Connect with us

Saudi Arabia

കാത്തിരിപ്പിന് വിരാമം : മസ്ജിദുല്‍ ഹറമിലേക്ക് ഉംറക്കും , ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കും പ്രവേശനം അനുവദിക്കും

Published

|

Last Updated

ദമാം | കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രവേശന അനുമതി നിര്‍ത്തിവെച്ച മക്കയിലെ മസ്ജിദുല്‍ ഹറമിലേക്ക് ഉംറക്കും , ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കുമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്ന പഠനങ്ങള്‍ നടന്നുവരുന്നതായി ഹറം കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സഊദിയിലെ അറബ് ദിനപത്രമായ അല്‍ ഉക്കാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു

ലോകവ്യാപകമായി കൊവിഡ് വ്യാപനം റിപോര്‍ട്ട് ചെയ്തതോടെയാണ് ഉംറയും-മദീന സിയാറയും ഉള്‍പ്പെടെ മാര്‍ച്ച് ആദ്യവാരത്തില്‍ ഇരുഹറമുകളിലേക്കും പ്രവേശന വിലക്ക് വന്നത്.വിലക്ക് നിലവില്‍ വന്നത് മുതല്‍ എല്ലാ ദിവസവും ഹറം ജീവനക്കാര്‍ക്കും , സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവേശനം നല്‍കിയിരുന്നത്.

ആദ്യ ഘട്ടത്തില്‍ നാല്‍പത് ശതമാനം ആളുകള്‍ക്കാണ് പ്രവേശനം അനുവദിക്കുക.ഇതിനായി മൊബൈല്‍ ഫോണില്‍ “തവക്കല്‍നാ” എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത പ്രവേശന അനുമതിക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം. ഈ ആപ്ലിക്കേഷന്‍ വഴിയാണ് അനുമതി പത്രം ലഭ്യമാവുക. കൂടാതെ ഹറമിലെ പ്രവേശന കവാടങ്ങളില്‍ അകത്തേക്ക് പ്രവേശനം ലഭിക്കുന്നതിന് മുന്‍പ് മൊബൈല്‍ നമ്പര്‍ നല്‍കുകയും വേണം . തുടര്‍ന്ന് താപ നില അളക്കുന്ന തെര്‍മല്‍ ക്യാമറയില്‍ ചെക്ക് ചെയ്ത അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ഹറമിനകത്തേക്ക് പ്രവേശനം ലഭിക്കുക

രോഗലക്ഷണമുള്ളവര്‍, രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തുടങ്ങിയവര്‍ക്ക് ഹറമിലേക്ക് പ്രവേശനം
അനുവദിക്കുകയില്ല. പൂര്‍ണ്ണമായും സുരക്ഷാ മുന്‍കരുതല്‍ പാലിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക.പൂര്‍ണ്ണമായും ത്വവാഫ് ചെയ്യുന്നതിന് മാത്രമായിരിക്കും മതാഫ് അനുവദിക്കുക.ത്വവാഫിനായി വരുന്നവര്‍ വിശുദ്ധ ഹറമിലെ ഏറ്റവും വലിയ കവാടങ്ങളില്‍ ഒന്നായ കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ് വഴി ഹറമിലേക്ക് പ്രവേശിക്കേണ്ടതും ,പുറത്തേക്ക് കടക്കുന്നവര്‍ ജുസ്ര്‍നബി, സഫ, എന്നീ കവാടങ്ങളിലൂടെയാണ് തിരിച്ചു വരേണ്ടത് . ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് വരുന്നവര്‍ ഹറമിലെ 94,89 ഗേറ്റുകള്‍ വഴിയാണ് ഹറമിലേക്ക് പ്രവേശിക്കേണ്ടത് . നേരത്തെ മെയ് 31 മുതല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് കൊണ്ട് ഇരു ഹറം കാര്യാലയം പ്രവാചക നഗരിയിലെ മസ്ജിദുന്നബവിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു ,

---- facebook comment plugin here -----

Latest