Connect with us

National

തൂത്തുക്കുടി കസ്റ്റഡി മരണത്തിൽ പോലീസുകാർ കുറ്റക്കാർ: ചെന്നൈ ഹൈക്കോടതി

Published

|

Last Updated

ചെന്നൈ | തൂത്തുക്കുടിയിൽ അച്ഛനും മകനും പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസുകാർ കുറ്റക്കാരെന്ന് ചെന്നൈ ഹൈക്കോടതി. കസ്റ്റഡിയിൽ ഇരുവർക്കും ക്രൂരമർദനമേറ്റതായി കുടുംബം ആരോപിച്ചിരുന്നു. ആന്തരികവും ബാഹ്യവുമായ നിരവധി മുറിവുകൾ ഇവരുടെ ശരീരത്തിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പോലീസുകാർക്കെതിരെ കുറ്റം ചുമത്തിയത്.

തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് ലോക്ക്ഡൗണിൽ കട അടക്കേണ്ട സമയം കഴിഞ്ഞും തുറന്നെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ബെന്നിക്‌സ് (31) കാര്യമന്വേഷിക്കാനെത്തിയ അച്ഛൻ ജയരാജ്(59) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെൻഷനിലായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും ഒരു കോൺസ്റ്റബിളിനെയും ഹൈക്കോടതി ഇന്ന് വിളിപ്പിച്ചിരുന്നു.

അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ് പോലീസ് സൂപ്രണ്ട് സി പ്രതാപൻ, അഡീഷണൽ സൂപ്രണ്ട് ഡി കുമാർ, കോൺസ്റ്റബിൾ മഹാരാജൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. “തനിക്ക് ഞങ്ങളെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല” എന്ന് കോൺസ്റ്റബിൾ മഹാരാജൻ പറഞ്ഞിരുന്നതായി കേസന്വേഷിച്ച മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം. ബെന്നിക്‌സ് നടത്തുന്ന മൊബൈൽ ഷോപ്പ് കർഫ്യൂ ദിനത്തിൽ 15 മിനിറ്റ് കൂടുതലായി പ്രവർത്തിപ്പിച്ചു എന്ന് പറഞ്ഞാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നീടെത്തിയ ജയരാജും മകനും ചേർന്ന് തെരുവിൽ വെച്ച് പോലീസുകാരോട് തർക്കിച്ചതായും ഇത് കൈയ്യാങ്കളിയിൽ എത്തിയതായും പോലീസ് ആരോപിച്ചിരുന്നു. തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് ഭാഷ്യം.

ബെന്നിക്‌സ് ഈ മാസം 22നും തൊട്ടടുത്ത ദിവസം അച്ഛൻ ജയരാജും മരിച്ചു.