Covid19
രാജ്യത്തെ കൊവിഡ് നിരക്ക് മുന്നോട്ട് തന്നെ; 24 മണിക്കൂറിനിടെ 15000ത്തോളം കേസുകള്‍

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ച് വരുന്നു. സാമൂഹിക വ്യാപനം ഇതിനകം നടന്ന മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 60 ശതമാനം കൊവിഡ് കേസുകളും. 440215 പേര്‍ക്കാണ് രാജ്യത്ത് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചത്. 14011 പേര്‍ക്ക് വൈറസ് മൂലം ജീവനും നഷ്ടപ്പെട്ടു. 248190 പേര്‍ ഇതിനകം രോഗമുക്തി നേടി. 178014 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
135796 കൊവിഡ് കേസും 6283 മരണവും മഹാരാഷ്ട്രയിലുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3721 കേസും 113 മരണവും സംസ്ഥാനത്തുണ്ടായി. ഡല്‍ഹിയില്‍ ഇന്നലെ 2909 കേസും 58 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 62665ഉം മരണം 2233ലുമെത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുന്ന രാജ്യ തലസ്ഥാനത്ത് വേണ്ടത്ര ചികിത്സ ലഭിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.
2710 കേസും 37 മരണവുമാണ് ഇന്നലെ തമിഴ്‌നാട്ടിലുണ്ടായത്. ചെന്നൈ അടക്കമുള്ള പല ജില്ലകളും പൂര്‍ണ ലോക്ക്ഡൗണിലാണുള്ളത്. പുതുതായി മധുരയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ്. സംസ്ഥാനത്ത് 62087 കേസും 794 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 27825 കേസും 1684 മരണവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഗുജറാത്തിലെ മരണ വ്യാപനത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 37 മരണമാണ് സംസ്ഥാനത്തുണ്ടായത്.