വംശീയവിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം: കറുത്ത കാറുകളുമായി മെഴ്‌സിഡസ്

Posted on: June 29, 2020 6:46 pm | Last updated: June 29, 2020 at 6:46 pm

ലണ്ടന്‍ | 2020 സീസണിലേക്ക് കറുത്ത കാറുകള്‍ അവതരിപ്പിച്ച് ഫോര്‍മുല വണ്‍ ചാമ്പ്യന്മാരായ മെഴ്‌സിഡസ്. മെഴ്‌സിഡസ് ടീമിലും മോട്ടോര്‍സ്‌പോര്‍ട് ലോകത്തും വൈവിധ്യം വര്‍ധിപ്പിക്കുകയും ലോകത്തുടനീളമുള്ള വംശീയവിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

ഫോര്‍മുല വണ്ണില്‍ ഇന്നോളം വെള്ളിനിറത്തിലുള്ള കാറുകളാണ് മത്സരത്തിനായി മെഴ്‌സിഡസ് ഉപയോഗിച്ചത്. എന്നാല്‍ ഈ സീസണില്‍ കറുത്ത കാറുകള്‍ ഉപയോഗിക്കും. ‘വംശീയത അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവും മത്സരത്തിനായുള്ള കാറുകളില്‍ പതിപ്പിക്കും.

പുതിയ നടപടിക്രമങ്ങള്‍ എങ്ങനെയൊക്കെ വേണമെന്നതിലേക്ക് വെളിച്ചം വീശുന്നതാണ് ബ്ലാക് ലിവ്‌സ് മാറ്റര്‍ പോരാട്ടമെന്ന് മെഴ്‌സിഡസ് ടീം അറിയിച്ചു. വംശീയതക്കും എല്ലാ തരത്തിലുള്ള വിവേചനത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ വേണ്ട നടപടികളിലേക്കും ബ്ലാക് ലിവ്‌സ് മാറ്റര്‍ പ്രസ്ഥാനം വഴികാണിച്ചിട്ടുണ്ടെന്നും ടീം അറിയിച്ചു.

ALSO READ  കൂട്ടക്കൊല മുതല്‍ വംശീയ വേട്ട വരെ