National
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവ്; മഹാരാഷ്ട്ര മന്ത്രിക്ക് രോഗമുക്തി

ചെന്നൈ/ മുംബൈ | തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ആരോഗ്യവകുപ്പ് മന്ത്രി സി വിജയ്ഭാസ്‌കറാണ് ഇക്കാര്യം പറഞ്ഞതെന്ന് വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 59,377 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് തമിഴ്‌നാട്. ഇതുവരെ 757 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
അതേ സമയം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മഹാരാഷ്ട്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനജ്ഞയ മുണ്ടെ തിങ്കളാഴ്ച ആശുപത്രി വിട്ടു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം രോഗമുക്തി നേടിയതിനെത്തുടര്‍ന്നാണ് ആശുപത്രി വിട്ടത്. ജൂണ്‍ 12 നാണ് ഇദ്ദേഹത്ത് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുണ്ടെക്ക് പുറമെ ഇദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിറ്റന്റ്, രണ്ട് ഡ്രൈവര്‍മാര്‍, ഒരു അംഗരക്ഷകന്‍ എന്നിവരും രണ്ടാമത്തെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രി വിട്ടത്.