ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ ലോക്ക്ഡൗണ്‍; തുടക്കം ജൂലൈ അഞ്ച് മുതല്‍

Posted on: June 27, 2020 9:17 pm | Last updated: June 28, 2020 at 7:32 am

ബെംഗളൂരു | കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. അവശ്യ സര്‍വീസുകളല്ലാതെ ഒന്നും ഞായറാഴ്ചകളില്‍ അനുവദിക്കില്ല. ജൂലൈ അഞ്ച് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കൊറോണവൈറസ് വ്യാപനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വിളിച്ച യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച മുതല്‍ രാത്രി കര്‍ഫ്യൂ എട്ട് മണി മുതല്‍ ആരംഭിക്കും. നേരത്തേയിത് ഒമ്പത് മുതലായിരുന്നു. അതേസമയം, പുലര്‍ച്ചെ അഞ്ചിന് തന്നെയാണ് കര്‍ഫ്യൂ അവസാനിക്കുക. പലചരക്ക് കടകളില്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ കൂടുതല്‍ മൊത്തക്കച്ചവട പച്ചക്കറി മാര്‍ക്കറ്റുകള്‍ സംവിധാനിക്കും.

കൊവിഡ് രോഗികളെ കൊണ്ടുപോകാനുള്ള ആംബുലന്‍സുകളുടെ എണ്ണം 250 ആക്കി ഉയര്‍ത്തും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൊണ്ടുപോകാന്‍ പ്രത്യേകം ആംബുലന്‍സും ക്രമീകരിക്കും. ബെംഗളൂരുവിലെ കല്യാണ ഹാളുകള്‍, ഹോസ്റ്റലുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ കൊവിഡ് സെന്ററുകളാക്കി മാറ്റാനും ബെഡുകളോട് കൂടിയ ട്രെയിന്‍ കോച്ചുകള്‍ ഉപയോഗിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ALSO READ  ബെംഗളൂരുവില്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണില്ല; രോഗബാധിതരുടെ വീട് സീല്‍ ചെയ്യും