National
ലഡാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

ന്യൂഡല്‍ഹി| കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി സംഘര്‍ഷം തുടരുന്ന സാഹഹചര്യത്തില്‍ അതിര്‍ത്തിയില്‍ സാങ്കേതിക ഡ്രോണുകളുടെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. ഇസ്‌റാഈല്‍ ഹെറോണ്‍ ഡ്രോണുകളാണ് നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.
അതിര്‍ത്തി നിയന്ത്രണരേഖയിലെ 3,488 കിലോമീറ്ററില്‍ ഇന്ത്യോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസി(ഐടിബിപി) നെ വിന്യസിച്ചതായും സര്‍ക്കാറും സൈനിക വൃത്തങ്ങളും അറിയിച്ചു. ഈ മാസം 20ന് ശേഷം ഇന്ത്യന്‍ മിലിട്ടറി ഓപ്പറഷന്‍ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ പരംജിത് സിംഗ്, ഐ ടി ബി പി ഡയറക്ടര്‍ ജനറല്‍ എസ് എസ് ദേശ്വാള്‍ എന്നിവര്‍ ലേഹ് സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് ഐ ടി ബി പി ബറ്റാലിയനെ സൈന്യത്തിനെ പിന്തുണക്കാനായി അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചത്.
പടിഞ്ഞാറന്‍, മധ്യ, കിഴക്കന്‍ മേഖലകളില്‍ ഉണ്ടാകുന്ന ഏത് തരത്തിലുള്ള ആക്രമണങ്ങളെയും നുഴഞ്ഞുകയറ്റത്തെയും നേരിടാന്‍ ഇന്ത്യ ഉന്നത സൈന്യത്തെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി നിയന്ത്രണരേഖയില്‍ എന്തെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാല്‍ തിരിച്ചടിക്കാന്‍ മോദി ഗവണ്‍മെന്റ് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്.
അതിര്‍ത്തിയില്‍ യുദ്ധമുണ്ടായാല്‍ സൈന്യത്തിന് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് നാഷനല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും സൈന്യവും ഡ്രോണ്‍ നീരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയത്.