തിരിച്ചടിച്ച് ചൈന; ഇന്ത്യൻ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും ഇനി മുതൽ ചൈനയിൽ ലഭിക്കില്ല

Posted on: June 30, 2020 1:24 pm | Last updated: June 30, 2020 at 1:24 pm

ബീജിംഗ്| ഇന്ത്യയിൽ ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ തിരിച്ചടിയുമായി ചൈന. ഇന്ത്യൻ ന്യൂസ് പേപ്പറുകളും വെബ്‌സൈറ്റുകളും നിരോധിച്ചാണ് ചൈന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ വി പി എൻ സെർവർ വഴി മാത്രമേ ഇനിമുതൽ ഇന്ത്യൻ വെബ്‌സൈറ്റുകൾ ലഭ്യമാകുകയുള്ളു.

ബീജിംഗിലെ നയതന്ത്ര വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനി ഓൺലൈൻ ഐ പി ടിവിയിലൂടെ മാത്രമേ ഇന്ത്യൻ വെബ്സൈറ്റുകൾ കാണാൻ സാധിക്കൂ. അതേസമയം, ഐഫോണുകളിലും ഡെസ്‌ക്‌ടോപ്പുകളിലും കഴിഞ്ഞ രണ്ട് ദിവസമായി വി പി എൻ സെർവറുകൾ പ്രവർത്തിക്കുന്നില്ല. സുരക്ഷയോടുകൂടി ഒരു വെബ്‌സൈറ്റ് സന്ദർശിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സംവിധാനമാണ് വി പി എൻ. എന്നാൽ വി പി എന്നിനെ തടയാൻ സാധിക്കുന്ന തരത്തിലുള്ള ശക്തമായ സാങ്കേതിക വിദ്യയാണ് ചൈന ഉപയോഗിച്ചിരിക്കുന്നത്.

ജൂൺ 15ന് ഇന്ത്യ-ചൈന സംഘർഷത്തിന് ശേഷം അതിർത്തി പ്രശ്‌നം രൂക്ഷമാവുകയും കഴിഞ്ഞ ദിവസം സുരക്ഷ മുൻനിർത്തി ഇന്ത്യൻ സർക്കാർ 59 ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈന ഇന്ത്യൻ വെബസൈറ്റുകൾ നിരോധിച്ചെന്ന വാർത്തയുമയി രംഗത്തുവന്നത്.
രാജ്യസുരക്ഷാ ഭീഷണിയെത്തുടർന്ന് ടിക് ടോക്, ഷെയർചാറ്റ്, യു സി ബ്രൌസർ, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെൻഡർ, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്പ്, സെൽഫി സിറ്റി എന്നീ പ്രമുഖ ആപ്പുകൾ നിരോധിച്ചവയിൽപ്പെടുന്നു.