Connect with us

National

വെടിവെപ്പിൽ കൊല്ലപ്പെട്ട മുത്തച്ഛനെ കെട്ടിപ്പിടിച്ച് കരയുന്ന മൂന്ന് വയസ്സുകാരൻ; ഹൃദയഭേദകം ഈ കാഴ്ച

Published

|

Last Updated

ശ്രീനഗർ| വെടിവെപ്പിൽ കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിന് സമീപം ഇരിക്കുന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നു. കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ ഇന്ന് രാവിലെയാണ് സംഭവം.

തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് 60കാരനായ വയോധികൻ കൊല്ലപ്പെടുന്നത്. കുട്ടിയും മുത്തച്ഛനും പ്രദേശത്ത് കൂടി കടന്നുപോകുമ്പോഴായിരുന്നു സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികളുതിർത്ത രണ്ട് വെടിയുണ്ടകളാണ് വയോധികന്റെ മരണത്തിനിടയാക്കിയത്. സ്ഥലത്ത് വെച്ചു തന്നെ മരിച്ച ഇദ്ദേഹത്തിന്റെ രക്തത്തിൽ കുളിച്ച ശരീരത്തിൽ കെട്ടിപ്പിടിച്ച് അലറിക്കരഞ്ഞ കുട്ടി പിന്നീട് റോഡിൽ വീണുകിടക്കുന്ന മുത്തച്ഛനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന ചിത്രം ആരുടെയും കരളലിയിപ്പിക്കുന്നതാണ്. അതിനിടെ ഒരു സൈനികൻ അവിടെ നിന്ന് മാറാൻ കുട്ടിയോട് ആവശ്യപ്പെട്ടെങ്കിലും അനുസരിക്കാതെ അവിടെ തന്നെ നിൽക്കുകയാണ് ചെയ്തത്.

പിന്നീട് സോപോറിലെ മറ്റൊരു പോലീസ് സംഘം സ്ഥലത്തെത്തിയാണ് കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഏറ്റുമുട്ടലിൽ വയോധികനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് ജവാന്മാർക്ക് പരുക്കേൽക്കുകയും ചെയ്തു.