സന്ദേശങ്ങൾ ഡിലീറ്റായി പോകുന്നു; ജി മെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഗൂഗിൾ

Posted on: June 29, 2020 2:12 pm | Last updated: June 29, 2020 at 2:13 pm

ന്യൂഡൽഹി| ലോകത്ത് ലക്ഷക്കണക്കിനാളുകൾ ഉപയോഗിക്കുന്ന ഇ മെയിൽ സംവിധാനമാണ് ജി മെയിൽ. എന്നാൽ ജി മെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇപ്പോൾ ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. മൈക്രോസോഫ്റ്റ് വിൻഡോസ് 10 ലെ ബിൽഡ് ഇൻ മെയിൽ ക്ലെയ്ന്റ് ഉപയോഗിച്ച് ജി മെയിലുകൾ ഉപയോഗിക്കുന്നവരുടെ പല സന്ദേശങ്ങളും ഡിലീറ്റായി പോകുന്നതാണ് പുതിയ പ്രശ്‌നം. വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്തതിനുശേഷം എം എസ് പവർ യൂസർ ഉപയോഗിച്ച് ജി മെയിൽ ഉപയോഗിക്കുന്നവർക്കാണ് പുതിയ പ്രശ്‌നം ബാധിക്കുന്നത്.

നിർദേശം കൊടുക്കാതെ തന്നെ പല മെസേജുകളും സ്പാം എന്ന് മാർക്ക് ചെയ്യപ്പെടുകയും ചില മെയിലുകളിൽ സെന്റ് ഐറ്റം, ഔട്ട് ബോക്‌സ് എന്നീ ഫോൾഡറുകൾ കാണുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
എന്നാൽ, വിൻഡോസ് 10 അപ്‌ഡേഷന്റെ പ്രശ്‌നമാണെന്നും ജിമെയിലിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നമോ സർവർ തകരാറോ അല്ലെന്നും ജി മെയിൽ അധികൃതർ പറഞ്ഞു. രണ്ട് സെന്റ് ഐറ്റം ഫോൾഡർ ഉണ്ടാക്കുക എന്നതാണ് താൽക്കാലിക പരിഹാരമായി അധികൃതർ പറയുന്നത്. പ്രശ്‌നത്തിൽ ശാശ്വതമായ പരിഹാരം ജി മെയിൽ അധികൃതർ മുന്നോട്ട്‌വെച്ചിട്ടില്ല.