Connect with us

Covid19

സഊദിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു

Published

|

Last Updated

അബ്ബാസ് അബ്ദുല്ല, സനോവര്‍, അബ്ദുല്‍ അസീസ്‌

ദമാം | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു. കാസര്‍കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് അല്‍ ഖര്‍ജ്, റിയാദ്, ദമാം എന്നിവിടങ്ങളില്‍ മരിച്ചത്. അല്‍ ഖര്‍ജില്‍ കാസര്‍കോട് മെഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല(55)യും റിയാദില്‍ കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞ് എന്ന സനോവറും(50) ദമാമിലെ ഖത്തീഫില്‍ മലപ്പുറം ചെനക്കലങ്ങാടി പോകാട്ടുങ്ങല്‍ സ്വദേശി അബ്ദുല്‍ അസീസും (43) ആണ് മരിച്ചത്.

അബ്ബാസ് അബ്ദുല്ല കൊവിഡ് ഗുരുതരമായതിനെ തുടര്‍ന്നാണ് മരിച്ചത്. അല്‍ ഖര്‍ജിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ്: അബ്ദുല്ല ഹാജി, മാതാവ്: ആഇശ, ഭാര്യ: ദൈനാബി, മക്കള്‍: ശബീബ, ശഹല, ഷാബു. മൃതദേഹം അല്‍ ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഖര്‍ജില്‍ ഖബറടക്കം നടത്തും.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ അല്‍ ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സനോവര്‍. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സഹോദരന്‍ ഹബീബ് ഷാനവാസും ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി ഒരാഴ്ച മുമ്പാണ് അബ്ദുല്‍ അസീസിനെ ഖത്തീഫിലെ അല്‍ സഹ്‌റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരണം. പിതാവ്: അലവി , മാതാവ്: ബീയികുട്ടി, ഭാര്യ: സുഹ്‌റ, മക്കള്‍: മുര്‍ശിദ, മുഫീദ, മുഹമ്മദ് റയ്യാന്‍. ഖതീഫ് സെന്‍ട്രല്‍ കെ എം സി സി ചെയര്‍മാന്‍ മുഹമ്മദ് അലി സഹോദരനാണ്. ഖബറടക്കം ഖത്തീഫില്‍.

---- facebook comment plugin here -----

Latest