Connect with us

Kerala

ഓപ്പറേഷന്‍ പി ഹണ്ട് 20.1: സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങൾ പിടിച്ചെടുത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 110 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് 15 കേസുകൾ റജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും ഐ ടി വിദഗ്ധരും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും  പോലീസ് ശേഖരിച്ചു വരുന്നുണ്ട്.

ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും തുടരുമെന്ന് കേരളാ പോലീസ് അറിയിച്ചു.

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണംചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്‍കിയ കേരള പോലീസ് കൗണ്ടെറിങ് ചൈൽഡ് സെക്സ് എക്സ്പോളോയ്‌റ്റേഷൻ വിഭാഗവും സൈബർഡോമും സംയുക്തമായി നടത്തിയ റെയ്‌ഡിന് വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാർ പരിശോധനയ്ക്കു നേതൃത്വം നൽകി.

 

Latest