Connect with us

Editorial

നിരത്തൊഴിയുന്ന സ്വകാര്യ ബസുകള്‍

Published

|

Last Updated

ഒന്നൊന്നായി നിരത്തൊഴിയുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍. ബസ് ഉടമ സംഘങ്ങളുടെ കണക്കുകള്‍ പ്രകാരം 36,000 സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു 2002ല്‍ സംസ്ഥാനത്ത്. 2014ലെ നാറ്റ്പാക് റിപ്പോര്‍ട്ട് പ്രകാരം ഇത് 24,000 ആയി ചുരുങ്ങി. 2018ല്‍ 19,145 ആയെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ നാലായിരത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിയതായി നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണിനു ശേഷം ബസുകളുടെ എണ്ണം പിന്നെയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കെ എസ് ആര്‍ ടി സി സര്‍വീസ് നടത്താത്ത നിരവധി റൂട്ടുകളില്‍ സാധാരണ യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു സ്വകാര്യ ബസുകള്‍. ലോക്ക്ഡൗണിനു ശേഷം ഒറ്റ ബസുകള്‍ പോലും സര്‍വീസ് നടത്തുന്നില്ല ഇത്തരം ചില റൂട്ടുകളില്‍.

ആകര്‍ഷകമായൊരു വ്യവസായ മേഖലയായിരുന്നു ഏതാനും വര്‍ഷം മുമ്പു വരെ സ്വകാര്യ ബസ് സര്‍വീസ്. അന്ന് ഗള്‍ഫുകാരുടെയും ചെറുകിട മുതലാളിമാരുടെയും മുഖ്യ വ്യവസായ മേഖലകളിലൊന്നും ഇതായിരുന്നു. ഒരു ബസില്‍ നിന്ന് തുടങ്ങി അതില്‍ നിന്നുള്ള വരുമാനത്തിലൂടെ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കിയവരും മറ്റു വ്യവസായങ്ങളിലേക്ക് പടര്‍ന്നു കയറിയവരുമൊക്കെയുണ്ട് സംസ്ഥാനത്ത്. അത്രയും ലാഭകരമായിരുന്നു അടുത്ത കാലം വരെയും ബസ് സര്‍വീസ്. ചെറിയ നിരക്കില്‍ സുരക്ഷിതമായി യാത്ര ചെയ്യാനാകുന്നതിനാല്‍ സാധാരണക്കാരുടെ മുഖ്യ ആശ്രയവും ബസുകളായിരുന്നു. മിക്ക റൂട്ടുകളിലും ആളുകളെ കുത്തിനിറച്ചാണ് അന്നൊക്കെ ബസുകള്‍ ഓടിയിരുന്നത്.

അടിക്കടി വര്‍ധിക്കുന്ന ഡീസല്‍ വില, ദീര്‍ഘദൂര റൂട്ടുകളുടെ ദേശസാത്കരണം, ജി എസ് ടി നടപ്പാക്കിയതോടെ സ്‌പെയര്‍ പാര്‍ട്‌സിന്റെ വിലയിലുണ്ടായ വര്‍ധന, ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയിലെ വര്‍ധന, യാത്രക്കാരുടെ കുറവ്, മെയിന്റനന്‍സ് ചെലവിലും തൊഴിലാളികളുടെ വേതനത്തിലുമുണ്ടായ വര്‍ധന തുടങ്ങി നിരവധി കാരണങ്ങളാല്‍ വന്‍ നഷ്ടത്തിലാണ് നിലവില്‍ ബസ് വ്യവസായമെന്നാണ് ഉടമകളുടെ സംഘടന പറയുന്നത്. ചരിത്രത്തിലിതുവരെയില്ലാത്ത വര്‍ധനവാണ് ഡീസല്‍ വിലയില്‍ ഇപ്പോഴുണ്ടായത്. കഴിഞ്ഞ 19 ദിവസത്തിനകം പത്ത് രൂപയിലധികമാണ് ഡീസല്‍ വില വര്‍ധിച്ചത്. 76 രൂപയോളമാണ് സംസ്ഥാനത്തെ ഡീസല്‍ വില നിരക്ക്. ശരാശരി 70 ലിറ്റര്‍ വേണം ഒരു ദിവസം ബസോടാന്‍. ഇതനുസരിച്ച് ഡീസലിനു മാത്രം 5,300 രൂപയും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കുമായി കൂലിയിനത്തില്‍ 3,000 രൂപയോളവും വേണം. ലോക്ക്ഡൗണിനു മുമ്പ് ശരാശരി 7,000 മുതല്‍ 10,000 വരെ വരുമാനമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇതിന്റെ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നികുതി താത്കാലികമായി ഒഴിവാക്കിയെങ്കിലും ഡീസല്‍ വില കുത്തനെ ഉയര്‍ന്നതോടെ അതിന്റെ ഗുണവും ഇല്ലാതായി. ഇതോടെയാണ് റോഡൊഴിയുന്ന ബസുകളുടെ എണ്ണം വര്‍ധിച്ചത്. ചുരുങ്ങിയത് ദിവസം പതിനായിരം രൂപയെങ്കിലും വരുമാനം ലഭിക്കാതെ ബസ് സര്‍വീസ് നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്ന് ഉടമകള്‍ പറയുന്നു. സ്വയം തൊഴിലെന്ന രീതിയില്‍ കടം വാങ്ങിയും മറ്റും ബസ് നിരത്തിലിറക്കിയവരുമുണ്ട് ഓണേഴ്‌സിന്റെ കൂട്ടത്തില്‍. ഇത്തരക്കാരുടെ കാര്യമാണ് കൂടുതല്‍ കഷ്ടം.
ബസുകള്‍ നിരത്തൊഴിയുന്നത് പതിനായിരക്കണക്കിന് ബസ് തൊഴിലാളികളെയും ബാധിക്കുന്നു. ഇവരില്‍ ഗണ്യഭാഗവും തൊഴിലില്ലാതെ പട്ടിണിയിലാണിപ്പോള്‍. ബസ് വ്യവസായത്തെയും ബസ് തൊഴിലാളികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികള്‍ സമര രംഗത്തിറങ്ങിയിട്ടുണ്ട്. മറ്റു ചിലര്‍ ഈ മേഖലയെക്കുറിച്ചുള്ള പ്രതീക്ഷ കൈവിട്ട് മറ്റു തൊഴിലുകളിലേക്ക് നീങ്ങിത്തുടങ്ങി. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലെ ഏതാനും ബസ് ജീവനക്കാര്‍ ചേര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ബിരിയാണി വില്‍പ്പന ആരംഭിച്ചതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബസ് മേഖലയില്‍ തുടരുന്ന ജീവനക്കാരുടെ വേതനത്തില്‍ ബസ് ഉടമകള്‍ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയിട്ടുമുണ്ട്.

ബസ് ചാര്‍ജ് കുത്തനെ വര്‍ധിപ്പിക്കാനാണ് ഈ മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ നിര്‍ദേശം. രണ്ട് ദിവസം മുമ്പ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 30 ശതമാനവും അതിന് മുകളിലുള്ളവക്ക് 40 ശതമാനവും അതിനും മുകളിലുള്ളവക്ക് 50 ശതമാനവും ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് കമ്മീഷന്‍ ശിപാര്‍ശ. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് പത്താക്കുക, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കി.മീറ്ററില്‍ നിന്ന് 2.5 കി.മീറ്ററായി കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. കൊവിഡ് കാലത്ത് ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് ഈ കാലത്തേക്ക് മാത്രമുള്ള നിര്‍ദേശമാണിത്. അന്തിമ റിപ്പോര്‍ട്ട് വരാനിരിക്കുന്നേയുള്ളൂ.

ബസ് ഉടമകള്‍ നഷ്ടത്തിന്റെ കണക്കുമായി വരുമ്പോഴെല്ലാം പരിഹാരം നിര്‍ദേശിക്കാനായി സര്‍ക്കാര്‍ സ്ഥിരം നിയമിക്കുന്ന രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലെ ഒറ്റമൂലി ചാര്‍ജ് വര്‍ധനയാണ്. എന്നാല്‍ അടിക്കടിയുള്ള ചാര്‍ജ് വര്‍ധന പ്രശ്‌നത്തിനു പരിഹാരമല്ലെന്നും അത് ജനങ്ങളെ ബസ് യാത്രയില്‍ നിന്ന് കൂടുതല്‍ അകറ്റുകയേ ഉള്ളൂവെന്നുമാണ് വിദഗ്ധാഭിപ്രായം. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കേരളത്തിലെ ബസ് യാത്രാ നിരക്ക് ഇപ്പോള്‍ തന്നെ വളരെ കൂടുതലാണ്. ഇനിയും അത് വര്‍ധിപ്പിച്ചാല്‍ നിലവിലുള്ള യാത്രക്കാരില്‍ തന്നെ നല്ലൊരു ശതമാനവും സ്വന്തം വാഹനങ്ങളില്‍ നിരത്തിലിറങ്ങും. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യാന്‍ കൊവിഡ് ജനങ്ങളെ പഠിപ്പിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഏതാനും വര്‍ഷം മുമ്പ് സൂചി കുത്താനിടമില്ലാത്ത വിധം യാത്രക്കാരുണ്ടായിരുന്ന ബസുകളില്‍ ക്രമേണ യാത്രക്കാര്‍ കുറയാന്‍ കാരണം അടിക്കടിയുള്ള ചാര്‍ജ് വര്‍ധനയാണെന്ന വസ്തുത സര്‍ക്കാറും കമ്മീഷനുകളും ബസ് മുതലാളിമാരും ഓര്‍ക്കേണ്ടതുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് ഒരു ടൂവീലര്‍ സംഘടിപ്പിച്ചാല്‍ ബസ് ചാര്‍ജിനേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാനാകും. ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിപ്പിക്കാതെ നികുതിയിളവ്, ഡീസല്‍ ചാര്‍ജില്‍ സബ്‌സിഡി തുടങ്ങി ബസുകളുടെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ അവലംബിച്ചെങ്കില്‍ മാത്രമേ യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുകയും വ്യവസായം ലാഭകരമാകുകയും ചെയ്യുകയുള്ളൂ.

Latest