെയ്യാൻ അവസരം കാത്തുനിന്ന സാക്കിർ തിഹാർ ജയിലിൽ പ്രവേശിക്കാൻ 2018ൽ മറ്റൊരു കൊലപാതകം നടത്തി. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ ജയിലിന്റെ മറ്റൊരു ഭാഗത്താണ് പാർപ്പിച്ചിരുന്നത്. തുടർന്ന് തന്റെ സമയത്തിനായി കാത്തിരുന്ന സാക്കിറിനെ 21 വയസ്സ് തികഞ്ഞപ്പോൾ മെഹ്താബിന്റെ അതേ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഒരു സെല്ലിലായിരുന്നില്ല. തുടർന്ന് തന്റെ സഹതടവുകാരുമായി നിരന്തരം വഴക്കിടാൻ തുടങ്ങിയ സാക്കിറിനെ മെഹ്താബിന്റെ സെല്ലിന് സമീപത്തേക്ക് മാറ്റി. ഇവിടെവെച്ച് കൊല നടത്താൻ പദ്ധതി ആസൂത്രണം ചെയ്ത സാക്കിർ പ്രഭാതസമയം ഇതിന് അനുയോജ്യമാണെന്ന് മനസ്സിലാക്കുകയും ജൂൺ 29ന് ജയിൽ അധികൃതർ തടവുകാരെ പ്രഭാതപ്രാർഥനക്കായി വിളിച്ച സമയത്ത് മെഹ്താബിന്റെ സെല്ലിലെത്തി കുത്തിക്കൊല്ലുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

കഴുത്തിലും വയറിലുമുൾപ്പെടെ ശരീരഭാഗങ്ങളിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.