Covid19
ക്വാറന്റൈൻ കേന്ദ്രത്തിലെ മരണം: ബി എം സിയെ വിമർശിച്ച് ബി ജെ പി മുതിർന്ന നേതാവ്
മുംബൈ| കഴിഞ്ഞ ദിവസം പൊവായിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ബ്രിഹൻ മുനിസിപ്പൽ കോർപറേഷനെ (ബി എം സി) വിമർശിച്ച് ബി ജെ പി മുതിർന്ന നേതാവ് കിരിത് സോമയ്യ. ശരിയായ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തതിനാലാണ് 75 വയസ്സുകാരൻ ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് മരിച്ചതെന്ന് ബി എം സി മുനിസിപ്പൽ കമ്മീഷണർക്ക് അയച്ച വിശദീകരണ കത്തിൽ സോമയ്യ അവകാശപ്പെട്ടു.
മരിച്ചയാളുടെ മകനാണ് ഇക്കാര്യം തന്നെ അറിയിച്ചത്. കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ച വയോധികനെ പരിശോധനാഫലം ലഭിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബി എം സി അധികൃതർ വിസമ്മതിച്ചു. ഇത് ഗൗരവമായി കാണണമെന്ന് നിങ്ങളോട് അഭ്യർഥിക്കുന്നു. ഇതിൽ നിന്ന് പാഠം പഠിക്കാനും ക്രൂരത അവസാനിപ്പിക്കാനും ബി എം സി തയ്യാറാകുന്നില്ല എന്നത് വേദനാജനകമാണ്. ബി എം സിക്ക് അയച്ച കത്തിൽ സോമയ്യ കൂട്ടിച്ചേർത്തു.







