Connect with us

Articles

നാലാമൂഴത്തില്‍ നീതിക്ക് ജാമ്യം

Published

|

Last Updated

നീതിയുടെ വെട്ടം ഒടുവില്‍ സഫൂറ സര്‍ഗാറിനെത്തേടിയെത്തി. “മലപ്പുറത്തെ ആന”ക്കാര്യത്തിന്റെ പശ്ചാത്തലത്തില്‍ വെളിച്ചം കണ്ടൊതുങ്ങിയേക്കുമെന്ന് കരുതിയതായിരുന്നു ഇത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്നു വന്ന ശക്തമായ പ്രതിഷേധമാണ് ഡല്‍ഹി ഹൈക്കോടതിയില്‍ മാറിച്ചിന്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ന്നുവരേണ്ട വിധം അവകാശ ലംഘനത്തിന്റെ രാക്ഷസ ദംഷ്ട്രകള്‍ പതിഞ്ഞിട്ടുണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ യു എ പി എ ചുമത്തി തിഹാര്‍ ജയിലിലെ ഏകാന്ത തടവില്‍ കഴിഞ്ഞ സഫൂറ സര്‍ഗാര്‍ വിഷയത്തില്‍. ജാമിഅ മില്ലിയ്യയിലെ എം ഫില്‍ വിദ്യാര്‍ഥിയായ ഇരുപത്തേഴുകാരി ആറ് മാസം ഗര്‍ഭിണിയായാണ് തടവറയില്‍ ഇത്രയും കാലം യാമങ്ങളെണ്ണിത്തീര്‍ത്തത്. മൂത്രനാള അണുബാധയടക്കം ഗര്‍ഭകാല ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുന്ന സഫൂറയെ പൗരത്വ സമര രംഗത്ത് ഭരണകൂടം നോട്ടമിട്ടിരുന്നുവെന്ന് വ്യക്തം. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവത്തെ ഒറ്റയൂക്കില്‍ അട്ടിമറിക്കാന്‍ ലക്ഷ്യമാക്കി കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയവരെ വേട്ടയാടുന്നതിന്റെ തുടര്‍ച്ചയിലാണ് സഫൂറ സര്‍ഗാര്‍ തിഹാര്‍ ജയിലിന്റെ ഏകാന്തതയിലെത്തുന്നത്. യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാത്തതും അവ്യക്തവുമായ വിവരങ്ങള്‍ മുന്‍നിര്‍ത്തി സഫൂറ സര്‍ഗാറിന് നേരത്തേ ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതിലാണ് ഇന്നലെ അവര്‍ക്ക് ജാമ്യം ലഭിച്ചത്.

രാഷ്ട്ര താത്പര്യത്തെ ഹനിക്കുന്ന വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടനാദത്ത അവകാശമായ അഭിപ്രായ ആവിഷ്‌കാര സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി സമരം ചെയ്യുക മാത്രമാണ് സഫൂറ സര്‍ഗാര്‍ ചെയ്തത്. അതിന്മേല്‍ അപസര്‍പ്പക കഥകളാല്‍ തിരക്കഥയെഴുതി കേസ് രജിസ്റ്റര്‍ ചെയ്ത് യു എ പി എ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഡല്‍ഹി പോലീസാണെങ്കില്‍ അതേ പോലീസാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങള്‍ ചുട്ടെരിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യവെ പിടിയിലായ ജമ്മു കശ്മീര്‍ മുന്‍ ഡി എസ് പി ദേവീന്ദര്‍ സിംഗിന് ജാമ്യം ലഭിക്കാന്‍ പഴുതുകളൊരുക്കി കൊടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമപരമായി നിശ്ചയിക്കപ്പെട്ട 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് മാത്രമല്ല അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ഡല്‍ഹി പോലീസ് തയ്യാറായില്ല. രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമരം ചെയ്ത സഫൂറയെ ഇരുട്ട് നിറഞ്ഞ തടവറയിലാക്കുകയും തീവ്രവാദികള്‍ക്ക് രാജ്യത്തെ ഒറ്റുകൊടുത്ത ദേശദ്രോഹിക്ക് ഏണി വെച്ച് കൊടുക്കുകയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ചെയ്തത്.

ഭീകരവിരുദ്ധ നിയമമായ യു എ പി എ ചുമത്തുന്നതോടെ സാധാരണ നിലയില്‍ കുറ്റാരോപിതര്‍ക്ക് ലഭ്യമായ അടിസ്ഥാന അവകാശങ്ങളില്‍ പലതിലും ലോക്ക് വീഴും. അത്തരമൊരു നിയമ പരിസരത്ത് നിന്നുകൊണ്ടാണ് കഴിഞ്ഞ ഫെബ്രുവരി 23ന് ജാഫറാബാദില്‍ റോഡ് ഉപരോധത്തിന് സഫൂറ സര്‍ഗാര്‍ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിന്‍ മേല്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി പാട്യാല ഹൗസ് കോടതി ജൂണ്‍ മൂന്നിന് അവര്‍ക്ക് ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള കോടതി ഉത്തരവില്‍ ഒരിടത്തും ഗൂഢാലോചനക്ക് ബലം നല്‍കുന്നതൊന്നും കാണാനാകില്ല. ഗൂഢാലോചനക്ക് തന്നെ തുമ്പ് കണ്ടെത്താന്‍ പോന്ന തെളിവുകളില്ല. എന്നിരിക്കെ സഹ ഗൂഢാലോചകര്‍ക്കെതിരെ ചുമത്താവുന്ന കുറ്റവും സഫൂറ സര്‍ഗാറില്‍ കെട്ടിവെച്ചതിലൂടെ കൃത്യമായ മുന്നൊരുക്കത്തോടെ ഭരണകൂടം നടപ്പാക്കിയ പ്രതികാര നടപടിക്ക് കോടതി ആശീര്‍വാദം നല്‍കുകയായിരുന്നു എന്നുവേണം കരുതാന്‍.

സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിക്കുന്നതിന് ഗൂഢാലോചന നടത്തുന്നത് ഐ പി സിയില്‍ ഒതുങ്ങുന്ന, ജാമ്യം ലഭിക്കുന്ന കുറ്റകൃത്യമാണ്. അതിനെയാണ് യു എ പി എ 2(ഒ) വകുപ്പിന്റെ പരിധിയില്‍ ഇന്ത്യക്കെതിരെ വിപ്രതിപത്തിക്ക് കാരണമാകുന്നതോ അല്ലെങ്കില്‍ വിപ്രതിപത്തി ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതോ ആയ നിയമവിരുദ്ധ പ്രവര്‍ത്തനമായി വളച്ചൊടിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രസ്താവിത വകുപ്പിന്റെ മര്‍മമായ വിപ്രതിപത്തി(Disaffection) എന്തെന്ന് യു എ പി എ നിര്‍വചിച്ചിട്ടില്ല. അവിടെ ആശ്രയിക്കേണ്ടി വരുന്നത് 1962ലെ പ്രസിദ്ധമായ കേദാര്‍നാഥ് സിംഗ് കേസില്‍ ഐ പി സി യിലെ 124( എ) വകുപ്പ് പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിലെ വിപ്രതിപത്തിക്ക് സുപ്രീം കോടതി നല്‍കിയ വിശദീകരണത്തെയാണ്.

ഭരണകൂടത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചത് കൊണ്ട് മാത്രം അത് പരാമര്‍ശിത വിപ്രതിപത്തി ആകില്ല എന്നാണ് വ്യവസ്ഥാപിത നിയമം. മറിച്ച് കലാപം ലക്ഷ്യം വെച്ചുകൊണ്ടുള്ളതോ അല്ലെങ്കില്‍ കലാപത്തിന് പ്രേരിപ്പിക്കുന്നതോ ആയ പ്രവൃത്തിയാകണമെന്ന് കേദാര്‍നാഥ് സിംഗ് കേസില്‍ പരമോന്നത നീതിപീഠം അടിവരയിടുന്നുണ്ട്. സഫൂറ സര്‍ഗാറിന് ജാമ്യം നിഷേധിച്ചു കൊണ്ട് പാട്യാല ഹൗസ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പ്രസ്തുത സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അവര്‍ക്ക് ജാമ്യം അനുവദിക്കാന്‍ കോടതി സന്നദ്ധമായില്ല. സുപ്രീം കോടതി റൂളിംഗ് കണ്ടില്ലെന്ന് നടിക്കാന്‍ നിര്‍വാഹമില്ലാതെ വരുമ്പോള്‍ വിധിയുദ്ധരിച്ച് കടകവിരുദ്ധമായ തീര്‍പ്പിലെത്തുക വഴി ബാഹ്യ ഇടപെടലിന് മുന്നില്‍ ഭരണഘടനാ കര്‍ത്തവ്യം പാടെ മറക്കുകയായിരുന്നു കോടതി.

ഭരണകൂടങ്ങള്‍ ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളുണ്ട്. കുറ്റകൃത്യമായി ആരോപിക്കപ്പെട്ട പ്രവൃത്തി പൊതു ജനത്തെ എങ്ങനെ സ്വാധീനിച്ചു എന്ന പരിശോധന, അത്തരം വ്യവഹാരങ്ങള്‍ കോടതിയുടെ പരിഗണനയിലെത്തുമ്പോള്‍ നടത്തണമെന്നത് അവയില്‍ പ്രധാനപ്പെട്ടതാണ്. സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ കേട്ട പാട്യാല ഹൗസ് കോടതി അവര്‍ക്കെതിരെ ആരോപിക്കപ്പെട്ട റോഡ് ഉപരോധ ഗൂഢാലോചനാ കുറ്റവും വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധന നടത്തിയിരുന്നില്ല. പ്രോസിക്യൂഷനെ മുഖവിലക്കെടുത്താലും സഫൂറ സര്‍ഗാര്‍ ഗൂഢാലോചന നടത്തി നേതൃത്വം നല്‍കി എന്ന് കുറ്റപത്രത്തില്‍ പറയുന്ന റോഡ് ഉപരോധം പെട്ടെന്നുള്ള കലാപത്തിലേക്ക് നയിച്ചു എന്ന് കണ്ടെത്താനാകില്ല. ഇവ രണ്ടും തമ്മില്‍ പ്രഥമദൃഷ്ട്യാ ബന്ധം കോടതിക്ക് കണ്ടെത്താനായില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ പിന്നെ എങ്ങനെയാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവിച്ചു കൊണ്ടിരിക്കുക കൂടി ചെയ്യുന്ന ഗര്‍ഭിണിയായ യുവതിക്ക് ജാമ്യം നിഷേധിക്കപ്പെട്ടത്. അതൊരു വലിയ കളങ്കമായിരുന്നെങ്കില്‍ അത് തിരുത്താന്‍ ഡല്‍ഹി ഹൈക്കോടതിക്ക് സാധിച്ചിരിക്കുന്നു.
ചാര്‍ത്തിയ കേസിന്റെ ബലക്കുറവും വിശ്വാസ്യതയിലെ അവ്യക്തതയും മുഴച്ചുനില്‍ക്കെ നാലാമൂഴത്തിലാണ് സഫൂറക്ക് ജാമ്യം ലഭിച്ചത്. അതിനുള്ള ഉത്തരം തേടി ഭരണഘടനയെന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളിലോ ഭരണഘടനാ പൊരുളുകള്‍ക്കൊണ്ട് പരമോന്നത നീതിപീഠം നടത്തിയ വ്യാഖ്യാനങ്ങളോ അരിച്ചുപെറുക്കിയാലും ഫലമില്ല. പ്രത്യുത സ്വേച്ഛാധിപത്യ ധിക്കാര രാഷ്ട്രീയത്തിന്റെ ഉള്ളടക്കം മാത്രമാണത്. അത് പൂര്‍ണമാകാന്‍ വേണ്ടിയിരുന്നത് ഇന്ത്യ വര്‍ഗീയമായി വിഭജിക്കപ്പെടുകയും ഭൂരിപക്ഷ ഹിതം എന്ന് സംഘ്പരിവാര്‍ പറയുന്ന മതാധിഷ്ഠിത രാജ്യം

സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു. അതിലേക്ക് കാതങ്ങളടുപ്പിക്കാന്‍ കഴിയുമായിരുന്നു പൗരത്വ നിയമ ഭേദഗതിക്ക്. പക്ഷേ, കണക്കു കൂട്ടലുകള്‍ അപ്രസക്തമാക്കും വിധം മതനിരപേക്ഷ ഇന്ത്യ തെരുവില്‍ മുഷ്ടിചുരുട്ടുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ ഏകശിലാത്മക രാഷ്ട്ര നിര്‍മിതിയിലെ വിഘാതങ്ങളെല്ലാം നിഷ്‌കരുണം തട്ടിത്തെറിപ്പിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രതികാര വേട്ട ബോധ്യപ്പെടുത്തുന്നു.
സഫൂറ സര്‍ഗാറെന്ന ഗര്‍ഭിണിയായ യുവതിയുടെ ഇത്രകാലത്തെ തിഹാര്‍ ജയിലിലെ ഏകാന്ത തടവ് ദയാരാഹിത്യത്തിന്റെ കണ്ണീര്‍ ചിത്രമാണ്. എന്നാലും നിര്‍ണായക ഘട്ടത്തില്‍ ന്യായാസനങ്ങള്‍ മുമ്പും ഉയര്‍ത്തെണീറ്റ മാതൃകയില്‍ ഡല്‍ഹി ഹൈക്കോടതി രാജ്യത്തെ ജുഡീഷ്യറിയിലുള്ള പ്രതീക്ഷ കാത്തു. ജാമ്യം, നീണ്ട നിയമ വ്യവഹാരത്തിലെ ഒരു ഘട്ടം മാത്രമാണെങ്കിലും പ്രസ്തുത വിധിയിലൂടെ നമ്മുടെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കിന് ഡല്‍ഹി ഹൈക്കോടതി നല്‍കിയ ഊര്‍ജം ചെറുതല്ല.

അഡ്വ. അഷ്‌റഫ് തെച്യാട്

---- facebook comment plugin here -----

Latest