Connect with us

Articles

ജാഗ്രതയാണ് അതിജീവനം

Published

|

Last Updated

രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് അഞ്ച് മാസം പിന്നിടുന്നു. ജനുവരി 30നാണ് കേരളത്തില്‍ രാജ്യത്താദ്യമായി കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധ സ്ഥിരീകരിച്ചതോടെ കേരളം ഉണര്‍ന്നു. വലിയ ജാഗ്രതയോടെയാണ് രോഗത്തെ ചെറുക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് സംസ്ഥാനം തുടക്കമിട്ടത്, അത് ഇപ്പോഴും തുടരുന്നു. എന്നാല്‍ ഇതുവരെ കാണാത്ത തരത്തില്‍ കൊവിഡ് ബാധ മനുഷ്യരാശിയെ ഗ്രസിച്ചു മുന്നേറുകയാണ്. രോഗവ്യാപന തോതും മരണ നിരക്കും അനുദിനം ഉയരുന്ന തരത്തില്‍ കൊവിഡ് 19 ലോകത്തെയാകെ പിടിച്ചുലച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് രോഗത്തെ ചെറുക്കാന്‍ ആരോഗ്യ വിദഗ്ധരും സര്‍ക്കാറും മുന്നോട്ട് വെക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ അത് വലിയ വിപത്തിനെ വിളിച്ചു വരുത്തലാകും. രോഗവ്യാപനം വളരുന്ന ഘട്ടത്തില്‍ വലിയ ശ്രമങ്ങള്‍ നടത്തിയാണ് സംസ്ഥാനം ഇതിനെതിരെ പിടിച്ചു നില്‍ക്കുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ച് നാം കൊവിഡിനെ ചെറുക്കാന്‍ ശ്രമിക്കുമ്പോഴും സാമൂഹികവ്യാപന ഭീഷണിയെന്ന ഡെമോക്ലാസിന്റെ വാള്‍ നമ്മുടെ തലക്കു മേലെ തൂങ്ങി നില്‍ക്കുകയാണ്.

ഉറവിടം അറിയാത്ത
കേസുകള്‍
സംസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകള്‍ വര്‍ധിക്കുന്നുവെന്ന ആശങ്ക ഉയരുമ്പോള്‍ നാം ദേശീയതലത്തിലെ കണക്കുകള്‍ ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. ഐ സി എം ആറിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 40 ശതമാനത്തിലധികം ആളുകള്‍ക്ക് രോഗം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല എന്നതാണ് വസ്തുത. ഡല്‍ഹിയിലൊക്കെ ഈ നിരക്ക് 60 ശതമാനത്തിലധികമാണ്. കേരളത്തില്‍ ഇത് ശതമാന കണക്ക് പറയുമ്പോള്‍ ഒരു ശതമാനത്തിലും താഴെയാണ്. രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഉറവിടമറിയാത്ത 47 പേര്‍ ഉണ്ടായിരുന്നതില്‍ 15 പേരുടെ വിശദാംശങ്ങള്‍ നമ്മള്‍ തിരിച്ചറിഞ്ഞു. ഇനി 32 പേര്‍ മാത്രമാണ് രോഗത്തിന്റെ ഉറവിടമറിയാത്തവരായി ബാക്കിയുള്ളത്.
കൊവിഡ് രോഗത്തിന്റെ പ്രത്യേകതയാണ് ഉറവിടം അറിയാതെ രോഗം പകരുക എന്നത്. പ്രൈമറി കോണ്ടാക്ട് വഴി ഒരാള്‍ക്ക് രോഗം വന്നിട്ടുള്ളത് അറിയണമെങ്കില്‍ തൊട്ട് മുമ്പുള്ള 14 ദിവസത്തില്‍ അയാള്‍ക്ക് ആരോടൊക്കെ സമ്പര്‍ക്കം ഉണ്ടായി എന്നത് ഓര്‍ത്തെടുക്കണം. ഇത് നിലവില്‍ അസംഭവ്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം താന്‍ എവിടെയൊക്കെ പോയി, ആരുമൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്ന് രേഖപ്പെടുത്തുന്ന ഡയറി സൂക്ഷിക്കണമെന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. നിലവില്‍ രോഗിക്ക് രോഗം എവിടെ നിന്നു വന്നു എന്നത് കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങള്‍ മുഴുവന്‍ നമ്മള്‍ ഉറവിടമായെടുക്കും. ശേഷം അവിടെ ശക്തമായ ഇടപെടല്‍ നടത്തുക എന്ന സമീപനമാണ് നാം കൈക്കൊള്ളുന്നത്. മരണപ്പെട്ടു പോയവരാണെങ്കില്‍ അവരുടെ സമ്പര്‍ക്ക ലിസ്റ്റ് എടുക്കാന്‍ കഴിയില്ല എന്ന പരിമിതി നമുക്ക് മുന്നിലുണ്ട്.

കേരളത്തില്‍ രോഗ വ്യാപനത്തിന്റെ
ക്ലസ്റ്റര്‍ ഇല്ല
ഒറ്റപ്പെട്ട സോഴ്‌സ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആ മൊത്തം സ്ഥലത്തെ ഉറവിടമായി കണക്കാക്കി അവിടെ ക്ലസ്റ്റര്‍ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തിലുള്ള കുറേ അധികം കേസുകള്‍ ഉണ്ടോയെന്ന് നോക്കും. അവിടെ ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് വന്നവരെ മുഴുവന്‍ പരിശോധിക്കും. അവിടെ ഈ വ്യക്തിയുമായി ബന്ധപ്പെട്ട കോണ്ടാക്ടുകള്‍ അന്വേഷിച്ചു കണ്ടെത്തി എന്തൊക്കെ സാധ്യതയുണ്ടോ അതൊക്കെ പരിശോധിക്കും. ചിലരെ അഞ്ച് ദിവസത്തിനു ശേഷം വീണ്ടും പരിശോധിക്കും. ടെസ്റ്റ് പോസിറ്റീവ് ആകാന്‍ അഞ്ച് ദിവസം എടുത്തേക്കും. അതുകൊണ്ടാണ് വീണ്ടും പരിശോധന നടത്തുന്നത്. ശേഷം ആ സ്ഥലത്ത് ക്ലസ്റ്റര്‍ ഇല്ല എന്ന് ഉറപ്പുവരുത്താനുള്ള പരിശ്രമം നടത്തും. ഭാഗ്യവശാല്‍ ഇതുവരെ കേരളത്തില്‍ അങ്ങനെയൊരു ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടില്ല. ഇതുകൊണ്ടാണ് കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടെന്ന് നമുക്ക് പറയാനാകാത്തത്. സാമൂഹിക വ്യാപനമെന്ന് ജനത്തെ ജാഗരൂകരാക്കാന്‍ പറയാമെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കഴിയാത്തത് ഇവിടെ ഇത്തരത്തിലുള്ള ക്ലസ്റ്ററുകള്‍ രൂപപ്പെടാത്തത് കൊണ്ടാണ്.
സാമൂഹിക വ്യാപനമില്ല എന്ന് നാം പറയുമ്പോഴും നിശ്ശബ്ദമായ വ്യാപനം നമ്മള്‍ അറിയാതെ നടക്കുന്നുണ്ട് എന്നത് നാം തിരിച്ചറിയണം. വൈറസ് വാഹകനായ ഒരാള്‍ രോഗബാധിതമായ തന്റെ കൈ കൊണ്ട് ഒരിടത്ത് തൊടുകയും അവിടെ സ്പര്‍ശിക്കുന്ന മറ്റൊരാളിലേക്ക് വൈറസ് പടര്‍ന്ന് അങ്ങനെ വൈറസ് സമൂഹത്തില്‍ ചിലപ്പോള്‍ സഞ്ചരിക്കുന്നുണ്ടാകും. അത് കേസായി ഫലിക്കുന്നില്ലെങ്കിലും വൈറസ് സഞ്ചരിക്കുന്നുണ്ടാകും. ഒരാള്‍ക്ക് വൈറസ് ബാധിക്കുകയും അസുഖം വരികയും ചെയ്യും. എന്നാല്‍ സബ്ക്ലിനിക്കല്‍ ആയതുകൊണ്ട് രോഗലക്ഷണങ്ങള്‍ കാണിച്ചാലും അറിയാതെ പോകുകയാണ് നിലവില്‍ ചെയ്യുന്നത്. ഇവിടെയാണ് ബ്രേക്ക് ദി ചെയിന്‍ പോലുള്ള ക്യാമ്പയിനുകളുടെ പ്രസക്തി. മാസ്‌ക് ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുമ്പോള്‍ നാം ഇത്തരം വൈറസുകള്‍ സമൂഹത്തില്‍ സഞ്ചരിക്കാനുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. നിശ്ശബ്ദ വ്യാപനമെന്ന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് നാം ഇപ്പോള്‍ സമൂഹത്തില്‍ ആന്റിബോഡി പരിശോധനകള്‍ നടത്തുന്നത്. ഇതു കൂടാതെ എവിടെയെങ്കിലും ആശുപത്രികളില്‍ ശ്വാസകോശ അസുഖം മൂര്‍ച്ഛിച്ച് ന്യുമോണിയ ബാധമൂലം കൂടുതലായി മരണങ്ങള്‍ സംഭവിക്കുന്നുണ്ടോ എന്നറിയാനാണ് പെരിഫെറല്‍ ന്യുമോണിയ സര്‍വൈലന്‍സ് നടത്തുന്നത്. കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സ്രവം പരിശോധിക്കുകയും ചെയ്യുന്നുണ്ട്.

രോഗത്തെ ചെറുക്കുന്ന രീതികള്‍
രോഗം സമൂഹത്തിലേക്ക് എത്താതിരിക്കാന്‍ പ്രധാനമായി നാം മൂന്ന് മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഒന്ന്, സമൂഹത്തിലേക്ക് വൈറസ് എത്തിപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍. രണ്ട്, ഏതെങ്കിലും തരത്തില്‍ എത്തപ്പെട്ട വൈറസ് സമൂഹത്തില്‍ വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍. മൂന്ന്, സമൂഹത്തില്‍ വൈറസ് ആരിലെത്തിയാലാണോ പ്രശ്‌നമാകുന്നത് അവരെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങള്‍.
രോഗലക്ഷണങ്ങള്‍ കണ്ടെത്തുക, അവരെ ക്വാറന്റൈന്‍ ചെയ്യുക, ടെസ്റ്റുകള്‍ നടത്തുക, ഐസൊലേറ്റ് ചെയ്യുക, ചികിത്സിക്കുക എന്നിങ്ങനെയുള്ള ക്രമത്തിലാണ് രോഗം സമൂഹത്തില്‍ വ്യാപിക്കാതിരിക്കാന്‍ നാം നിലവില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത്. കൊറോണ വൈറസ് മരണ കാരണമാകുന്നത് ആരിലൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അവരെയൊക്കെ മാറ്റി നിര്‍ത്തുന്ന നടപടിയാണ് റിവേഴ്സ് ക്വാറന്റൈന്‍. പ്രായാധിക്യമുള്ളവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍, മറ്റ് ഗുരുതര അസുഖമുള്ളവര്‍ എന്നിവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ഇതിലൂടെ.

രോഗത്തെ ചെറുക്കാന്‍ വേണം ബോധപൂര്‍വമായ ശ്രമം
കേരളത്തിന്റെ മരണ നിരക്കും രോഗവ്യാപന നിരക്കും കഴിഞ്ഞ 150 ദിവസമായി നിയന്ത്രിച്ചു നിര്‍ത്തുന്നുവെങ്കില്‍ അതിനു കാരണം ശക്തമായ പൊതുജനാരോഗ്യ ഇടപെടല്‍ കൊണ്ടാണ്. വൈറസ് സമൂഹത്തിലേക്ക് എത്തുന്ന സാധ്യത നാം കുറക്കുകയാണ് പ്രധാനമായും ചെയ്തത്. മറ്റു സ്ഥലങ്ങളെപ്പോലെ പടര്‍ന്നു തുടങ്ങിയാല്‍ കേരളത്തില്‍ രോഗവ്യാപനത്തിന്റെ വിസ്ഫോടനമാകും സംഭവിക്കുക. ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീഴുന്ന അവസ്ഥയിലേക്ക് അത് നമ്മെ കൊണ്ടുചെന്നെത്തിക്കും. നാം ഇന്ന് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രതക്കുറവ് സംഭവിച്ചാല്‍ അതിന് നാം നല്‍കേണ്ടി വരുന്ന വില വളരെ വലുതാകുമെന്ന ബോധ്യമുണ്ടാകണം. അത്തരം അവസ്ഥ വന്നുചേരാതിരിക്കാനുള്ള ഇടപെടലാണ് നാം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ ജനങ്ങള്‍ മാസ്ക് ഉപയോഗിക്കുകയും കൈകള്‍ സോപ്പുകൊണ്ടോ സാനിറ്റൈസര്‍ കൊണ്ടോ അണുവിമുക്തമാക്കുകയും ചെയ്യുന്ന ശീലത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുക എന്ന കാര്യത്തില്‍ വലിയ വീഴ്ചയാണ് നമുക്ക് ഉണ്ടാകുന്നത്. നിരത്തിലും മാര്‍ക്കറ്റിലും കടകളിലുമൊക്കെ നാം എത്രകണ്ട് സ്വയം അകലം പാലിക്കുന്നുണ്ടെന്ന് ചിന്തിക്കുന്നത് നന്നാകും. ജനസാന്ദ്രത ഏറെയുള്ളതു കൊണ്ടു തന്നെ സാമൂഹിക അകലം എന്നത് നാം ബോധപൂര്‍വം ശ്രമിച്ചാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ക്വാറന്റൈന്‍ സംവിധാനത്തിന്റെ പ്രസക്തി. ലോക്ക്ഡൗണ്‍ രണ്ടാം ഘട്ട സമയമായ ഏപ്രിലില്‍ ഒരു സമയത്ത് ഉണ്ടായിരുന്ന സജീവമായ കേസുകള്‍ പരമാവധി 226 ആയിരുന്നു. ഇന്നത് രണ്ടായിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഘട്ടത്തിലുണ്ടായ രോഗികളില്‍ 93 ശതമാനം ആളുകളും മറ്റൊരാള്‍ക്കും രോഗം നല്‍കിയിട്ടില്ല. ഏഴ് ശതമാനം ആളുകള്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് രോഗം നല്‍കിയത്. ഇവരില്‍ നിന്ന് 28 ശതമാനം പേര്‍ക്കാണ് സമ്പര്‍ക്ക വ്യാപനമുണ്ടായത്. ഒരാള്‍ ഒന്നിലേറെ ആളുകള്‍ക്ക് രോഗം പകര്‍ന്നു നല്‍കിയതിനാലാണിത് സംഭവിക്കുന്നത്. നിലവിലെ അവസ്ഥയില്‍ ഈ നിരക്ക് മുമ്പുള്ളതിന്റെ മൂന്നിരട്ടിയാണ്. മുമ്പ് നമുക്ക് ലോക്ക്ഡൗണിന്റെ ആനുകൂല്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതുമില്ല. എന്നാല്‍ കേരളത്തിന്റെ സാഹചര്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമാണ്. ഇന്നലത്തെ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് 131 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 65 പേര്‍ വിദേശത്തു നിന്നും 46 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നും എത്തിയവരാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ ഇതല്ല. തമിഴ്നാട്ടില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 90 ശതമാനത്തോളം പേര്‍ക്കും സംസ്ഥാനത്തിനകത്തെ സമ്പര്‍ക്കം മൂലമാണ് രോഗം വന്നത്. കേരളത്തില്‍ ഉണ്ടാകുന്ന 100 കേസുകളില്‍ 90 കേസുകളും പുറത്തു നിന്ന് എത്തുന്നതാണ്. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല.

സാമൂഹിക അകലം പാലിച്ചേ പറ്റൂ
ലോക്ക്ഡൗണ്‍ ഉണ്ടായിരുന്ന സമയത്ത് നമുക്ക് സാമൂഹിക അകലം എന്നത് ഒരു വിഷയമായിരുന്നില്ല. ആരും വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത അവസ്ഥയില്‍ ഇത് നമ്മെ ബാധിക്കാത്ത ഘടകമായിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ കൂട്ടത്തോടെ സമൂഹത്തിലേക്ക് ഇറങ്ങുകയും ചെയ്ത സമയത്താണ് നാം മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധിതമാക്കുന്നത്. സോപ്പ് /സാനിറ്റൈസര്‍, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സ് ( എസ് എം എസ്) എന്ന സമവാക്യം രൂപവത്കരിച്ചാണ് നാം രോഗവ്യാപനം ചെറുക്കാനുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. മൂന്നും ഒരു പോലെ പ്രധാനമാണ്. ആഗസ്റ്റാകുമ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് നമുക്ക് മുന്നില്‍ നില്‍ക്കുകയാണ്. നാം ഇന്ന് പാലിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ എല്ലാം കൈക്കൊണ്ടാലും രോഗവ്യാപനത്തിന്റെ തോത് ഉയരുമെന്നു തന്നെ കരുതി വേണം നാം ജാഗ്രതയോടെ മുന്നോട്ട് പോകേണ്ടത്. കൂടുതല്‍ ആളുകള്‍ നമ്മുടെ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യത്തില്‍ അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കൂടി കൈക്കൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടുന്നതും.
രോഗം വരില്ലെന്ന മിഥ്യാധാരണ വേണ്ട
നമുക്ക് ഈ രോഗം വരില്ലെന്ന മിഥ്യാധാരണയില്‍ ജനം പെരുമാറുന്നത് രോഗത്തെ ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. കേരളത്തില്‍ എന്തെങ്കിലും അത്ഭുതമുള്ളതു കൊണ്ടല്ല രോഗബാധിതരുടെ എണ്ണം മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇരട്ടിയും ഇറ്റലിയെപ്പോലെയുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നാലിരട്ടിയുമാണ് കേരളത്തിലെ ജനസാന്ദ്രത. പ്രമേഹത്തിന്റെ തലസ്ഥാനമായ കേരളം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ വളരെക്കൂടുതല്‍ ഉള്ള കേരളം, ആയുര്‍ ദൈര്‍ഘ്യം കൂടുതലെങ്കിലും ക്യാന്‍സര്‍ രോഗികളുടെ എണ്ണം വളരെ കൂടുതലുള്ള കേരളം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ അലട്ടുന്ന സംസ്ഥാനമാണ് നമ്മുടേത്. ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന സര്‍ക്കാറും ആരോഗ്യ സംവിധാനവും സാമൂഹിക ബോധമുള്ള ജനങ്ങളും മാത്രമാണ് നമ്മുടെ കരുത്ത്. മറ്റെല്ലാ ഘടകങ്ങളും നമുക്കെതിരാണ്. അത് എപ്പോഴും ഓര്‍മ വേണം. രോഗബാധ സ്ഥിരീകരിച്ച് 150 ദിവസമായിട്ടും നമ്മുടെ കൈവിട്ട് പോകുന്ന ഘട്ടമെത്താത്തത് പൊതുജനാരോഗ്യത്തിന്റെ മേന്‍മ കൊണ്ടും പൊതുജനങ്ങളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നതു കൊണ്ടുമാണ്. ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കട്ടെ, ജാഗ്രത കുറഞ്ഞാല്‍ പിന്നീടൊരിക്കലും തിരിച്ചു കയറാനാകാത്ത കയത്തിലേക്കാകും നാം പതിക്കുക.

(സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍)

Latest