മര്‍കസിന്റെ കാരുണ്യ ചിറകില്‍ 187 പേര്‍ നാടണഞ്ഞു

Posted on: June 29, 2020 9:40 pm | Last updated: June 29, 2020 at 9:40 pm
മര്‍കസ് സൗജന്യ വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് റാസല്‍ ഖൈമ എയര്‍പോര്‍ട്ടില്‍ മര്‍കസ് ഉപഹാരം നല്‍കുന്ന മര്‍കസ് ദുബൈ പി ആര്‍ ഒ അബ്ദുസ്സലാം സഖാഫി

റാസല്‍ഖൈമ | കൊവിഡിന്റെ കാലുഷ്യതയില്‍ പ്രവാസ ഭൂമിയില്‍ ഒറ്റപ്പെട്ടു നാടണയാന്‍ ടിക്കറ്റ് എടുക്കാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുകയായിരുന്ന 187 പേര്‍ക്ക് നൂറുശതമാനം സൗജന്യമായി മര്‍കസ് ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം യു എ ഇയിലെ റാസല്‍ ഖൈമയില്‍ നിന്ന് കോഴിക്കോട് എത്തി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും മര്‍കസ് ചാന്‍സിലറുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരം ജാമിഅ മര്‍കസാണ് സൗജന്യ ചാര്‍ട്ടര്‍ ഫ്ളൈറ്റ് യാത്ര ഒരുക്കിയത്.

യാത്രികരില്‍ 73 പേര്‍ ദീര്‍ഘകാലമായി വിസ ക്യാന്‍സല്‍ ചെയ്ത് പ്രയാസമനുഭവിക്കുന്നവരാണ്. 87 ജോലി നഷ്ടപ്പെട്ടവര്‍, അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ള 8 പേര്‍, 3 ഗര്‍ഭിണികള്‍, ബിസിനസ്സ് തകര്‍ന്നവരും ജോലി നഷ്ടപ്പെട്ടവരുമായ 11 കുടുംബങ്ങള്‍, കുട്ടികള്‍, വൃദ്ധര്‍, വിസിറ്റ് വിസയിലെത്തിയവര്‍ എന്നിവര്‍ യാത്രികരില്‍ ഉള്‍പ്പെടുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഴ്ചകള്‍ക്കു മുമ്പാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സൗജന്യ യാത്രാ വിമാനം എന്ന ആശയം മുന്നോട്ട് വെച്ചത്. മര്‍കസും കേരള മുസ്ലിം ജമാഅതും മുന്‍കയ്യെടുത്ത് ഇതിനകം ആയിരക്കണക്കിന് ആളുകള്‍ക്ക് ഐ സി എഫും മര്‍കസ് അലുംനിയും വഴി നാട്ടിലെത്താന്‍ അവസരം ലഭിച്ചിരുന്നു. ടിക്കറ്റ് ലഭിക്കുവാന്‍ മതിയായ പണം കണ്ടെത്താനാവാതെ പ്രയാസത്തിലും മാനസിക സംഘര്‍ഷത്തിലും കഴിഞ്ഞവര്‍ക്ക് ആശ്വാസമായാണ് സൗജന്യ ചാര്‍ട്ടേഡ് വിമാനം ഒരുക്കിയതെന്ന് യു എ ഇ മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ ഡോ സലാം സഖാഫി എരഞ്ഞിമാവ് പറഞ്ഞു.

റാസല്‍ ഖൈമാ എയര്‍ പോര്‍ട്ടില്‍ നടന്ന യാത്രയയക്കല്‍ ചടങ്ങില്‍ ഐ സി എഫ്, മര്‍കസ് ഭാരവാഹികകളായ
മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, ഡോ. അബ്ദുസ്സലാം സഖാഫി, ശരീഫ് കാരശ്ശേരി, ഫസല്‍ മട്ടന്നൂര്‍, യഹ്യ സഖാഫി ആലപ്പുഴ, സൈദ് സഖാഫി വെണ്ണക്കോട്, അബ്ദുല്‍ റഹ്മാന്‍ സഖാഫി ഏഴൂര്‍, നസീര്‍ ചൊക്ലി, നിസാമുദ്ധീന്‍ നൂറാനി, മൂസ കുറുവന്തേരി, സമീര്‍ അവേലം എന്നിവര്‍ സംബന്ധിച്ചു.